തിരുവനന്തപുരം; നിരന്തരം സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോകൾ യൂ ട്യൂബില്‍ പോസ്റ്റുചെയ്തതിന്റെ പേരില്‍ വെള്ളായണി സ്വദേശി വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസിലെ പ്രതികളായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിക്കുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കി.
കേരളത്തിലെയടക്കം ഫെമിനിസ്റ്റുകളെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയും മോശമായി ചിത്രീകരിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി.നായരെ നേരിട്ട് ഫോണില്‍ വിളിച്ച് കാര്യം അന്വേഷിച്ചിരുന്നു. സന്ധി സംഭാഷണത്തിനായി പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചു. താനും വെമ്പായം സ്വദേശിനി ദിയ സനയും കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് അശ്ളീലം പറഞ്ഞ് അപമാനിച്ചു. ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച് സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹർജിയിൽ വ്യക്തമാക്കി.
എന്നാൽ കേസിലെ പ്രതി വിജയ് പി.നായരും ഇതേ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിട്ടുണ്ട്. ട്യൂബ് ചാനലില്‍ പേരുപോലും പറയാതെ പ്രസിദ്ധീകരിച്ച വീഡിയോയ്‌ക്കെതിരെയാണ് അതിക്രമമെന്നും ആക്രമിക്കാന്‍ വന്ന സ്ത്രീകളെ മാഡം എന്നല്ലാതെ മറ്റൊന്നും വിളിച്ചിട്ടില്ലെന്നും വിജയ് പറയുന്നു.
Post Your Comments