താന്‍ ആദ്യമായി സംവിധാനം ചെയ്ത ‘ഒരു മറവത്തൂര്‍ കനവ്’ എന്ന സിനിമയുടെ റിലീസ് ദിനത്തിലെ അനുഭവം പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. സിനിമ ഫ്ലാഷ് ബാക്കിലേക്ക് പോകുന്നതിനു മുന്‍പേ ആരാധകര്‍ നിരാശരായിരുന്നുവെന്നും അതിന്റെ കാരണം മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ലുക്ക് പോസ്റ്ററില്‍ കണ്ടതാണെന്നും ലാല്‍ ജോസ് തന്‍റെ ആദ്യ സിനിമയുടെ അനുഭവം പങ്കുവച്ചു കൊണ്ട് വ്യക്തമാക്കുന്നു.
‘സിനിമ റിലീസ് ചെയ്ത ദിവസം വല്ലാത്ത ടെന്‍ഷനായിരുന്നു. അത് കൊണ്ട് തന്നെ സുഹൃത്തുമായി വെട്ടുകാട് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. പക്ഷേ തിയേറ്ററിന്റെ മുന്നില്‍ കൂടിയാണ് പള്ളിയിലേക്ക് പോകേണ്ടത്, തിയേറ്ററില്‍ ‘ഹൗസ്ഫുള്‍’ എന്ന ബോര്‍ഡ് കണ്ടതോടെ ഒരു ആത്മവിശ്വാസമായി, അത് കൊണ്ട് ആദ്യപകുതി വരെ സിനിമ കാണാമെന്നു തീരുമാനിച്ചു. തിയേറ്ററിലെ ബാല്‍ക്കണിയില്‍ നിന്നാണ് സിനിമ കണ്ടത്. പക്ഷേ സിനിമയുടെ തുടക്കം മമ്മൂട്ടിയെ കാണിച്ചതും ഫാന്‍സുകാര്‍ ആകെ തകര്‍ന്നു. കാരണം പോസ്റ്ററില്‍ കണ്ട വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയല്ല അവര്‍ സ്ക്രീനില്‍ കണ്ടത്. ആ സമയം ഫാന്‍സുകാരുടെ കൈയ്യില്‍ എന്നെ കിട്ടിയിരുന്നേല്‍ സംഗതി ആകെ കുഴഞ്ഞേനെ. പിന്നീടു സിനിമ അതിന്റെ ഫ്ലാഷ് ബാക്ക് സീനിലേക്ക് പോകുകയും, മുടിയൊക്കെ പറ്റയടിച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കണ്ടതും പ്രേക്ഷകര്‍ ഒന്നടങ്കം തിയേറ്ററില്‍ കൈയ്യടി മുഴക്കി. ഒരു സംവിധായകനെന്ന നിലയില്‍ വല്ലാത്ത ആവേശം തന്ന നിമിഷമായിരുന്നു അത്’. ലാല്‍ ജോസ് പറയുന്നു.
Post Your Comments