വിരഹത്തിന്റെയും പ്രണയത്തിന്റെയും മാസ്മരിക ശ്രുതി വയലിൻ താന്ത്രികളിൽ നിറച്ച സംഗീത മാന്ത്രികൻ ബാലഭാസ്കറിന്റെ ഓർമ്മകൾക്ക് രണ്ടു വയസ്സ്. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയ ശേഷം തിരുമലയിലെ വീട്ടിലേക്ക് മടങ്ങുമ്ബോാഴായിരുന്നു അപകടം. പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗല്യപ്പല്ലക്ക് എന്ന സിനിമയിലൂടെ 17ാം വയസില്‍ സ്വതന്ത്ര സംഗീത സംവിധായകനായ ബാലു ആൽബങ്ങളിലൂടെയാണ് ആദ്യം ശ്രദ്ധ നേടിയത്. കണ്‍ഫ്യൂഷന്‍ എന്ന പേരില്‍ ഒരു സംഗീത ബാന്‍ഡ് പഠന കാലത്ത് ഒരുക്കിയ ബാലു ലക്ഷ്മിക്ക് വേണ്ടി കമ്പോസ് ചെയ്ത “ആര് നീ എന്നോമലേ” ശ്രദ്ധേയമായിരുന്നു. ഷീലാമണി പാടി തക തിമി താ, കെ.എസ് ചിത്ര പാടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട നിലാമഴ തുടങ്ങിയ ഗാനങ്ങൾക്ക് പിന്നാലേ ഈസ്റ്റ് കോസ്റ്റിനു വേണ്ടി തയ്യാറാക്കിയ നിനക്കായി, ആദ്യമായി എന്നിങ്ങനെയുള്ള ആല്‍ബങ്ങളിലൂടെ യുവത്വത്തിന്റെ സിരകളിൽ പ്രണയത്തിന്റെ സംഗീതം ബാലു നിറച്ചു.
ഈസ്റ്റ് കോസ്റ്റ് വിജയന്റെ നിനക്കായ്, ആദ്യമായ് എന്നീ ആല്‍ബങ്ങളിലെ ഓരോ പാട്ടുകളും ഓരോ വരികളും പ്രണയം മാത്രമല്ല. തൊണ്ണൂറുകളിൽ കൗമാരക്കാരെ കീഴടക്കിയ ഈ ഗാനങ്ങളുടെ പ്രത്യേകത ബാലഭാസ്‌കറിന്റെ സംഗീതമാണ്.
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടവും, ആദ്യമായ് കണ്ടനാളും, നിനക്കായ് തോഴിയുമൊക്കെ കേട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ നെയ്‌തെടുത്ത കാലം…
ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെല്ലാം.. എന്നു ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയപ്പോൾ പ്രണയത്തിന്റെ മധുര സംഗീതം ബാലഭാസ്‌കർ നിറച്ചപ്പോൾ സ്വര മാധുരികൊണ്ട് യേശുദാസും സുജാതയും ജീവനേകി.
നിനക്കായ് തോഴീ പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങളൊന്നു ചേരാം
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്കുവയ്ക്കാം — പ്രണയത്തിന്റെ, വിരഹത്തിന്റെ, കാത്തിരിപ്പിന്റെയെല്ലാം ഈണങ്ങളിലൂടെ മലയാളിയെ വശീകരിച്ച സംഗീതജ്ഞൻ ഇന്നും ഈ ഗാനങ്ങളിലൂടെ മലയാളിയെ പ്രണയിക്കുന്നു.
Post Your Comments