ഇരുപത്തിയൊന്ന് ദിവസം ക്വാറന്റീനിൽ കഴിഞ്ഞതിനെക്കുറിച്ചും ഇപ്പോൾ കോവിഡിൽ നിന്നും മുക്തയായതിനെക്കുറിച്ചും തുറന്നു പറഞ്ഞു മലയാളത്തിന്റെ യുവനടി ഗൗതമി നായർ. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നുവെന്നും പ്രൈമറി കോണ്ടാക്റ്റിൽ ഉൾപ്പെട്ടിരുന്നതുകൊണ്ടാണ് ടെസ്റ്റ് നടത്താൻ തോന്നിയതെന്നും തനിക്കൊപ്പം സഹോദരിക്കും കോവിഡ് പോസിറ്റിവ് ആയെന്നും താരം പങ്കുവച്ചു.
ശ്രീചിത്രയിൽ ന്യൂറോളജിയും റേഡിയോളജിയും ഒന്നിച്ചുള്ള ഒരു പ്രോജെക്റ്റിൽ റീസേർച്ചർ ആയി ജോലി നോക്കുകയാണ് ഗൗതമി ഇപ്പോൾ. കോവിഡ് പകർന്നതിനെക്കുറിച്ചു താരം പറയുന്നതിങ്ങനെ.. ‘തിരുവനന്തപുരം ശ്രീചിത്രയിൽ റീസേർച്ചർ ആയി ജോലി നോക്കുകയാണ്. അവിടെയുള്ള സുഹൃത്തിന്റെ ഡിപ്പാർട്മെന്റിൽ കുറച്ചുപേർ കോവിഡ് പോസിറ്റീവ് ആയിരുന്നു, ആ വഴിക്കാണ് എനിക്കും കോവിഡ് ബാധിച്ചതെന്നു കരുതുന്നു. ഇടയ്ക്കിടെ ശക്തമായ തലവേദനയും വയറിനു വേദനയും ഉണ്ടായിരുന്നതൊഴിച്ചാൽ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സഹോദരിക്കും കോവിഡ് ബാധിച്ചതോടെ വീട്ടിലുള്ള പ്രായമായവർക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ ആലപ്പുഴയുള്ള വീട്ടിലേക്ക് താമസം മാറി ക്വാറന്റീനിൽ തുടരുകയായിരുന്നു. നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പിന്തുണ പറയാതെ വയ്യ. ആരോഗ്യം അറിയാനായി എല്ലാദിവസവും ഹെൽത്ത് സെന്ററിൽ നിന്നും ഞങ്ങളെ ബന്ധപ്പെടുന്നുണ്ടായിരുന്നു. തലവേദന മരുന്നു കഴിച്ചപ്പോൾ മാറിയിരുന്നു. പക്ഷേ അതല്ലാതെ ഒരു ആരോഗ്യ പ്രശ്നവും ഇല്ലായിരുന്നു. കടുത്ത തലവേദനയെത്തുടർന്നാണ് കോവിഡ് ടെസ്റ്റ് ചെയ്തത്. പ്രൈമറി കോണ്ടാക്റ്റിൽ ഉൾപ്പെട്ടില്ലായിരുന്നെങ്കിൽ കൊറോണ പോസിറ്റിവ് ആണെന്ന് അറിയാനേ കഴിയില്ലായിരുന്നു. അങ്ങനെയെങ്കിൽ എത്രപേർക്ക് ഞാൻ കാരണം രോഗം ഉണ്ടായേനെ. അതുകൊണ്ട് ശരീരത്തിൽ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ വന്നുതുടങ്ങിയാൽ ഉടനെ തന്നെ ടെസ്റ്റ് നടത്തണം. അത് മറ്റുള്ളവരുടെ കൂടെ സുരക്ഷയ്ക്കു വേണ്ടിയാണ്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും പൂർണമായും രോഗമുക്തരായിക്കഴിഞ്ഞു.’–ഗൗതമി മനോരമയോട് പറഞ്ഞു.
Post Your Comments