CinemaGeneralLatest NewsNEWS

സരിതയെ തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാൻ നോക്കിയിട്ടുണ്ട് മിസ്റ്റർ മമ്മൂട്ടീ നിങ്ങളെ; മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ ആഗ്രഹം വെളിപ്പെടുത്തി ശാരദക്കുട്ടി

ജ്വാലയിൽ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടർന്നും ജ്വലിക്കുകയാണ്

മലയാള സിനിമയിലെ പകരം വക്കാനില്ലാത്ത നടനാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. എണ്ണമറ്റ സിനിമകളിലൂടെ മലയാളി മനസിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ 69 ആം പിറന്നാൾ ദിനം അക്ഷരാർഥത്തിൽ സോഷ്യൽ മീഡിയ കൊണ്ടാടുകയായിരുന്നു എന്ന് പറയാം.

ഇത്തരത്തിൽ മകൻ ദുൽഖറും, നടൻ മോഹൻലാലുമടക്കം സിനിമാ ലോകത്തെയും , ആരാധകരും താരത്തിന് ജൻമദിന ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിരുന്നു.

ഇത്തരത്തിൽ‌ തന്റെ മനസിലുള്ള ഒരു ആ​ഗ്രഹം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി.

ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം…

കാതോടു കാതോരം, ഒരേ കടൽ ഈ ചലച്ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിക്ക് വയസ്സായിട്ടില്ല. മമ്മൂട്ടിക്കു പിറന്നാളുകളില്ല. സിനിമകളില്ല ഞാൻ അവിടെത്തന്നെ അങ്ങേരെ നോക്കി നിൽപ്പുണ്ട്.
മേരിക്കുട്ടി ( സരിത ) പള്ളിയിൽ കൊയർ പാടുന്നു.

തന്റെ ഊഴം വരുമ്പോൾ തലയൽപ്പം നീട്ടി ആ മൈക്കിലൂടെ ലൂയിസ് (മമ്മൂട്ടി) പാടുമ്പോൾ ആയിരം വർണ്ണങ്ങൾ കൂടെ വന്നു. അഴകാർന്നൊരാടകൾ നെയ്തു തന്നു. അന്ന് 1985 .ഞാനും ചെറുപ്പം. സരിതയെ തള്ളി മാറ്റി ആ നോട്ടം അതിലും ഭംഗിയായി ഞാൻ നോക്കിയിട്ടുണ്ട് മിസ്റ്റർ മമ്മൂട്ടീ നിങ്ങളെ .

ഒരേ കടലിനും കാതോടു കാതോരത്തിനും ശേഷം ഞാൻ നിങ്ങളെ അത്രയിഷ്ടത്തോടെ കണ്ടിട്ടില്ല. ഈ ജന്മം നിങ്ങൾക്കങ്ങനെ ഒരു നോട്ടം ഇനി സാധ്യമാകുമോ എന്നെനിക്കറിയില്ല. സാധ്യമായേക്കാവുന്ന ഒരു സംഭവം ഞാൻ പറയട്ടെ ? ഞാൻ താങ്കളെ മറ്റൊരാളായി കാണാനാഗ്രഹിക്കുകയാണ്..

അത് ഇവാൻ തുർഗനേവിന്റെ First Love ലെ വ്ലാഡിമിറിന്റെ അച്ഛന്റെ വേഷത്തിലാണ്.
ഗംഭീര പ്രണയകഥ. മമ്മൂട്ടിയെയും ദുൽക്കറിനെയും മാത്രം മനസ്സിൽ കണ്ടാണത് വായിച്ചത്.
പ്രതിഭയുള്ള ആരെങ്കിലും അത് സിനിമയാക്കുമെങ്കിൽ മലയാളി പ്രണയത്തിന്റെ അവ്യാഖ്യേയമായ നിയമങ്ങൾ മനസ്സിലാക്കിയേക്കും. അതിലെ വേവുകയും നീറുകയും കരയുകയും അസ്വസ്ഥനാവുകയും അസൂയാലുവാകുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്ത വ്ലാഡിമിർ എന്ന പയ്യനെ, അവന്റെ പ്രണയ തീക്ഷ്ണമായ ഉടലും മനസ്സുമുള്ള അച്ഛനെ, ഉത്കണ്ഠകളുടെ അവസാന നിമിഷത്തെ ട്വിസ്റ്റിനെ ഒക്കെ സ്നേഹിച്ചു പോകും. മമ്മൂട്ടിക്ക് വേണ്ടിയുള്ളതാണ് ആ അച്ഛൻ കഥാപാത്രം.

പ്രണയത്തിലൊളിപ്പിച്ച ക്രൗര്യത്തിന്റെ, അസൂയയുടെ, കൂർത്ത ദംഷ്ട്രകൾ എത്ര തവണ ഞാനും നേരിൽ കണ്ടിരിക്കുന്നു! ചിലപ്പോൾ അതിലെ സ്നേഹാധിക്യത്തെ പോലും ഭയന്ന് ഒളിച്ചു നടന്നിരിക്കുന്നു! വിറച്ചു പനിച്ചിരിക്കുന്നു! ഒഴിവാക്കി മറഞ്ഞിരിക്കുന്നു!. സമ്മർദ്ദങ്ങളിൽ പെട്ടിരിക്കുന്നു!

എന്നിട്ടും മാറി മാറി പ്രണയങ്ങൾ അതിലേക്കു വലിച്ചടുപ്പിച്ചു കൊണ്ടേയിരുന്നു. ഒരു കാടിനുള്ളിൽ പല കാടെന്ന പോലെ, ഒരു ജ്വാലയിൽ നിന്ന് അനേകം ജ്വാലകളെന്ന പോല അതിങ്ങനെ ആളിയും പടർന്നും ജ്വലിക്കുകയാണ്.

പ്രണയങ്ങളിലുള്ള പ്രതീക്ഷ അവസാനിക്കാത്തവർക്ക് മലയാള ചലച്ചിത്ര ലോകത്തെ മികച്ച ഒരു നടനിൽ നിന്ന് കിട്ടാവുന്ന ഒരു നല്ല കഥാപാത്രമായിരിക്കും അത്.

പുതിയ ജന്മം വേണമെന്നുള്ളവർക്ക് പുതിയതെന്തെല്ലാമുണ്ട് ഈ ലോകത്തിൽ . നല്ല ജന്മദിനങ്ങളുണ്ടാകട്ടെ !!
എസ്.ശാരദക്കുട്ടി

shortlink

Related Articles

Post Your Comments


Back to top button