GeneralLatest NewsMollywood

പാലാരിവട്ടത്തു തട്ടുകട ഇടേണ്ടി വന്നാലും മാപ്പു ഞാന്‍ പറയില്ല എന്ന ചങ്കൂറ്റം!! പോസ്റ്റ്‌ വൈറല്‍

അല്ലെങ്കില്‍ ഒരു സിനിമ പോലും ചെയ്യാന്‍ ആകാതെ നീ നിന്നു പോകും,ശരിക്കും പെട്ട് പോകും ഒന്നൂടെ ആലോചിച്ചിട്ട് പറയു

മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പലപ്പോഴും പൊളിച്ചെഴുതിയ സംവിധായകന്‍ വിനയന്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട് പലപ്പോഴും. പുതുമുഖനായകന്‍മാരെയും പരീക്ഷണ ചിത്രങ്ങളെയും കൊണ്ട് ആരാധകരെ സ്വന്തമാക്കിയ ഈ സംവിധായകന്‍ വിലക്കുകള്‍ക്ക് നടുവില്‍ നിന്നും ധീരമായി പോരാടി. ഇപ്പോഴിതാ വിനയന്റെ ധൈര്യത്തെക്കുറിച്ചും ഹീറോയിസത്തെക്കുറിച്ചും ഒരു ആരാധകന്‍ എഴുതിയ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

അക്കാലത്ത് നിലവിലുണ്ടായിരുന്ന എല്ലാ സങ്കല്‍പങ്ങളെയും തച്ചുടച്ച്‌ അദ്ദേഹം ചെയ്ത സിനിമകളെ ഓര്‍മിപ്പിച്ച് കൊണ്ട് സനല്‍കുമാര്‍ പത്മനാഭന്‍ എന്ന ആരാധകന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

എന്റെ വീടിന്റെ ചുവരില്‍ ഒരുപാട് പേരുടെ പടം ഒന്നും ഇല്ല ഒരൊറ്റ ആളുടെ പടമേ ഉള്ളു,എന്റെ തന്തയുടെ,മാപ്പു ജയന്‍ പറയില്ല.അഴിയെങ്കില്‍ അഴി കയറെങ്കില്‍ കയറ് വട്ടു ജയന്‍.അവിചാരിതമായി യൂട്യൂബില്‍ ഇന്ദ്രജിത്തിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ വട്ടു ജയന്‍ കടന്നു വന്നപ്പോള്‍ എന്റെ മനസിന്റെ ബിഗ് സ്‌ക്രീനില്‍ ഓടിത്തുടങ്ങിയ റീലുകളില്‍ എല്ലാം നായകന്‍ വേറെ ഒരാള്‍ ആയിരുന്നു!ഒന്ന് വിളിച്ചു മാപ്പു പറഞ്ഞാല്‍,ഈ പ്രശ്‌നം തീര്‍ക്കാം. അല്ലെങ്കില്‍ ഒരു സിനിമ പോലും ചെയ്യാന്‍ ആകാതെ നീ നിന്നു പോകും,ശരിക്കും പെട്ട് പോകും ഒന്നൂടെ ആലോചിച്ചിട്ട് പറയു എന്ന എതിര്‍നിരക്കാരുടെ ഭീഷണിക്കു മുന്‍പില്‍ ചെറു ചിരിയോടെ പാലാരിവട്ടത്തു തട്ടുകട ഇടേണ്ടി വന്നാലും മാപ്പു ഞാന്‍ പറയില്ല എന്ന തീരുമാനം എടുത്ത,സിനിമയിലെ വട്ടു ജയനെ വെല്ലുന്ന ആറ്റിട്യൂടും നട്ടെല്ലും ഉള്ള ആ കുട്ടനാടുകാരന്റെ മുഖം!

സിനിമയിലേക്ക് ഇന്ദ്രജിത്തിനെയും,ജയസൂര്യയെയും,അനൂപ് മേനോനെയും,സുരേഷ് കൃഷ്ണയെയും,പ്രിയ മണിയെയും,ഹണീ റോസിനെയും എല്ലാം കൈ പിടിച്ചു കൊണ്ട് വന്ന ഒരാളുടെ മുഖം!തൊലികറുപ്പുള്ള നടന്റെ കൂടെ അഭിനയിക്കാന്‍ വരെ മടി കാണിച്ചവര്‍ ഉണ്ടായിരുന്ന ഒരു കാലത്തു ആ നടനെ നായകന്‍ ആക്കി സിനിമകള്‍ ചെയ്തു തന്റെ നിലപാട് വ്യക്തമാക്കിയ ഒരാള്‍ ! പൃഥ്വിരാജിനെതിരെ വിലക്ക് വന്നപ്പോള്‍, പ്രിഥ്വിയുടെ കൂടെ അഭിനയിച്ചാല്‍ പ്രശ്‌നം ആകുമെന്ന് കരുതി മുഖ്യനടന്മാര്‍ എല്ലാം പിന്മാറി നിന്നപ്പോള്‍ പക്രുവിനെ നായകന്‍ ആക്കി താന്‍ ഒരു സിനിമ ചെയ്യുന്നു എന്നും പറഞ്ഞു മുഖ്യ നടീനടന്മാരെ കൊണ്ട് അഡ്വാന്‍സ് മേടിപ്പിച്ചു കോണ്‍ട്രാക്‌ട് സൈന്‍ ചെയ്യിപ്പിച്ച ശേഷ എന്റെ പടത്തില്‍ പക്രു മാത്രം അല്ല നായകന്‍ പ്രിത്വിയും നായകന്‍ ആണ് , ഇനി നിങ്ങള്‍ക്ക് അഭിനയിക്കാന്‍ പറ്റില്ല എങ്കില്‍ പറയു, ബാക്കി ഞാന്‍ നോക്കികൊള്ളാം എന്ന് പറഞ്ഞു ആ വിലക്കിനെ പൊട്ടിച്ചെറിഞ്ഞ ഒരു മനുഷ്യന്‍ !

പുതുമുഖങ്ങളുടെ കവര്‍ ഫോട്ടോ വച്ചാല്‍ വലിയ പുലിവാല്‍ ആകും, അത് കൊണ്ട് കവര്‍ ചെയ്യാന്‍ പറ്റത്തില്ല എന്ന് പറഞ്ഞ മാഗസിനുകളില്‍ എല്ലാം പുതുമുഖങ്ങളുടെ കവര്‍ ഫോട്ടോസ് വരാന്‍ ആയി പിന്നണിയില്‍ വിയര്‍പ്പൊഴുക്കി ഊമപ്പെണ്ണിന് ഉരിയാടാപയ്യനിലൂടെ തുടക്കം കുറിച്ച ഒരാള്‍ !ലിസ എന്ന ഒരൊറ്റ ചിത്രത്തില്‍ പ്രേതചിത്ര സങ്കല്‍പ്പങ്ങളെ ഒതുക്കി നിര്‍ത്തിയിരുന്ന മലയാളികളുടെ മുന്നിലേക്ക് ആകാശഗംഗയെ തുറന്നു വിട്ടു, ഹൊറര്‍ ചിത്രങ്ങള്‍ക്ക് ഒരു ബഞ്ച് മാര്‍ക്ക് സൃഷ്ടിച്ച ഒരാള്‍ ! മലയാളി ഗ്രാഫിക്‌സിനെയും വിഎഫ്‌എക്‌സിനെയും കുറിച്ച്‌ കേട്ട് തുടങ്ങിയിട്ടില്ലാത്ത കാലത്തു മനുഷ്യന്‍ പട്ടിയാകുന്നതും, പോത്ത് ആകുന്നതും എല്ലാം കാണിച്ചു രസിപ്പിച്ച ഒരാള്‍ ! (ഇന്‍ഡിപെന്‍ഡന്‍സ് )

കൂടെയുള്ളവര്‍ ഒരു സൂപ്പര്‍താര ചിത്രങ്ങളുടെ തീയതിക്കു വേണ്ടി ‘ഓടിക്കൊണ്ടിരുന്ന’കാലത്തു പുതുമുഖങ്ങളെ വെച്ചും , സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളെ വെച്ചും തീയറ്ററില്‍ ‘ഓടിക്കൊണ്ടിരുന്ന’ ചിത്രങ്ങള്‍ പിടിച്ചിരുന്ന സംവിധായകന്‍ ! താരങ്ങള്‍ തിരശീലയില്‍ തീപ്പൊരി സംഭാഷണങ്ങള്‍ കൊണ്ട് സ്‌ഫോടനം സൃഷ്ടിച്ചിരുന്ന സമയത്തു ഊമയായ നായിക നായകന്റെയും കഥ പറഞ്ഞു തീയറ്ററില്‍ ആളെ കയറ്റിയ പ്രതിഭ ! 1995 നെയും 2002 നെയും ഒരു ചരടില്‍ ബന്ധിപ്പിച്ചു അതില്‍ ശിപ്പായി ലഹള മുതല്‍ ഊമപ്പെണ്ണു വരെ പതിനഞ്ചോളം നല്ല ചിത്രങ്ങള്‍ കോര്‍ത്തിട്ടു മലയാള സിനിമയുടെ അകത്തളങ്ങളെ അലങ്കരിച്ച വിനയന്‍ എന്ന പ്രതിഭയില്‍ ഒരു തരി വിശ്വാസക്കുറവ് ഇല്ലാത്തതു കൊണ്ടാകും പത്തോളം വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ സിനിമയുടെ മുഖ്യധാരയിലേക്ക് , പിന്നണിയിലെയും മുന്നണിയിലെയും പ്രമുഖരോടൊപ്പം കടന്നു വരുന്നു എന്ന് കേള്‍ക്കുമ്ബോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം !

അയാളുടെ അവസാനം ഇറങ്ങിയ യക്ഷിയും ഞാനും , രഘുവിന്റെ സ്വന്തം റസിയയും, ഡ്രാക്കുളയും എല്ലാം കണ്ടു അവയുടെ നിലവാരമില്ലായ്മയില്‍ അസംതൃപ്തി തോന്നിയെങ്കിലും, ആ സിനിമകള്‍ എങ്ങനെ സൃഷ്ടിച്ചു എന്നും, എന്ത് കൊണ്ട് സൃഷ്ടിച്ചു എന്നും, സംവിധായക കസേരയില്‍ നിങ്ങള്‍ അല്ലാതെ വേറെ ആരേലും ആണെങ്കില്‍ അങ്ങനെ ഒരു സിനിമ ഉണ്ടാകില്ല എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് വിനയന്‍ ചേട്ടാ നിങ്ങളോടും നിങ്ങളുടെ സിനിമകളോടും ഇന്നും ഈ മുടിഞ്ഞ സ്‌നേഹം !ബസ് സ്റ്റേഷന്‍ മാസ്റ്ററോട് ശബരിമലക്ക് പോകാന്‍ മാലയിട്ട സ്വാമി എന്റെ കൂടെ വന്ന 49 സ്വാമിമാര്‍ക്കു വഴി തെറ്റി പോയി !

സ്റ്റേഷന്‍ മാസ്റ്റര്‍ : അല്ല സ്വാമി , സ്വാമിയുടെ കൂടെ വന്ന 49 പേര്‍ക്കാണോ അതോ സ്വാമിക്കണോ വഴി തെറ്റിയത് ?സ്വാമി : ഏയ് എനിക്ക് വഴി തെറ്റില്ല ഞാന്‍ പെരിയ സ്വാമി ആണ് !ഏറെ ചിരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയിലെ ഒരു രംഗം ആണ് .

എന്റെ കൂടെയുള്ള 49 പേര്‍ക്ക് വഴി തെറ്റി പോയി എന്ന് അനൗണ്‍സ് ചെയ്യാന്‍ വന്ന പെരിയ സ്വാമിയേ പോലെ എന്റെ കൂടെയുള്ളവര്‍ എല്ലാം തെറ്റാണു ചെയ്യുന്നത് എന്ന് പറഞ്ഞു കോടതിയില്‍ കേസിനു പോയി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കേസ് ജയിച്ച നിങ്ങളെ കണ്ടത് കൊണ്ടാകും വിനയന്‍ ചേട്ടാ , ഇപ്പോള്‍ പെരിയ സ്വാമിമാര്‍ പുനര്‍ചിന്തക്കുള്ള അവസരങ്ങള്‍ ആണ് സൃഷ്ടിക്കുന്നത് ! കാത്തിരിക്കുന്നു വിനയന്‍ മോഹന്‍ലാല്‍ ചിത്രത്തിനായി !

shortlink

Related Articles

Post Your Comments


Back to top button