കുടുംബ പ്രേക്ഷകരുടെ പ്രിയതാരം സാജന്‍ സൂര്യയുടെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്ന സാജന്‍ സൂര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് ജിഷിന്‍ മോഹന്‍. ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജന്‍ ചേട്ടനെ കണ്ടുവെന്ന് ജിഷിന്‍ പറയുന്നു.
ജിഷിന്റെ കുറിപ്പ്
സാജൻ സൂര്യ. മലയാള സീരിയൽ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരും മുഖവും. ഇന്ന് സാജൻ ചേട്ടന്റെ ജന്മദിനമാണ്. ‘അമല’ സീരിയലിനു ശേഷം ഇപ്പൊ ‘ജീവിതനൗക’ സീരിയലിൽ ആണ് ഇദ്ദേഹത്തോടൊന്നിച്ചു വർക്ക് ചെയ്യാൻ സാധിച്ചത്. അതിനു മുൻപ് ക്രിക്കറ്റ് ടീമിലും തകർപ്പൻ കോമഡി യിലും ഒക്കെ ഒന്നിച്ചുണ്ടായിരുന്നിട്ടും ജീവിതനൗകയിൽ ആയിരുന്നു ആ ബന്ധം ഊട്ടിയുറപ്പിച്ചത്. ജീവിതനൗകയിൽ രണ്ടു മൂന്ന് ഷെഡ്യൂൾ കഴിഞ്ഞപ്പോഴാണ് സാജൻ ചേട്ടൻ എന്നോട് ആ സത്യം വെളിവാക്കിയത്.
“നിന്നെ എനിക്കൊട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി”. എനിക്ക് വളരെ സന്തോഷം നൽകിയ വാക്കുകൾ ആയിരുന്നു അത്.
നമുക്ക് എന്ത് കാര്യത്തിനും വിളിച്ചു അഭിപ്രായം ആരായാവുന്ന, തന്റെതായ നിലപാടുകൾ ഉള്ള ഒരു ജ്യേഷ്ഠസഹോദരൻ. അതാണ് ചുരുക്കത്തിൽ എനിക്ക് സാജൻ ചേട്ടൻ. തന്റെ ആത്മസുഹൃത്തിന്റെ, ശബരി ചേട്ടന്റെ, വേർപാടിന്റെ ആഘാതത്തിൽ നിന്നും ഇനിയും പുറത്തു കടക്കാത്ത സാജൻ ചേട്ടനെ ഇന്ന് രാവിലെ ഞാൻ കണ്ടു.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി കരഞ്ഞതിന്റെ ആവാം, കൺപോളകൾ തടിച്ചു വീങ്ങിയിരിക്കുന്നു. ഒറ്റക്ക് വേറെ ഏതോ ലോകത്തിൽ ചിന്തയിൽ മുഴുകിയിരിക്കുന്ന, ഇടക്കിടക്ക് കണ്ണുകൾ തുടച്ചു കൊണ്ടിരിക്കുന്ന സാജൻ ചേട്ടനെ എങ്ങനെ ജന്മദിനാശംസകൾ അറിയിക്കാൻ..? ഒരു പക്ഷെ തന്റെ ജന്മദിനത്തിൽ, തന്നെ ആദ്യം വിഷ് ചെയ്തിരുന്ന തന്റെ ഉറ്റ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകളിൽ ആയിരിക്കും സാജൻ ചേട്ടൻ. വിഷമിക്കരുത് സാജൻ ചേട്ടാ.. ചില മുറിവുകൾ.. ചില ഓർമ്മകൾ.. അതങ്ങിനെയാണ്. ഈ മുറിവ് കാലം മായ്ക്കാതിരിക്കില്ല.. കാരണം, കാലത്തിനു മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലല്ലോ.. നമുക്ക് കാണാൻ കഴിയാത്ത വേറൊരു ലോകത്തിൽ ഇരുന്നുകൊണ്ട് ശബരി ചേട്ടൻ പുഞ്ചിരിച്ചു കൊണ്ട് നിങ്ങളെ വിഷ് ചെയ്യുന്നുണ്ടാകാം.. ജന്മദിനാശംസകൾ പ്രിയ സാജൻ..
Post Your Comments