‘അന്നകുട്ടി കോടാമ്പക്കം വിളിക്കുന്നു’, ‘കല്യാണ ഉണ്ണികള്‍’ തുടങ്ങിയ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു കൊണ്ടും ജഗതി ശ്രീകുമാര്‍ എന്ന അതുല്യ പ്രതിഭ മലയാള സിനിമയില്‍ സംവിധായകനെന്ന നിലയിലും തന്റെ പ്രൊഫൈല്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. താന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളായിരുന്നുവെന്ന് പറയാന്‍ ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ പോലും മടി കാണിച്ചിരുന്നില്ല. സംവിധാന മേഖലയില്‍ കൈവച്ചപ്പോള്‍ വലിയ തിരിച്ചടിയാണ് തനിക്ക് സംഭവിച്ചതെന്നും അധികം അറിയാത്തതും, തീരെ വിജയിക്കാന്‍ കഴിയാത്തതുമായ മേഖലയിലേക്ക് പിന്നീട് ശ്രദ്ധ കൊടുതില്ലെന്നും ‘കല്യാണ ഉണ്ണികള്‍’ എന്ന സിനിമ സംവിധാനം ചെയ്തതോടെ തനിക്ക് പറ്റിയ പണിയല്ല അതെന്ന് ബോധ്യപ്പെട്ടെന്നും ജഗതി ശ്രീകുമാര്‍ പല അഭിമുഖങ്ങളിലും സിനിമയിലെ തന്റെ സംവിധാന അനുഭവം പങ്കുവച്ചു രണ്ട് സിനിമകളുടെയും ബോക്സ് ഓഫീസ് പരാജയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
ജഗതി ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ‘അന്നക്കുട്ടി കോടാമ്പക്കം വിളിക്കുന്നു’ എന്ന സിനിമ 1989-ലാണ് പുറത്തിറങ്ങിയത്. ജഗതി തന്നെ ലീഡ് റോള്‍ ചെയ്ത സിനിമയില്‍ മറ്റൊരു നായകനായി സായ് കുമാറും അഭിനയിച്ചിരുന്നു. എട്ട് വര്‍ഷത്തിന്റെ ഇടവേളയില്‍ വീണ്ടും ജഗതി ശ്രീകുമാര്‍ ഒരു സിനിമ കൂടി സംവിധാനം ചെയ്തു, ‘കല്യാണ ഉണ്ണികള്‍’ എന്ന സിനിമ 1997-ലാണ് പുറത്തിറങ്ങുന്നത്. വലിയ താരനിര കൊണ്ട് സമ്പന്നമായിരുന്ന കല്യാണ ഉണ്ണികള്‍ എന്ന ചിത്രവും ജഗതി ശ്രീകുമാര്‍ എന്ന സംവിധായകന് നേട്ടം സമ്മാനിച്ചില്ല.
Post Your Comments