മമ്മൂട്ടി – ഷാഫി ടീം മലയാളി പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്റി നല്കുന്ന കൂട്ടുകെട്ടാണ്. ഷാഫി മമ്മൂട്ടിയെ നായകനാക്കി നാല് സിനിമകളാണ് സംവിധാനം ചെയ്തത്, അതില്‍ മൂന്നെണ്ണവും മഹാ വിജയം നേടിയപ്പോള്‍ ഒരെണ്ണം മാത്രമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഏല്ക്കാതെ പോയത്.
ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച് ഷാഫി സംവിധാനം ചെയ്ത ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ‘തൊമ്മനും മക്കളും’.കേരളത്തിലെ തിയേറ്ററുകളില്‍ ചരിത്ര വിജയം കുറിച്ച സിനിമയില്‍ ലാല്‍, രാജന് പി ദേവ് എന്നിവരായിരുന്നു മറ്റു പ്രമുഖ താരങ്ങളായി അഭിനയിച്ചത്. പൂര്‍ണമായും ഹ്യൂമര്‍ ട്രാക്കില്‍ കഥ പറഞ്ഞ സിനിമ ഫാമിലി പ്രേക്ഷകര്‍ ഉള്‍പ്പടെയുള്ളവരുടെ കൈയ്യടി നേടിയിരുന്നു. അതിന് ശേഷം ഷാഫി മമ്മൂട്ടിയെ നായകനാക്കി ചെയ്ത ചിത്രമായിരുന്നു ‘മായാവി’. ഷാഫിയുടെ സഹോദരനും പ്രശസ്ത സംവിധായകനുമായ റാഫിയുടെ തിരക്കഥയില്‍ എത്തിയ ‘മായാവി’ മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിന്റെ ഗംഭീര പ്രകടനം അടയാളപ്പെടുത്തിയ സിനിമയായിരുന്നു. ‘മായാവി’യും ബോക്സ് ഓഫീസില്‍ ചരിത്ര വിജയം സ്വന്തമാക്കിയപ്പോള്‍ ഇതേ ടീം അധികം വൈകാതെ തന്നെ തങ്ങളുടെ മൂന്നാമത്തെ സിനിമയുമായി പ്രേക്ഷകരുടെ മുന്നിലെത്തി. വീണ്ടും ബെന്നി പി നായരമ്പലം ഇതേ കൂട്ടുകെട്ടുമായി യോജിച്ചപ്പോള്‍ ‘ചട്ടമ്പി നാട്’ എന്ന മറ്റൊരു ഹിറ്റ് സിനിമ മലയാളത്തില്‍ സംഭവിക്കുകയും ചെയ്തു. മമ്മൂട്ടി പറഞ്ഞത് പ്രകാരം മലയാളത്തിലെ പ്രശസ്തനായ ഒരു പഴയ നിര്‍മ്മാതാവിന് വേണ്ടി ഷാഫി ചെയ്ത സിനിമയായിരുന്നു ‘വെനീസിലെ വ്യപാരി’. പക്ഷേ മമ്മൂട്ടി – ഷാഫി ടീമിന് നിര്‍ഭാഗ്യവശാല്‍ തുടര്‍ച്ചയായ നാലാമത്തെ വിജയം ഈ സിനിമയിലൂടെ ആഘോഷിക്കാന്‍ കഴിഞ്ഞില്ല. ജെയിംസ് ആല്‍ബര്‍ട്ടിന്റെ ശക്തമല്ലാത്ത തിരക്കഥയില്‍ വീണു പോയ ‘വെനീസിലെ വ്യാപാരി’ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.
Post Your Comments