ബാഹുബലിയിലൂടെ തെന്നിന്ത്യയുടെ വിജയ സംവിധായകനായി മാറിയ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആര്‍ആര്‍ആര്‍. ’ 2020 മാർച്ചോടെ ഷൂട്ടിങ് പ്ലാൻ ചെയ്ത് 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്. ലോക്ഡൗൺ മൂലം മാസങ്ങളോളം അടച്ചിട്ട സിനിമയുടെ ബ്രഹ്മാണ്ഡ സെറ്റ് അതിനായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ തുറന്നിരുന്നു.
സിനിമയുടെ ഷൂട്ടിങ് സാമഗ്രികളെല്ലാം പൊടിപിടിച്ച നിലയിലായിരുന്നു.സെറ്റ് വൃത്തിയാക്കാൻ തന്നെ ഒരുദിവസം വേണ്ടി വന്നതായി അണിയറപ്രവർത്തകർ പറയുന്നു. ഏകദേശം നൂറ് കോടിക്ക് മുകളിലാണ് കൂറ്റൻ സെറ്റിന്റെ നിർമാണ ചിലവ്.
‘രുധിരം രണം രൗദ്രം’ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വി. വിജയേന്ദ്ര പ്രസാദാണ്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 300 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. 10 ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ്.
Post Your Comments