തന്റെ കലാ ജീവിതത്തിനിടയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകനായ വിജി തമ്പി. ഒരു ടിവി സീരിയലുമായി ബന്ധപ്പെട്ടു കവിയൂര്‍ പൊന്നമ്മ എന്ന നടി തന്നോട് പറഞ്ഞ വാക്കുകള്‍ ഒരു സംവിധായകന്‍ എന്ന നിലയില്‍ വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും എക്സിപീരിയന്‍സ് ആയിട്ടുള്ള മറ്റേതൊരു നടിയും ചെയ്യാത്ത കാര്യമാണ് മലയാളത്തിന്റെ അമ്മ നടിയായ കവിയൂര്‍ പൊന്നമ്മ ചെയ്തതെന്നും വിജി തമ്പി ഓര്‍ക്കുന്നു.
“ഞാന്‍ അമ്മ എന്ന ഒരു ടെലിവിഷന്‍ സീരിയല്‍ ചെയ്യുമ്പോള്‍ കവിയൂര്‍ പൊന്നമ്മ എന്ന അഭിനേത്രി ചെയ്ത ഒരു കാര്യം ഒരിക്കലും വിസ്മരിക്കാന്‍ കഴിയാത്തതാണ്. പൊന്നമ്മ ചേച്ചി മരിക്കുന്നതാണ് അതിന്റെ അവസാനം. മകന്‍ പുറത്തു നിന്ന് വരുന്നത് കൊണ്ട് മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചിരിക്കുന്ന ഷോട്ട് എടുക്കണം. എനിക്കത് പൊന്നമ്മ ചേച്ചിയോട് പറയാന്‍ മടിയുണ്ടായിരുന്നു. അത്രയും സീനിയര്‍ ആയിട്ടുള്ള ഒരു നടിയോട് മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കാന്‍ എങ്ങനെ പറയും എന്ന ചിന്തയായിരുന്നു. ഒടുവില്‍ ആര്‍ട്ട് ഡയറക്ടറോട് കാര്യം പറഞ്ഞു. ഫ്രഷ് ആയിട്ടുള്ള ഒരു മൊബൈല്‍ മോര്‍ച്ചറി സംഘടിപ്പിക്കണമെന്ന്, പക്ഷേ കിട്ടിയത് ഉപയോഗിച്ച മൊബൈല്‍ മോര്‍ച്ചറിയായിരുന്നു. ഞാന്‍ അത് മടിച്ചു മടിച്ചു പൊന്നമ്മ ചേച്ചിയോട് പറഞ്ഞപ്പോള്‍, എന്നെ ഞെട്ടിക്കുന്ന മറുപടിയാണ് ചേച്ചി പറഞ്ഞത്. ‘അതിനെന്താ എന്നായാലും ഇതിനുള്ളില്‍ ഒരു ദിവസം കിടക്കേണ്ടതല്ല അതിലൊന്നും വലിയ കാര്യമില്ല’. ആ ഒരു എക്സ്പീരിയന്‍സ് എനിക്ക് മറക്കാന്‍ കഴിയാത്തതാണ്. വിജി തമ്പി പറയുന്നു.
Post Your Comments