കിരീടത്തിന്‍റെ ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ തമ്മിലുള്ള പിണക്കം അവസാനിച്ചു അതിന് സാക്ഷിയായത് മോഹന്‍ലാലും: തിലകനുമായുള്ള അപൂര്‍വ്വ അനുഭവത്തെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ

ലാല്‍ എനിക്ക് ഇഡ്ഡലി നല്‍കുന്നതൊക്കെ തിലകന്‍ ചേട്ടന്‍ നോക്കി കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു

മോഹന്‍ലാല്‍ – തിലകന്‍ -കവിയൂര്‍ പൊന്നമ്മ, മലയാളി പ്രേക്ഷകരുടെ മനം നിറയ്ക്കാന്‍ ഈ ഒരു കോമ്പിനേഷന്‍ മാത്രം മതി. സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീടം’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ അച്ഛനായി തിലകനും, അമ്മയായി കവിയൂര്‍ പൊന്നമ്മയും നിറഞ്ഞു നിന്ന് അഭിനയിക്കുമ്പോള്‍ മാത്രമാണ് ആ കഥയിലെ സേതുമാധവന് പോലും ഒരു പൂര്‍ണ്ണ കൈവരുന്നത്. കിരീടം എന്ന സിനിമയില്‍ ആ കെമസ്ട്രി പ്രേക്ഷകര്‍ക്ക് ദഹിച്ചെങ്കിലും വ്യക്തിപരമായി അന്ന് തിലകനോട് തനിക്ക് കലഹമുണ്ടയിരുന്നുവെന്നും അത് കിരീടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വന്നതോടെ അവസാനിച്ചിരുന്നുവെന്നും തുറന്നു പറയുകയാണ് കവിയൂര്‍ പൊന്നമ്മ.

“കിരീടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഞാനും തിലകന്‍ ചേട്ടനും അത്ര സ്വര ചേര്‍ച്ചയില്‍ അല്ലായിരുന്നു. ജാതകം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞങ്ങള്‍ വഴക്കായി. ഞാന്‍ സെറ്റില്‍ നിന്ന് ഇറങ്ങി പോകുകവരെയുണ്ടായി. കിരീടം എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ഞാനും മോഹന്‍ലാലും അവിടെ ഇരുന്നു ഇഡ്ഡലി കഴിക്കുകയായിരുന്നു. ലാല്‍ എനിക്ക് ഇഡ്ഡലി നല്‍കുന്നതൊക്കെ തിലകന്‍ ചേട്ടന്‍ നോക്കി കൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. ഒടുവില്‍ എന്റെ അടുത്തേക്ക് വന്നു എനിക്ക് മുന്നില്‍ ഇഡ്ഡലിക്ക് വേണ്ടി കൈ നീട്ടി ഞാന്‍ ഒരു ഒറ്റ തട്ട് കൊടുത്തു, അങ്ങനെ ആ പിണക്കം അവിടെ അവസാനിച്ചു. പുറമേ പരുക്കനായി അഭിനയിക്കുന്ന ആളായിരുന്നു തിലകന്‍ ചേട്ടന്‍. അത് പോലെ ഒരു നടനെ ഇനി മലയാള സിനിമയ്ക്ക് ലഭിക്കില്ല”. ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കവിയൂര്‍ പൊന്നമ്മ പറയുന്നു.

Share
Leave a Comment