സംഗീത ലോകത്ത് ഒരു മനുഷ്യന് സാധ്യമാകുന്നതിനേക്കാള്‍ കാര്യങ്ങള്‍ ചെയ്തു കൂട്ടിയ എസ്പി ബാലസുബ്രഹ്മണ്യം എന്ന അനശ്വര ഗായകന്റെ മനുഷത്വത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാരിസീല്‍ ഗാനമേളയ്ക്ക് പോയപ്പോള്‍ ഭക്ഷണം കിട്ടാതിരുന്ന സന്ദര്‍ഭത്തില്‍ എസ്പിബി കൊണ്ടുവന്ന ഭക്ഷണമാണ് തന്റെ വിശപ്പ് മാറ്റിയതെന്ന് അദ്ദേഹത്തിലെ സ്നേഹം പങ്കുവച്ചു കൊണ്ട് യേശുദാസ് പറയുന്നു .
“വ്യക്തിപരമായി ആരെയും വിഷമിപ്പിക്കാത്ത പ്രകൃതമാണ് ബാലുവിന്. ഒപ്പമുള്ളവരെയെല്ലാം ശ്രദ്ധയോടെ കരുതും. പാരിസില്‍ ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്ത ഗാനമേള കഴിഞ്ഞപ്പോള്‍ രാത്രിയേറെ വൈകി. ഭക്ഷണം കിട്ടാത്ത അവസ്ഥ, ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ നല്ല വിശപ്പുണ്ട്. അന്നേരമാണ് റൂം സര്‍വീസ് പ്ലീസ് എന്നു പറഞ്ഞു മുറിയുടെ വാതിലില്‍ മുട്ടി വിളി. നോക്കുമ്പോള്‍ ബാലുവാണ്. ശബ്ദം മാറ്റി വിളിച്ചതാണ്. കയ്യിലെ പാത്രത്തില്‍ ചൂട് പാറുന്ന സാദം. സ്വയം ഉണ്ടാക്കിയതാണ്. ആ വിശപ്പില്‍ ആ സാദത്തിന്റെ രുചി പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. എന്റെ വിശപ്പ് പോലും അറിഞ്ഞു വിളമ്പുന്ന തമ്പിയായിരുന്നു. ബാലു എന്നെ സംഗീത ഗുരുവായി കണ്ടു എന്നത് എനിക്കുള്ള ആദരമാണ്”. മനോരമ ദിനപത്രത്തില്‍ എസ്പിബിയെ ഓര്‍ത്തുകൊണ്ടുള്ള കാഴ്ചപാട് പേജില്‍ യേശുദാസ് പങ്കുവയ്ക്കുന്നു.
Post Your Comments