ബിജു മേനോന് – സംയുക്ത വര്‍മ്മ താര ദമ്പതികള്‍ ഒന്നിച്ചെത്തിയ സിനിമകള്‍ കലാമൂല്യത്തിന്റെ കാര്യത്തില്‍ കൈയ്യടി നേടിയ സിനിമയായിരുന്നുവെങ്കിലും സാമ്പത്തികപരമായി മികച്ച വിധി ആയിരുന്നില്ല അവയുടെത്. ‘മഴ’, ‘മധുരനൊമ്പരക്കാറ്റ്’, ‘മേഘ മല്‍ഹാര്‍’ തുടങ്ങിയ സിനിമകളിലാണ് ഇവര്‍ ഒന്നിച്ചെത്തിയത്.
രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ‘മഴ’യായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത സിനിമ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും സാമ്പത്തികമായി വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും മലയാളത്തില്‍ വേറിട്ട ആസ്വാദനം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ‘മഴ’ ബിജു മേനോന് – സംയുക്ത ജോഡികള്‍ ഒന്നിച്ച മികച്ച ക്ലാസിക് സിനിമയാണ്.
അതേ വര്‍ഷം തന്നെ രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന സിനിമയിലും ഇവര്‍ തന്നെയാണ് നായിക-നായകന്മാരായി അഭിനയിച്ചത്. മൊത്തത്തില്‍ ഒരു സെന്റി അറ്റ്മോസ്ഫിയര്‍ പ്രകടമായ സിനിമയോട് പ്രേക്ഷകര്‍ വിയോജിപ്പ് രേഖപ്പെടുത്തുകയായിരുന്നു. പിന്നീട് മിനി സ്ക്രീനില്‍ കൂടുതല്‍ ചര്‍ച്ചയായ സിനിമ എന്ത് കൊണ്ട് പരാജയപ്പെട്ടു എന്ന് പ്രേക്ഷകര്‍ ആശ്ചര്യപ്പെടുകയും ചെയ്തു. സംയുക്ത വര്‍മ്മയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം സിനിമാ നിരുപകര്ക്കിടയില് അര്‍ഹമായ സ്ഥാനം നേടിയെടുത്തു.
കമലിന്റെ സംവിധാനത്തില്‍ തന്നെയാണ് ബിജു മേനോന് – സംയുക്ത ടീമിന്റെ മൂന്നാം ചിത്രവും പുറത്തിറങ്ങിയത്. ഇവര്‍ അവസാനമായി ഒന്നിച്ച് അഭിനയിച്ച ‘മേഘമല്‍ഹാര്‍’ എന്ന സിനിമയും ബോക്സ് ഓഫീസില്‍ വിജയം കണ്ടില്ല. മികച്ച നൊസ്റ്റാള്‍ജിക് അനുഭവമുള്ള സിനിമയായി പ്രേക്ഷകര്‍ ഇന്നും ‘മേഘമല്‍ഹാര്‍’ എന്ന ചിത്രത്തെ താലോലിക്കുമ്പോള്‍ ആ സിനിമയുടെ സാമ്പത്തിക പരാജയവും അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ നോക്കി കാണുന്നത്.
Post Your Comments