കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ സ്വാസിക തമിഴ് ചിത്രത്തിൽ നായികയായാണ് അരങ്ങേറിയത്. എന്നാൽ സീത എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി സ്വാസിക മാറി. അഭിനയത്തിൽ നേരിട്ട പ്രതിസന്ധികൾ രണ്ടു വര്‍ഷം മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പങ്കുവച്ചിരുന്നു. അവസരങ്ങൾ കിട്ടാതെ ആത്മഹത്യയെക്കുറിച്ചു ചിന്തിച്ച കാലത്തെക്കുറിച്ചു സ്വാസികയുടെ വാക്കുകൾ ഇങ്ങനെ…
”തമിഴിലാണല്ലോ തുടക്കം. അതും നായികയായി. അപ്പോൾ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നു കരുതി. പക്ഷേ വിചാരിച്ചതു പോലെ ഒന്നും നടന്നില്ല. അതിനിടെ മലയാളത്തില്‍ വലിയ ചില അവസരങ്ങൾ ലഭിച്ചു. പ്രഭുവിന്റെ മക്കൾ, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായി. എന്നാൽ അതിനു ശേഷം ഇവിടെയും നല്ല അവസരങ്ങൾ തേടി വന്നില്ല. തുടർന്നുള്ള മൂന്നു വർഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാൻ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തിൽ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നൽ വരിഞ്ഞു മുറുക്കി
എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്കെത്തിയത്. എന്നാൽ അതിൽ ഒന്നും ആകാൻ പറ്റുന്നില്ല. അതോടെ ജീവിക്കാൻ തന്നെ താത്പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നൽ പിടിമുറുക്കി. പെട്ടെന്നു മരിക്കാൻ എന്താണു മാർഗം എന്നൊക്കെ ആലോചിച്ചു. നാളെ ഒരു വണ്ടി വന്നു തട്ടിയിരുന്നെങ്കിൽ എന്നൊക്കെയായി തോന്നൽ. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കിൽ. ചിലർ ജോലിക്കു പോകുന്നു. ഞാൻ മാത്രം ‘സിനിമ… സിനിമ’ എന്നു പറഞ്ഞു സമയം കളയുന്നു. രാവിലെ എഴുന്നേൽക്കുക വീട്ടിൽ വെറുതെയിരിക്കുക എന്നതായിരുന്നു ദിനചര്യ.” സ്വാസിക പറഞ്ഞു
Post Your Comments