GeneralLatest NewsMollywoodNEWS

പറ്റുമെങ്കില്‍ നിങ്ങളത് കണ്ടുപിടിക്ക് എന്നിട്ട് പറയൂ ; മാധ്യമങ്ങളെ വിമര്‍ശിച്ച്‌ അമലാ പോള്‍

നിശ്ശബ്ദതക്ക് വേണ്ടി ക്രൂരമായി പീഡിപ്പിക്കപെട്ട പെണ്‍കുട്ടിയുടെ നാവ് മുറിച്ചു മാറ്റി. അതേ നിലപാട് തന്നെയാണോ തന്നോടും കാണിക്കുന്നതെന്നാണ് അമല ചോദിക്കുന്നത്

കഴിഞ്ഞ ദിവസം താന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വാക്കുകൾ മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന വിമ‍ര്‍ശനവുമായി തെന്നിന്ത്യൻ നടി അമല പോള്‍ രംഗത്ത്. ഇരുപത് വയസുളള ദളിത് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഒരു സുഹൃത്തിന്റെ പോസ്റ്റാണ് അമല പോസ്റ്റ് ചെയ്തത്. ആ പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥോ, ജാതി വ്യവസ്ഥയോ യുപി പൊലീസോ അല്ല, നിശബ്ദരായ നമ്മളാണ് അതിന് കാരണക്കാര്‍ എന്നായിരുന്നു അമലയുടെ വാക്കുകൾ.

താന്‍ ഇട്ട സ്റ്റോറി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും എന്നാല്‍ തന്റെ വാക്കുകളെ പൂര്‍ണമായും വളച്ചൊടിച്ചു കൊണ്ടാണ് അവരത് റിപ്പോര്‍ട്ട് ചെയ്തതെന്നും അമല അഭിപ്രായപ്പെട്ടു. മനോരമയെ പേരെടുത്ത് പറഞ്ഞ് നടി വിമര്‍ശിക്കുന്നുണ്ട്.

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ താരം പറയുന്നതിങ്ങനെ..

എന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എന്റെ ഒരു സുഹൃത്തിന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഞാന്‍ റീപോസ്റ്റ് ചെയ്തിരുന്നു. ഞാന്‍ അത് വായിക്കാം. “റേപ്പ്ഡ് ഹെര്‍,കില്‍ഡ് ഹെര്‍ ആന്‍ഡ് ബേണ്‍ഡ് ഹെര്‍ റ്റു ആഷസ്. ഹു ഡിഡ് ദിസ്? ഇറ്റ്സ് നോട്ട് ദ കാസ്റ്റ് സിസ്റ്റം, ഇറ്റ്സ് നോട്ട് ദ യൂ.പി പോലീസ്. ഇറ്റ്സ് ദോസ് ഓഫ് അസ് ഹൂ ആര്‍ സൈലന്റ്. ദേ ഡിഡ് ദിസ്.” (അവളെ പീഡിപ്പിച്ചു, കൊന്നു, പിന്നീട് കത്തിച്ച്‌ ചാരമാക്കി, ആരാണ് ഇത് ചെയ്തത് ? ആ പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥോ, ജാതി വ്യവസ്ഥയോ യുപി പൊലീസോ അല്ല, നിശബ്ദരായ നമ്മളാണ് അതിന് കാരണക്കാര്‍.)

തന്റെ സുഹൃത്തിന്റെ പോസ്റ്റില്‍ പറയുന്നത്പോലെയുള്ള നിശബ്ദതക്കെതിരെ തന്റെ ശബ്ദമുയര്‍ന്നപ്പോള്‍ ആ ശബ്ദത്തിനോ അതിന്റെ ഉടമയ്ക്കോ എന്ത് സംഭവിച്ചാലും ഒരു പ്രശ്നവുമില്ല മറിച്ച്‌ തങ്ങള്‍ക്ക് വിവാദം വേണം എന്നതാണോ മാധ്യമങ്ങളുടെ ഉദ്ദേശമെന്നും അമല ചോദിക്കുന്നു. ഒരു പബ്ലിക്ക് ഫിഗറായതുകൊണ്ട് മാത്രം തന്റെ അഭിപ്രായത്തെ ട്വിസ്റ്റ് ചെയ്ത് അതിന് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൂട്ട് പിടിച്ച്‌ മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുകയാണെന്നാണ് അമല അഭിപ്രായപ്പെടുന്നത്. വിവാദ വില്‍പനയാണോ നിങ്ങളുടെ തൊഴില്‍ എന്നും അമല മാധ്യമങ്ങളോട് ചോദിക്കുകയാണ്.

നിശ്ശബ്ദതക്ക് വേണ്ടി ക്രൂരമായി പീഡിപ്പിക്കപെട്ട പെണ്‍കുട്ടിയുടെ നാവ് മുറിച്ചു മാറ്റി. അതേ നിലപാട് തന്നെയാണോ തന്നോടും കാണിക്കുന്നത്. ഈ പെണ്‍കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയണമെന്നും രായ്ക്ക് രാമാനം എന്തുകൊണ്ട് ആ പെണ്‍കുട്ടിയുടെ ശരീരം കത്തിച്ചു എന്നും എന്തുകൊണ്ട് ആ കുട്ടിയുടെ കുടുംബത്തിന് അവളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല?

ആ കുടുംബത്തിന്റെ ശബ്ദം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ചില നല്ല മാധ്യമങ്ങള്‍ക്ക് എന്ത് കൊണ്ട് അത് സാധ്യമാവുന്നില്ല ? പറ്റുമെങ്കില്‍ നിങ്ങളത് കണ്ടുപിടിക്ക് എന്നിട്ട് പറയൂ എന്ന വാചകത്തോട് കൂടിയാണ് അമല തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

https://www.instagram.com/tv/CF41HRcjZEp/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button