CinemaLatest NewsNEWS

പുരുഷകേന്ദ്രികൃത സമൂഹങ്ങളില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നു, ഭാവശുദ്ധി, ശാലീനത, ചാരിത്ര്യം തുടങ്ങിയ മധുരപദങ്ങള്‍ പെണ്ണിനെ തളച്ചു കെട്ടാനുള്ള പൊട്ടാച്ചരടുകളായിട്ടാണ് പുരുഷൻമാർ ഇന്നും ഉപയോ​ഗിക്കുന്നത്; ഫെമിനിസത്തെക്കുറിച്ച് നീണ്ട കുറിപ്പുമായി രഹന ഫാത്തിമ

സങ്കടം എന്ന സ്വാഭാവിക വികാരം പോലും പുറത്തു കാട്ടാന്‍ സമ്മതിക്കാത്ത സങ്കുചിതമായ ചട്ടക്കൂട്ടിനകത്താണ് അവരും

സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ് ആക്ടിവിസ്റ്റ് കൂടിയായ രഹന ഫാത്തിമ, ഫെമിനിസ്റ്റായ രഹന ഫാത്തിമ ശബരിമല വിഷയത്തിലടക്കം വിവാദമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ ഏറെ വിമർശനം കേട്ടിരുന്നു.

എന്നാലിപ്പോൾ ഫെമിനിസ്റ്റ് എന്നാലെന്തെന്ന് കുറിപ്പുമായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് രഹന ഫാത്തിമ. , ലിംഗ ചൂഷണത്തിന്റെ, പെണ്‍പാര്‍ശ്വവല്കരണത്തിന്റെ, നീതി നിഷേധത്തിന്റെ, സ്വത്വനിഗ്രഹത്തിന്റെ ആഭരണങ്ങള്‍ അണിയിച്ച് ആണ് പെണ്ണിനെ അനങ്ങാന്‍ വയ്യാതാക്കി. അവന്‍ അവളെ സതി എന്ന് വിളിച്ചു; സാവിത്രി എന്ന് വര്‍ണിച്ചു; സര്‍വംസഹയെന്നും സുഹാസിനിയെന്നും വാഴ്ത്തി, സുമധുരഭാഷിണിയെന്നു സുഖിപ്പിച്ചു. ഓരോ വിളിയും, ഓരോ നാമവിശേഷണവും ഒരു തന്ത്രമായിരുന്നു…

ഭാവശുദ്ധി, ശാലീനത, ചാരിത്ര്യം തുടങ്ങിയ മധുരപദങ്ങള്‍ പെണ്ണിനെ തളച്ചു കെട്ടാനുള്ള പൊട്ടാച്ചരടുകളായി… ഒരുപാട് സ്തുതിവാക്കുകള്‍ പുരുഷാധിപത്യം അത്യന്തകുശലമായി പ്രയോഗിച്ചു… കണ്ണെഴുതി പൊട്ടും തൊട്ടു പാവം പെണ്ണ് ഹേമപഞ്ജരങ്ങളിലമര്‍ന്നു.’ ഈ കൂട്ടില്‍ നമ്മള്‍ ഒന്നുമറിയാതെ സുഖിച്ചു മയങ്ങുമ്പോള്‍, നമ്മള്‍ ഉണര്‍ന്നൊന്നു പാടണ്ടേ?ആ പാടുന്ന പെണ്ണിന് പെണ്ണിന്റെ രാഷ്ട്രീയം വേണ്ടേ എന്നാണ് രഹന ഫാത്തിമ എഴുതിയിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം…..

എന്താണ് #ഫെമിനിസം?
ചുരുക്കി പറഞ്ഞാല്‍ അതിന്റെ ഉത്തരം വളരെ ലളിതമാണ്- പെണ്ണിനും ആണിനും സമൂഹത്തില്‍ തുല്യ സ്ഥാനം ആയിരിക്കണം എന്നും അവകാശങ്ങളും ഉത്തരവാദിത്തവും ഒരു പോലെ പങ്കു വെക്കണമെന്നും, അതോടൊപ്പം രണ്ടു കൂട്ടര്‍ക്കും ലിംഗനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്ന ഒരു ചിന്താഗതി. അങ്ങനെ വരുമ്പോള്‍ പിന്നെ നമുക്ക് കൂടുതല്‍ ഒന്നും പറയേണ്ട ആവശ്യമില്ലാത്തത് പോലെ തോന്നുന്നു. പക്ഷെ ഒറ്റ വരിയില്‍ ഉത്തരം എഴുതുമ്പോള്‍ മറ്റനേകം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ പോകും.
എന്തിനാണ് #ഫെമിനിസം?

അങ്ങനെ ആണെങ്കില്‍ ശരി, നമുക്ക് അടുത്ത ചോദ്യത്തിലോട്ടു കടക്കാം. എന്തിനാണ് ഫെമിനിസം? സമൂഹത്തിന്റെ ഒരു വലിയ സംശയമാണതു. പുരുഷകേന്ദ്രിത സമൂഹങ്ങളില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടുന്നു എന്നത് ഒരു പുതിയ വാര്‍ത്തയല്ല. എന്നാലും ഇത്ര ‘ഭീകര’മായ ഒരു നിലപാട് എന്തിനു എന്നുള്ള ഒരു ചോദ്യമുണ്ട്. കാര്യമൊക്കെ ശരി തന്നെ, പക്ഷെ അതൊക്കെ നാട് നന്നാവുമ്പോള്‍ കൂടെ നന്നാവും എന്നുള്ള ഒരു ചിന്ത. അവര്‍ക്ക് മറുപടി എന്നെക്കാള്‍ നന്നായി പ്രൊഫ വി സുകുമാരന്‍ അദ്ദേഹത്തിന്റെ ‘സ്ത്രീ; എഴുത്തും വിമോചനവും’ എന്ന പുസ്തകത്തില്‍ ആദ്യത്തെ പേജില്‍ തന്നെ തന്നിട്ടുണ്ട്. അതിങ്ങനെ-
‘അടിച്ചമര്‍ത്തലിന്റെ, ലിംഗ ചൂഷണത്തിന്റെ, പെണ്‍പാര്‍ശ്വവല്കരണത്തിന്റെ, നീതി നിഷേധത്തിന്റെ, സ്വത്വനിഗ്രഹത്തിന്റെ ആഭരണങ്ങള്‍ അണിയിച്ച് ആണ് പെണ്ണിനെ അനങ്ങാന്‍ വയ്യാതാക്കി. അവന്‍ അവളെ സതി എന്ന് വിളിച്ചു; സാവിത്രി എന്ന് വര്‍ണിച്ചു; സര്‍വംസഹയെന്നും സുഹാസിനിയെന്നും വാഴ്ത്തി, സുമധുരഭാഷിണിയെന്നു സുഖിപ്പിച്ചു. ഓരോ വിളിയും, ഓരോ നാമവിശേഷണവും ഒരു തന്ത്രമായിരുന്നു… ഭാവശുദ്ധി, ശാലീനത, ചാരിത്ര്യം തുടങ്ങിയ മധുരപദങ്ങള്‍ പെണ്ണിനെ തളച്ചു കെട്ടാനുള്ള പൊട്ടാച്ചരടുകളായി… ഒരുപാട് സ്തുതിവാക്കുകള്‍ പുരുഷാധിപത്യം അത്യന്തകുശലമായി പ്രയോഗിച്ചു… കണ്ണെഴുതി പൊട്ടും തൊട്ടു പാവം പെണ്ണ് ഹേമപഞ്ജരങ്ങളിലമര്‍ന്നു.’

ഈ കൂട്ടില്‍ നമ്മള്‍ ഒന്നുമറിയാതെ സുഖിച്ചു മയങ്ങുമ്പോള്‍, നമ്മള്‍ ഉണര്‍ന്നൊന്നു പാടണ്ടേ?ആ പാടുന്ന പെണ്ണിന് പെണ്ണിന്റെ രാഷ്ട്രീയം വേണ്ടേ? തത്വചിന്ത വേണ്ടേ? അതാണ്‌ ഫെമിനിസം. ഒരു പുരുഷകേന്ദ്രിത സമൂഹത്തില്‍ പെണ്ണ് സ്വന്തം ശബ്ദം കേള്‍പ്പിച്ചാല്‍ മാത്രമേ ആണുങ്ങള്‍ അവളുടെ സ്വരം ഏറ്റു പിടിക്കുകയുള്ളു.
#ഫെമിനിസത്തിന്റെ ഉത്ഭവം എവിടെ?

എങ്കില്‍ പിന്നെ നമുക്ക് മൂന്നാമത്തെ ചോദ്യത്തിലോട്ടു കടക്കാം – ഫെമിനിസം എവിടുന്നു തുടങ്ങി, എവിടുന്നു ആരംഭിക്കുന്നു? ചോദ്യത്തിന്റെ ആദ്യഭാഗത്തിന്റെ ഉത്തരം പലപ്പോഴും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തില്‍ ശക്തിയാര്‍ജിച്ച Women’s Suffrage എന്ന പ്രസ്ഥാനം എന്നാണ് ഒരു പൊതു ധാരണ. എന്നാല്‍ അതിനു മുമ്പ് തന്നെ ഫെമിനിസം ഉണ്ടായിട്ടുണ്ട്. സംഘടിതമായി അല്ലെങ്കില്‍ പോലും, അപ്പോഴത്തെയും അതിനു മുമ്പിലത്തെയും പെണ്ണെഴുത്തില്‍ ചങ്ങലകള്‍ പൊട്ടിച്ചു മാറ്റി രക്ഷപ്പെടാനുള്ള ഒരു ത്വര കാണുന്നു. പ്രഭ്വിയും കവയിത്രിയുമായിരുന്ന ആന്‍ ഫിന്‍ച് എന്ന പതിനേഴാം നൂറ്റാണ്ടിലെ ഒരു സ്ത്രീയുടെ ചില വരികള്‍ ഇങ്ങനെ-
My hand delights to trace unusual things,
And deviates from the known and common way,
Nor will in fading silks compose
Faintly the inimitable rose.
ഇവിടെ അവര്‍ വളരെ ശക്തമായി തന്നെ തന്റെ സ്വത്വത്തെ അംഗീകരിക്കുന്നു, അതിനെ ന്യായീകരിക്കുന്നു. ബാക്കി പ്രഭ്വികളെ പോലെ പട്ടില്‍ പൂവിന്റെ നൂല്‍ പണി ചെയ്തുകൊണ്ടിരിക്കാന്‍ തനിക്ക് പറ്റില്ല എന്നവര്‍ എഴുതുന്നു. അപ്പോള്‍ സ്വാതന്ത്ര്യം എന്നത് ആണിന്റെ മാത്രം അവകാശമല്ല എന്ന് പണ്ടത്തെ സ്ത്രീകള്‍ മനസ്സിലാക്കിയിരുന്നു. പക്ഷെ, ആന്‍ ഫിന്‍ച് ഒടുക്കം നാട്ടുകാരുടെ അവഹേളനം സഹിക്കവയ്യാതെ അവസാന ദിനങ്ങള്‍ ഒരു ഗ്രാമത്തില്‍ കഴിച്ചു കൂടുകയാണ് ചെയ്തത്. അപ്പോഴും ഇപ്പോഴും ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ സമൂഹം അടിച്ചമര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ. രണ്ടാമത്ത പകുതിയുടെ ഉത്തരം വളരെ എളുപ്പമാണ്- വീട്ടില്‍ നിന്ന്. ഒരു പെണ്‍കുട്ടി ‘ഞാന്‍’ എന്ന് ആദ്യം പറയുമ്പോള്‍ അവിടെ പിറക്കുന്നു അവളുടെ ഫെമിനിസം. പിന്നെ ‘ഞാന്‍’ എന്നതിനെ എങ്ങനെ ഇല്ലായ്മ ചെയ്യാം എന്ന് മാതാപിതാക്കളും സമൂഹവും കൂടി അങ്ങു തീരുമാനിച്ചു നടപ്പിലാക്കും. ചിലര്‍ സ്വത്വത്തിന്റെ അകാലമരണത്തില്‍ നിന്നും എങ്ങനെയൊക്കെയോ ഭാഗ്യം കൊണ്ട് രക്ഷപ്പെടും. അതവരുടെ കുടുംബത്തിന്റെയും ചുറ്റുപാടിന്റെയും പിന്തുണ കൊണ്ടും കൂടിയാണ്.
#ഫെമിനിസം ആരുടേത്?

ഈ ഉത്തരത്തില്‍ നിന്നാണ് നമ്മള്‍ നാലാമത്തെ ചോദ്യത്തില്‍ എത്തിനില്‍ക്കുന്നത്. ഫെമിനിസം ആരുടേതൊക്കെ ആണ്? കഷ്ടപ്പെട്ട് പാടങ്ങളിലും ദൂരയാത്ര ചെയ്തു ക്ഷീണിച്ചും പണിയെടുക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടു മതി ഫെമിനിസം എന്ന് പറയുന്ന ഒരു കൂട്ടരുണ്ട്. ഫെമിനിസം എന്നത് ലിപ്സ്റ്റിക്കും ഇട്ടു, മുടിയും വിടര്‍ത്തിയിട്ട് നടക്കുന്നവരുടെയോ അല്ലെങ്കില്‍ മുടി ചീകാതെ, ‘ആണുങ്ങളുടെ’ വസ്ത്രവും ധരിച്ചു നടക്കുന്ന പെണ്ണുങ്ങളുടെയോ മാത്രം ആണ് എന്നാണു പൊതുധാരണ. അങ്ങനെയല്ല. ഓരോ സ്ത്രീക്കും അവരുടെ ഫെമിനിസം ഉണ്ട്‌. കുറച്ചു കാലം മുമ്പെഴുതിയ എന്റെ തന്നെ വരികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍, ‘ഫെമിനിസം നമ്മുടെ സമൂഹത്തില്‍ എങ്ങനെ പ്രകടമാകുന്നു എന്ന് മനസ്സിലാവണമെങ്കില്‍ കിംബര്‍ലി ക്രെന്ഷോ കൊണ്ട് വന്ന ‘intersectionality’ എന്ന പദം ഒന്ന് ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. ചുരുക്കിപ്പറയാം. ഒരു സമൂഹത്തില്‍ ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ ചേര്‍ന്ന് സ്ത്രീയെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്ന് പഠിക്കുന്ന ഒരു ആശയം.

അതായത് ബസ്സില്‍ യാത്ര ചെയ്യുന്ന, ജോലി ഉള്ള മിഡില്‍ ക്ലാസ്‌ സ്ത്രീകളില്‍ തന്നെ അവരുടെ വിദ്യാഭ്യാസം, ജാതി, മതം, എന്നിവയെല്ലാം അവര്‍ എങ്ങനെ അടിച്ചമര്‍ത്തപ്പെടുന്നു എന്ന് തീരുമാനിക്കുന്നു. ഇവ ഒരു പരസ്‌പരാവലംബമായ രീതിയില്‍ പ്രവര്‍ത്തിച്ചു ഒരു ജെസ്റ്റാള്‍റ്റ്‌ ഫലം ഉണ്ടാക്കുന്നു, അതായത് ഇവിടെ രണ്ടും രണ്ടും നാലാവാതെ തികച്ചും വ്യത്യസ്തമായ ഒരു പരിണാമത്തില്‍ എത്തിക്കുന്നു. ഇത് കൊണ്ട് തന്നെ ഒരു നായര്‍ സ്ത്രീയുടെ സങ്കടങ്ങള്‍ അല്ല ഒരു ദളിത്‌ സ്ത്രീയുടേത്. ഈ രണ്ടു കൂട്ടര്‍ക്കും പരസ്പരം സംസാരിക്കാന്‍ ഒന്നുമില്ലായിരിക്കും. ഇവരേക്കളും വളരെ വ്യത്യസ്തം ആയിരിക്കും ഒരു ആദിവാസി സ്ത്രീയുടെ ആവശ്യങ്ങള്‍. ഇതെല്ലാം ഓരോ സെക്ഷനാളിറ്റി ആണ്. ഓരോന്നിനും അതിന്റേതായ ഫെമിനിസ്റ്റ്‌ പ്രത്യയശാസ്ത്രങ്ങള്‍ ഉണ്ട്. എക്കോ-ഫെമിനിസം എന്നു കേട്ടിട്ടില്ല എങ്കിലും നമ്മള്‍ വന്ദന ശിവ എന്ന് കേട്ട് കാണും. സ്ത്രീകളെ, പ്രത്യേകിച്ച് ആദിവാസി-കൃഷി സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകളെ സസ്റ്റെയിനബിള്‍ ഡവലപ്മെന്റിനു വേണ്ടി എങ്ങനെ ശാക്തീകരിക്കാം എന്ന് നമ്മളെ പഠിപ്പിച്ചത് ശിവ ആണ്. അത് പോലെ തന്നെ ഉര്‍വശി ബൂട്ടാലിയയുടെയും, അരുന്ധതി റോയിയുടെയും, ബ്രിന്ദ കാരാട്ടിന്റെയുമൊക്കെ ഫെമിനിസങ്ങള്‍ ഓരോന്നും വ്യതസ്തമാണ്.’ അത് കൊണ്ടു തന്നെ പാടത്ത് പണിയെടുക്കുന്ന സ്ത്രീകള്‍ക്കു അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാനായി ഒരു ഫെമിനിസം ഉണ്ട്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം പങ്കാളിയെ കണ്ടെത്താനുള്ള അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്നതിലും ഒരു ഫെമിനിസം ഉണ്ട്.

#ഫെമിനിസം പ്രകടമാവുന്നതെങ്ങനെ?
അപ്പോള്‍ നമ്മള്‍ അടുത്ത ചോദ്യത്തില്‍ എത്തിച്ചേരുന്നു. ഈ ഓരോ ഫെമിനിസവും എങ്ങനെയാണ് സമൂഹത്തില്‍ പ്രത്യക്ഷമാവുന്നത്; എങ്ങനെയാണ് അവ പ്രയോഗത്തില്‍ വരുന്നത്? ഫെമിനിസ്റ്റുകള്‍ സമൂഹത്തിന്റെ അടിസ്ഥാനഘടനയുടെ എല്ലാ മേഖലകളിലും ഉണ്ട്എന്നത് മനസ്സിലാക്കി കഴിഞ്ഞാല്‍ ബാക്കി കാര്യം എളുപ്പമായി. ഒരു ഫെമിനിസ്റ്റ്‌ ഒരു ഐ എ എസ്‌ ഓഫീസര്‍ ആവാം, രാഷ്ട്രീയത്തില്‍ ഉള്ള ആളാവാം, ഗവേഷക(ന്‍) ആവാം, അല്ലെങ്കില്‍ ഒരു ആക്ടിവിസ്റ്റ്‌ ആവാം, അദ്ധ്യാപകരും ആവാം. ഇവരെല്ലാവരും ഓരോ രീതിയില്‍ ഫെമിനിസം കൊണ്ട് വരുന്നു. വിമന്‍ എമ്പവര്‍മെന്റ് നയങ്ങളിലൂടെ അടിച്ചമര്‍ത്തപ്പെട്ട സമുദായങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടാത്ത വിഭാഗങ്ങളെ ശാക്തികരിക്കുക ആവും ഒരു ആക്ടിവിസ്റ്റ്‌ അല്ലെങ്കില്‍ NGOകള്‍ ചെയ്യുന്നത്. ഒരു അദ്ധ്യാപിക/അദ്ധ്യാപകന്‍ പെണ്‍കുട്ടികളെ ചിന്തിക്കാനും, സ്വയം തീരുമാനം എടുക്കാനും പ്രേരിപ്പിക്കുമ്പോള്‍, അതിലും ഉണ്ട് ഫെമിനിസം.
#ഫെമിനിസത്തിനു ദേശഭേദങ്ങളില്ലേ?
അങ്ങനെയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഉയരും. അപ്പോള്‍ നമ്മുടെ ഇന്ത്യയിലെ ഫെമിനിസം വികസിത രാഷ്ട്രങ്ങളുടെയോ അല്ലെങ്കില്‍ മൂന്നാം ലോക രാഷ്ട്രങ്ങള്‍ക്കോ ആവശ്യമുള്ള ഫെമിനിസത്തില്‍ നിന്നും വ്യത്യസ്തമായിരിക്കില്ലേ? തീര്‍ച്ചയായും. ഒരു ദേശത്തെയും, പ്രദേശത്തെയും ഫെമിനിസം വെവ്വേറെ ആയിരിക്കും. ഒരു മരുഭൂമിയില്‍ വെള്ളത്തിനു വേണ്ടി അലയുന്ന സ്ത്രീകള്‍ക്ക് ആവശ്യമുള്ള ഫെമിനിസം ആയിരിക്കില്ല മിനി സ്കര്‍ട്ട് ഇട്ടാല്‍ ആണുങ്ങള്‍ക്ക് ആ പെണ്ണിനെ റേപ്പ്‌ ചെയ്യാന്‍ തോന്നും എന്ന് പറയുന്ന ഒരു സാഹചര്യത്തിലെ ഫെമിനിസം. Slut Walk-ഉം ഡല്‍ഹിയില്‍ കുറച്ചു കാലം മുമ്പ് സഹികെട്ടു ‘eve teasing’ന് എതിരെ കോളേജ്‌ വിദ്യാര്‍ത്ഥിനികള്‍ നടത്തിയ പ്രതിഷേധപ്രകടനവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്, രണ്ടിലും ഫെമിനിസത്തിന്റെ രണ്ടു ഭാവങ്ങള്‍ ഉണ്ടെങ്കില്‍ പോലും.

ആരാണ് #ഫെമിനിസ്റ്റ്?
ഇപ്പോള്‍ നമുക്ക് ഫെമിനിസം എന്താണ് എന്നൊരു ചെറിയ രൂപം കിട്ടി. പക്ഷെ ഒരു ഫെമിനിസ്റ്റ്‌ ആരാണ് എന്ന സംശയം ബാക്കി കിടക്കുന്നു. ഫെമിനിസ്റ്റ്‌ എന്ന് പറയുന്നത് സ്ത്രീകള്‍ മാത്രമാണോ? ആണുങ്ങള്‍ ഫെമിനിസ്റ്റ്‌ ആവില്ലേ? ലിംഗ നീതിയില്‍ അവര്‍ക്കും പങ്കില്ലേ? ഉണ്ട്. ഒരുപാടുണ്ട്. ഈ ചങ്ങലകളില്‍ കുരുങ്ങി കിടക്കുന്നത് സ്ത്രീ മാത്രമല്ല. സങ്കടം എന്ന സ്വാഭാവിക വികാരം പോലും പുറത്തു കാട്ടാന്‍ സമ്മതിക്കാത്ത സങ്കുചിതമായ ചട്ടക്കൂട്ടിനകത്താണ് അവരും. അതില്‍ നിന്ന് രക്ഷപ്പെട്ടു സ്ത്രീകളുടെ വ്യക്തിത്വത്തെ അംഗീകരിക്കുന്ന ആണ്‍ ഫെമിനിസ്റ്റുകള്‍ ഇപ്പോള്‍ ധാരാളം ഉണ്ട്. മാറ്റം ഒരുമിച്ച് ഉണ്ടാക്കേണ്ട ഒന്നാണ് എന്ന് മനസ്സിലാക്കുന്നവര്‍. ഫെമിനിസവും വിമന്‍ എമ്പവര്‍മെന്റും ഒക്കെ സ്ത്രീകളെ മാത്രമല്ല ശാക്തീകരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം അവര്‍ ഉള്‍കൊള്ളുന്നു. അത് കൊണ്ട് ആണുങ്ങളെ ഒഴിവാക്കിയുള്ള ഫെമിനിസം ഒരിക്കലും ഫെമിനിസം ആവുന്നില്ല. അപ്പോള്‍ നമ്മള്‍ ഇനി കൂടുതല്‍ ഫെമിനിസത്തെ പറ്റി അറിയുമ്പോള്‍, അവിടെ ആണ്‍ ശാക്തീകരണവും അവബോധവും എങ്ങനെ ഉണ്ടാകുന്നു എന്ന് കൂടി അറിയണം.
തല്‍കാലം ഇവിടെ പറഞ്ഞു അവസാനിപ്പിക്കുമ്പോള്‍ ഒരു ക്വോട്ട് ഓര്‍മ്മ വരുന്നു. സിമോണ്‍ ടെ ബോവേയുടെ വാക്കുകള്‍,

‘ആരും ‘സ്ത്രീ’ ആയി ജനിക്കുന്നില്ല. മറിച്ച്, സ്ത്രീ ആവുകയാണ് ചെയ്യുന്നത്’.
എങ്ങനെയാണ് അത് സംഭവിക്കുന്നതെന്ന് നമ്മള്‍ ശരിക്കും ആലോചിക്കേണ്ടിയിരിക്കുന്നു..

shortlink

Related Articles

Post Your Comments


Back to top button