കോവിഡ് കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് മലയാള സിനിമയാണ്. തിയറ്ററുകൾ തുറക്കാതായതോടെ നിർമ്മാതാക്കൾ തങ്ങളുടെ ചിത്രങ്ങൾ പുറത്തെത്തിക്കാൻ ഓൺലൈൻ വഴികൾ തേടിത്തുടങ്ങി. ഓണക്കാലത്തും മറ്റുമായി ചില മലയാള സിനിമകള്‍ ഒ ടി ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതോടെ വിവാദങ്ങളും ആരംഭിച്ചു. എന്നാൽ തിയറ്റര്‍ ഉടമകള്‍, നിര്‍മാതാക്കള്‍ എന്നിവര്‍ തമ്മിലുള്ള തര്‍ക്കത്തിന് ശമനമുണ്ടാവുകയും പല ചിത്രങ്ങളും റിലീസ് ചെയ്തു. എന്നാൽ ഇപ്പോൾ ഒടിടി റിലീസ് എന്ന വ്യാജവാഗ്ദാനത്തില്പ്പെട്ട് പല നിര്‍മ്മാതാക്കളും കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന ആരോപണവുമായി പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ രംഗത്ത് എത്തി. വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്ബോള്‍ അവര്‍ ബാനര്‍, സംവിധായകന്, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ അവരത് ഏറ്റെടുക്കാറുള്ളു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വാദത്തെ തള്ളിക്കളയുകയാണ് സംവിധായകന് പ്രതാപ് ജോസഫ്.
പ്രതാപ് ജോസഫിന്റെ ഫേസ്ബുക്ക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
OTT എന്നാല്‍ Over The Top എന്നാണ്. കാര്യങ്ങള്‍ ഇപ്പോള്‍ ചിലരുടെ തലയ്ക്കുമുകളിലൂടെ ആണ് പാഞ്ഞുകൊണ്ടിരിക്കുന്നത്. അത് ചിലര്‍ക്ക് തലപ്രാന്തായി മാറുന്നുണ്ട് എന്നത് മറ്റൊരു കാര്യം. പറഞ്ഞുവരുന്നത് മലയാളത്തിലെ കച്ചവട സിനിമയെ അക്ഷരാര്‍ത്ഥത്തില്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ബാദുഷ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ കഴിഞ്ഞ ദിവസത്തെ ഒരു പ്രസ്താവനയെക്കുറിച്ചാണ്. മലയാളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങള്‍ യാതൊരു ഉളുപ്പുംകൂടാതെ അത് വാര്‍ത്തയാക്കുകയും ചെയ്തു.
ഒ.ടി.ടി. പ്രലോഭനങ്ങളില്‍ വഞ്ചിതരാവരുത് എന്നതാണ് വാര്‍ത്തയുടെ തലക്കെട്ട്.
നമുക്ക് ബാദുഷയുടെ പ്രസ്താവനയിലേയ്ക്ക് വരാം.
“പണ്ട് സാറ്റലൈറ്റ് റേറ്റിന്്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ് .
ഒടിടി യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി. ടി കമ്ബനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്ബോള്‍ അവര്‍ ബാനര്‍, സംവിധായകന്, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നുതോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ.
എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്‍്റെ പുറത്താണ് പലരും ഒ ടി ടി എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്. വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര് ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക”.
അതായത് 30 ലക്ഷവും 40 ലക്ഷവും മുടക്കി വഞ്ചിതരാവുന്ന നിര്‍മ്മാതാക്കളെ രക്ഷിക്കാനെന്ന വ്യാജേനയുള്ള ഒരു കുറിപ്പ്. തിയേറ്ററുകള്‍ അടച്ചുപൂട്ടിയിട്ട് 6 മാസം കഴിഞ്ഞു. എന്ന് തുറക്കാന്‍ കഴിയും എന്ന കാര്യത്തില്‍ യാതൊരു നിശ്ചയവുമില്ല. അഥവാ തുറന്നാല്‍ തന്നെ പഴയതുപോലെ ജനം ഇടിച്ചുകയറുമോ എന്ന് യാതൊരു ഉറപ്പുമില്ല. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ആമസോണില്‍ പ്രീമിയര്‍ ചെയ്തു. മഹേഷ് നാരായണന് ഷോര്‍ട്ട് ഫിലിമാണ്, മൈബൈല്‍ ഫോണ്‍ സിനിമയാണ് എന്നൊക്കെ പറഞ്ഞ് നിര്‍മ്മാതാക്കളുടെ സംഘടനയെ കബളിപ്പിച്ച് ആമസോണില്‍ നിന്ന് കോടികള്‍ കൈപ്പറ്റി, ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്ത മണിയറയിലെ അശോകന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു. ആന്റോ ജോസഫ് നിര്‍മ്മിച്ച കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് കോപ്പി ചോര്‍ന്നു എന്ന ഭാവേന ഏഷ്യാനെറ്റില്‍ റിലീസ് ചെയ്തു.
നിലവിലുള്ള സിനിമകള്‍ പൂര്‍ത്തിയായ ശേഷമേ പുതിയ സിനിമകള്‍ ഷൂട്ടുതുടങ്ങാന് പാടുള്ളൂ എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനവും സിനിമ തിയേറ്റര്‍ റിലീസ് ചെയ്തുകഴിഞ്ഞ് 42 ദിവസം കഴിഞ്ഞു മാത്രമേ ഒ.ടി.ടി. റിലീസ് പാടുള്ളൂ എന്ന ഫിലിം ചേംബര്‍ വിജ്ഞാപനവും ആളുകള്‍ മുഖവിലയ്ക്ക് എടുക്കാതായി. അതായത് കൊറോണ എന്ന കുഞ്ഞന്‍ വൈറസ് സിനിമയിലെ പഴയ ക്രമത്തെ അട്ടിമറിക്കുകയും പുതിയ ഒരു ക്രമത്തെ രൂപപ്പെടുത്തുകയും ചെയ്തു. കാല്‍ച്ചുവട്ടിലെ മണ്ണ് ഇളകിപ്പോകുന്നതിന്റെ വെപ്രാളമല്ലാതെ മറ്റൊന്നുമല്ല ബാദുഷയുടെ വാക്കുകളില്‍ കേള്‍ക്കാന്‍ കഴിയുന്നത്.
ഇനി ബാദുഷ പറയുന്നതുപോലെ വന്‍കിട താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും സിനിമകള്‍ മാത്രമേ ഒ.ടി.ടി.കള്‍ കാണിക്കുന്നുള്ളോ. അല്ല എന്നതാണ് വസ്തുത. മലയാളത്തിലെ ആര്‍ട്ട് സിനിമകളില്‍ നല്ലൊരു ശതമാനം വിവിധ ഒ.ടി.ടി.കളില്‍ പ്രദര്‍ശിപ്പിച്ചുവരുന്നു.
ജയാ ജോസ് രാജിന്റെ ഇടം, റാസി മുഹമ്മദിന്റെ വെളുത്ത രാത്രികള്‍, മുസ്തഫയുടെ കപ്പേള, ശംഭു പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, രാഹുല്‍ റിജി നായരുടെ ഡാകിനി, കെ.ഗോപിനാഥന്റെ സമര്‍പ്പണം, വി.സി.അഭിലാഷിന്റെ ആളൊരുക്കം, ജുബിന്‍ നമ്രടത്തിന്റെ ആഭാസം, എം. പ്രശാന്തിന്റെ സാദൃശവാക്യം, രജീഷ് മിഥിലയുടെ വാരിക്കുഴിയിലെ കൊലപാതകം, അജ്മലിന്റെ കാന്താരി, പ്രശോബ് വിജയന്റെ ലില്ലി, ഷഹീദ് അറഫാത്തിന്റെ തീരം, ചന്ദ്രന് നരിക്കോടിന്റെ പാതി ഇങ്ങനെ വലിയ താരനിര ഇല്ലാത്ത നിരവധി സിനിമകള്‍ ഒ.ടി.ടി.കളില്‍ ഉണ്ട്. മാത്രവുമല്ല മലയാള സിനിമകളെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് കുറഞ്ഞത് 10 ഒ.ടി.ടി. പ്ലാറ്റ്ഫോമുകള് എങ്കിലും അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.
ഇനി കേരളത്തില്‍ തീയേറ്റര്‍ റിലീസ് ചെയ്യുന്ന എത്ര സിനിമകള്‍ സാമ്ബത്തിക ലാഭം ഉണ്ടാക്കുന്നുണ്ട്. 15 ശതമാനം സിനിമകള്‍ പോലും ഇല്ല എന്നതാണ് വസ്തുത. മിക്ക സിനിമകള്‍ക്കും തിയേറ്റര്‍ റിലീസ് ചെയ്യാനുള്ള ചിലവുപോലും തിയേറ്ററില്‍ നിന്ന് പിരിഞ്ഞുകിട്ടാറില്ല. അപ്പോ ബാദുഷയുടെ ലോജിക് കടമെടുക്കുകയാണെങ്കില്‍ ആ നിര്‍മ്മാതാക്കളെല്ലാം വഞ്ചിതരാവുകയാണോ? അതോ തിയേറ്ററില്‍ ഉണ്ടാവുന്ന നഷ്ടം നഷ്ടമല്ലെന്നും ഒ.ടി.ടി.യില്‍ ഉണ്ടാവുന്ന നഷ്ടം മാത്രമാണ് നഷ്ടമെന്നുമാണോ?.
വ്യക്തിപരമായ ഒരനുഭവം കൂടി പറയാം. കഴിഞ്ഞ ഓണക്കാലത്ത്, മലയാളത്തില്‍ പുതുതായി ഉണ്ടായ ഒരു ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ നിന്ന് എനിക്കൊരു വിളി വന്നു. അവര്‍ക്ക് ഓണം റിലീസായി ‘ഒരു രാത്രി ഒരു പകല്‍ ‘ കിട്ടുമോ എന്നാണ് അറിയേണ്ടത്. ആദ്യം ഞാന്‍ കരുതി ആള് മാറിപ്പോയതാവുമെന്ന്.
പിന്നീട് സംസാരിച്ചപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയത്. അവര്‍ക്ക് പ്രീമിയര്‍ ചെയ്യാന്‍ ഓണത്തിന് ഒരു സിനിമ വേണം. അതൊരു ആര്‍ട്ട് സിനിമ ആയാലും കുഴപ്പമില്ല. നിര്‍ഭാഗ്യവശാല്‍ ഒരു രാത്രി ഒരു പകല്‍ മറ്റൊരു പ്ലാറ്റ്ഫോമിലേയ്ക്ക് പറഞ്ഞുവെച്ചതിനാല്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. എന്നുവെച്ചാല്‍ നിലവിലുള്ള പ്ലാറ്റ്ഫോമുകള് കണ്ടന്റില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് പ്രിയപ്പെട്ട ബാദുഷ പുതിയ നിര്‍മ്മാതാക്കള്‍ വരട്ടെ, അവര്‍ ഇഷ്ടമുള്ളിടത്ത് സിനിമ റിലീസ് ചെയ്യട്ടേ. ഈ കോവിഡ് പ്രതിസന്ധിയെ മറികടന്ന് ആളുകള്‍ സിനിമചെയ്യാന്‍ മുന്നോട്ടുവരുന്നു എന്നതുതന്നെ വലിയ പ്രതീക്ഷയാണ്. വിലക്കുകളല്ല സാധ്യതകളാണ് ഒരു പ്രതിസന്ധി ഘട്ടത്തില്‍ നമ്മെ മുന്നോട്ടു നയിക്കുക. കലയായാലും കച്ചവടമായാലും അതുതന്നെയാണ് നാം അന്വേഷിക്കേണ്ടതും
Post Your Comments