മനോഹരമായ ഭാവഗാനങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ ‘ബംഗാളി’ സംഗീത സംവിധായകന് സലീല്‍ ചൗധരിയുടെ ഓര്‍മ്മയായിട്ട് ഇന്ന് 25 വര്‍ഷം. മലയാളത്തിന് പ്രസിഡന്റിന്റെ സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ചെമ്മീന്‍ എന്ന ചിത്രത്തിന് സംഗീതം നല്കി മലയാളത്തിലെത്തി നമ്മുടെ സ്വന്തമായി മാറിയ സലീല്‍ ദായെന്ന സംഗീതമാന്ത്രികനെ മലയാളത്തിന് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹത്തിന്റെ പാട്ടുജീവിതത്തെക്കുറിച്ച് രവി മേനോന് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
വെള്ളിത്തിരയില്‍ എത്തിയില്ലെങ്കിലും ഗാനങ്ങള്‍ കൊണ്ട് സൂപ്പര്‍ഹിറ്റായ ദേവദാസിയുടെ കഥപറയുകയാണ് രവിമേനോന്.
അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം
സലിൽദാ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്
———-
പാദരേണു തേടിയണഞ്ഞു…റിലീസാകാതെ സൂപ്പർ ഹിറ്റായ “ദേവദാസി” യുടെ കഥ
—— ————————
“ദേവദാസി” വെളിച്ചം കണ്ടില്ലെങ്കിലെന്ത്? ഇന്നും സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നു ആ പടവും അതിലെ പാട്ടുകളും. വെള്ളിത്തിരയിലല്ല; അടൂർ പദ്മകുമാറിന്റെ മനസ്സിലാണെന്ന് മാത്രം.
പുറത്തിറങ്ങിയിരുന്നെങ്കിൽ ഈ വർഷം 40 തികഞ്ഞേനെ “ദേവദാസി”ക്ക്. ഇന്നും വല്ലപ്പോഴുമൊക്കെ ആ പടത്തിലെ പാട്ടുകൾ കാതിൽ വന്നു വീഴുമ്പോൾ പദ്മകുമാറിന്റെ ഓർമ്മയിലേക്ക് ദൃശ്യങ്ങളുടെ ഒരു ഘോഷയാത്ര കടന്നുവരും. ചിത്രീകരിക്കപ്പെടാൻ ഭാഗ്യമില്ലാതെ പോയ ബഹുവർണ്ണ ദൃശ്യങ്ങൾ. “എന്റെ സിനിമാ ജീവിതത്തിലെ വലിയ നഷ്ടങ്ങളിൽ ഒന്നാണ് ദേവദാസി. നൊമ്പരമുണർത്തുന്ന ഒരു ഓർമ്മ. ആ പേര് പോലും അന്യാധീനപ്പെട്ടു എന്നതാണ് സത്യം. എങ്കിലും ഒരാശ്വാസമുണ്ട്. അതിലെ പാട്ടുകൾ മലയാളികൾ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്നു; ഏറ്റുപാടുന്നു. റിയാലിറ്റി ഷോകളിലെ കൊച്ചു മത്സരാർത്ഥികൾ വരെ ആ ഗാനങ്ങൾ പാടി കയ്യടി നേടുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണു നിറയും. ഒ എൻ വിക്കും സലിൽ ചൗധരിക്കും ഒപ്പമിരുന്ന് അവയുടെ സൃഷ്ടിക്ക് സാക്ഷ്യം വഹിച്ച അസുലഭ നിമിഷങ്ങൾ ഓർമ്മവരും….” തരിമ്പും അതിശയോക്തിയില്ല ആ വാക്കുകളിൽ. ദേവദാസിയുടെ നിർമ്മാതാവ് ആകേണ്ടിയിരുന്ന ആളാണല്ലോ പദ്മകുമാർ.
ഇറങ്ങാത്ത പടങ്ങളിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി മാറിയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട് മലയാളത്തിൽ. ചിത്രീകരണത്തിന്റെ അകമ്പടിയില്ലാതെ തന്നെ മനസ്സിൽ ഇടം നേടുന്ന അത്തരം പാട്ടുകൾ ശ്രോതാവിന് മുന്നിൽ തുറന്നിടുന്നത് ഭാവനയുടെ അപാരസുന്ദരമായ ലോകമാണ്. എങ്ങനെ വേണമെങ്കിലും ആ പാട്ടുകൾ മനസ്സിൽ ദൃശ്യവൽക്കരിച്ചു കാണാം നമുക്ക്. ദേവദാസിയിലെ പാട്ടുകൾ കേട്ടുനോക്കുക. ഒ എൻ വിയുടെ വരികളിൽ തന്നെയുണ്ട് ദൃശ്യചാരുത; സലിൽദായുടെ ഈണങ്ങളിലും. പാദരേണു തേടിയണഞ്ഞു (യേശുദാസ്), പൊന്നലയിൽ അമ്മാനമാടി (യേശുദാസ്, വാണി ജയറാം, കോറസ്), ഒരുനാൾ വിശന്നേറെ തളർന്നേതോ വാനമ്പാടി (യേശുദാസ്), ഇനിവരൂ തേൻ നിലാവേ (സബിത ചൗധരി), മാനസേശ്വരീ മനോഹരി (എസ് ജാനകി), വരൂ വരൂ നീ വിരുന്നുകാരാ (എസ് ജാനകി).. എല്ലാം മലയാളികൾ സ്നേഹപൂർവ്വം മൂളിനടന്ന, ഇന്നും മൂളിനടക്കുന്ന പാട്ടുകൾ.
https://youtu.be/-fh78pUkW-Q
ശാസ്ത്രീയ നൃത്തം പഠിച്ചിട്ടും ഉപജീവനാർത്ഥം വൻനഗരത്തിലെ ബാർ ഹോട്ടലിൽ കാബറെ നർത്തകിയാകേണ്ടി വന്ന യുവതിയുടെ കഥയായിരുന്നു ദേവദാസി. തൊഴിലന്വേഷിച്ച് മുംബൈയിൽ എത്തുന്ന നായകൻ (പ്രേംനസീർ അവതരിപ്പിക്കേണ്ട കഥാപാത്രം) യാദൃച്ഛികമായി അവളെ കണ്ടുമുട്ടുന്നിടത്തുനിന്നാണ് കഥയുടെ തുടക്കം. നഷ്ടപ്പെട്ട കലാജീവിതം വീണ്ടെടുക്കാൻ അയാൾ അവൾക്ക് തുണയാകുന്നു. “ചിത്രത്തിൽ ക്ളൈമാക്സ് രംഗത്ത് കടന്നുവരേണ്ട പാട്ടായിരുന്നു മാനസേശ്വരീ മനോഹരി.” — പദ്മകുമാറിന്റെ ഓർമ്മ. “ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ചുള്ള നായികയുടെ ശാസ്ത്രീയ നൃത്തത്തിന് പശ്ചാത്തലമായുള്ള പാട്ട്. ലക്ഷ്മിയെയാണ് ആ കഥാപാത്രത്തിനായി നിശ്ചയിച്ചിരുന്നത്. സിനിമയിൽ അധികം നൃത്തം ചെയ്തു കണ്ടിട്ടില്ലാത്ത ലക്ഷ്മിയുടെ തീർത്തും വ്യത്യസ്തമായ റോളായി മാറേണ്ടതായിരുന്നു ദേവദാസിയിലെ നർത്തകി.” ഫ്ളാഷ് ബാക്കിൽ കഥ പറയുന്ന മട്ടിലാണ് ഒരുനാൾ വിശന്നേറെ എന്ന പാട്ട് ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്; പൊന്നലയിൽ എന്ന സംഘഗാനം സ്വപ്നരംഗമായും. സിനിമയിൽ നിർണായകമായ മറ്റൊരു രംഗത്ത് കടന്നുവരേണ്ട നൃത്തഗാനമായിരുന്നു പാദരേണു തേടിയണഞ്ഞു.
“ഈ ഗാനം മറക്കുമോ” എന്ന ചിത്രത്തിന്റെ ഭേദപ്പെട്ട വിജയമാണ് നിർമ്മാതാവ് അടൂർ പദ്മകുമാറിനെ “ദേവദാസി”യിൽ കൊണ്ടുചെന്നെത്തിച്ചത്. കേരളം മുഴുവൻ ഏറ്റുപാടിയ ഒ എൻ വി — സലിൽ ചൗധരി ടീമിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളായിരുന്നു “ഈ ഗാനം മറക്കുമോ”യുടെ മുഖ്യ ആകർഷണം (ഓണപ്പൂവേ, കളകളം കായലോളങ്ങൾ പാടും, കുറുമൊഴി മുല്ലപ്പൂവേ, ഈ കൈകളിൽ, രാക്കുയിലേ ഉറങ്ങൂ). ദേവദാസിയിലും അതേ ടീമിനെ ആവർത്തിക്കാൻ ആഗ്രഹിച്ചു പദ്മകുമാർ. സംവിധായകനായി എൻ ശങ്കരൻ നായരേയും നായകനായി പ്രേംനസീറിനെയും ഗാനസ്രഷ്ടാക്കളായി ഒ എൻ വി — സലിൽദാ ടീമിനെയും നിശ്ചയിച്ചത് അങ്ങനെയാണ്. തിരുവനന്തപുരത്തു വെച്ചായിരുന്നു പാട്ടുകളുടെ കമ്പോസിംഗ്.
ദേവദാസിയിലെ പാട്ടുകൾ പിറന്നുവീണ കഥ ഒരിക്കൽ ഒ എൻ വി ഓർത്തെടുത്തതിങ്ങനെ: “ഇന്നത്തെ എസ് യു ടി ആശുപത്രി നില്ക്കുന്ന സ്ഥലത്ത് പണ്ട് ഒരു ലക്ഷ്വറി ഹോട്ടല്‍ ഉണ്ടായിരുന്നു– താര ഹോട്ടല്‍. അവിടെ വച്ച് ആരംഭിച്ച ഞങ്ങളുടെ ഗാനസൃഷ്ടി പിന്നീടു കോവളത്തേക്കും മദ്രാസിലെ സവേര ഹോട്ടലിലേക്കും നീണ്ടു. അതുവരെ ചെയ്ത പാട്ടുകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഗാനങ്ങള്‍ ഉണ്ടാക്കണമെന്ന് എനിക്കും സലിൽദായ്ക്കും വാശിയുണ്ടായിരുന്നു. അങ്ങനെയാണ് ഒരു നാൾ വിശന്നേറെ എന്ന കഥപ്പാട്ട് ജനിച്ചത്. മലയാളത്തിൽ അധികം പൂർവ മാതൃകകൾ ഇല്ല ആ രചനക്ക്. വര്‍ത്തമാനം പറയുന്ന മട്ടില്‍ ഏറെക്കുറെ ഗദ്യരൂപത്തില്‍ എഴുതിയ പാട്ട് ആണത്. ടാഗോര്‍ കഥകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു കൊണ്ടുള്ള അത്തരം ബംഗാളി ഗാനങ്ങള്‍ സലില്‍ദാ എനിക്ക് കേള്‍പ്പിച്ചു തന്നിരുന്നു…”
പ്രിയ സുഹൃത്തായ ഹേമന്ത് കുമാറിന് പാടി റെക്കോർഡ് ചെയ്യാൻ വേണ്ടി 1949 ൽ താൻ തന്നെ എഴുതി ചിട്ടപ്പെടുത്തിയ “കോനോ ഏക് ഗായേരെ ബധുർ കൊഥ” എന്ന വിശ്രുത ബംഗാളി ഗ്രാമീണ കഥാഗാനത്തിന്റെ ഈണമാണ് “ഒരു നാൾ വിശന്നേറെ തളർന്നേതോ” എന്ന മലയാളം പാട്ടിനു വേണ്ടി സലിൽദാ സ്വീകരിച്ചത്. പശ്ചാത്തല സംഗീതത്തിന് ഗിറ്റാറും കീബോർഡും ഉപയോഗിച്ച് നാഗരികതയുടെ ഫീൽ നൽകി എന്നൊരു വ്യത്യാസം മാത്രം. സിനിമയിലെ മറ്റു മിക്ക ഗാനങ്ങളും പിന്തുടർന്നത് സലിൽദായുടെ പഴയ ഈണങ്ങൾ തന്നെ. എന്നാൽ “പാദരേണു” തീർത്തും മൗലികമായിരുന്നു. നാരായണി എന്ന അപൂർവ രാഗത്തിൽ മലയാളത്തിന് വേണ്ടി മാത്രമായി ചിട്ടപ്പെടുത്തിയതാണ് ആ പാട്ട്. ചെന്നൈയിലെ തരംഗിണി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗിനും ഉണ്ടായിരുന്നു സവിശേഷതകൾ ഏറെ. പ്രിയ എന്ന തമിഴ് ചിത്രത്തിന് വേണ്ടി യേശുദാസ് മുൻകൈയെടുത്ത് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത സ്റ്റീരിയോഫോണിക് സംവിധാനത്തിലായിരുന്നു ഗാനലേഖനം. അതുകൊണ്ടുതന്നെ അന്നത്തെ പാട്ടുകളെ സൗണ്ടിംഗിൽ ഏറെ പിന്നിലാക്കി “ദേവദാസി”.
ഗാനസൃഷ്ടി പൂർത്തിയായെങ്കിലും തുടങ്ങിയേടത്തു തന്നെ നിൽക്കുകയായിരുന്നു അപ്പോഴും പദ്മകുമാറിന്റെ സ്വപ്ന സിനിമ. ശങ്കരൻ നായരുടെ സ്ഥാനത്ത് സംവിധായകനായി അന്നത്തെ ഹിറ്റ് മേക്കർ ശശികുമാർ വന്നു എന്ന് മാത്രം. പ്രേംനസീറിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരുന്നു ആ മാറ്റം. തിരക്കഥയും സംഭാഷണവും എസ് എൽ പുരം എഴുതിയെങ്കിലും ഉദ്ദേശിച്ച പോലെ വന്നില്ലെന്ന് പദ്മകുമാർ. സഹോദരൻ അടൂർ മണികണ്ഠൻ “അങ്കുരം” എന്നൊരു സിനിമയുടെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് ആ നാളുകളിലാണ്. അനുജന് വേണ്ടി ആ പടത്തിന്റെ നിർമ്മാണ ചുമതല ഏറ്റെടുക്കേണ്ടി വന്നു പദ്മകുമാറിന്. സ്വാഭാവികമായും ദേവദാസിയുടെ പ്രവർത്തനങ്ങൾ മുടങ്ങി. അങ്കുരം കഴിഞ്ഞു നസീറിനെ നായകനാക്കി “സുവർണക്ഷേത്രം” എന്നൊരു പടം കൂടി തുടങ്ങിവെക്കുന്നു മണികണ്ഠൻ. ആ പടത്തിന്റെ പ്രവർത്തനങ്ങൾക്കും ഒപ്പം നിൽക്കേണ്ടി വന്നു പദ്മകുമാറിന്. പാട്ടുകൾ റെക്കോർഡ് ചെയ്തെങ്കിലും സുവർണ്ണക്ഷേത്രം റിലീസാകാതെ പോകുകയാണുണ്ടായത്. അപ്പോഴേക്കും കാലമേറെ കടന്നുപോയിരുന്നു. പ്രേംനസീർ നായക കഥാപാത്രങ്ങളിൽ നിന്ന് മാറിത്തുടങ്ങി. പുതിയ താര സമവാക്യങ്ങൾ രൂപം കൊണ്ടു. പദ്മകുമാറാകട്ടെ പുതിയ ദൗത്യങ്ങളുമായി ടെലിവിഷൻ മേഖലയിലേക്ക് യാത്രയാകുകയും ചെയ്തു.
“ദേവദാസി” ചരിത്രത്തിൽ ഒടുങ്ങിയെങ്കിലും ഗ്രാമഫോൺ കമ്പനി പുറത്തിറക്കിയ അതിലെ പാട്ടുകൾ അതിനകം മലയാളികൾ ഏറ്റുപാടിത്തുടങ്ങിയിരുന്നു. ഇന്നും ആ ഗാനങ്ങൾക്ക് ആവശ്യക്കാരുണ്ട്; പുതിയ തലമുറയിൽ പോലും.
പദ്മകുമാറിന്റെ സ്വപ്നങ്ങളിലെ ദേവദാസി വെളിച്ചം കണ്ടില്ലെങ്കിലും രണ്ടു പതിറ്റാണ്ടിന് ശേഷം മറ്റൊരു ദേവദാസി മലയാളികളെ തേടിയെത്തി — ബിജു വർക്കിയുടെ സംവിധാനത്തിൽ. ഭരത് ഗോപിയും നെടുമുടി വേണുവും അഭിനയിച്ച ആ ചിത്രത്തിന് ഗാനങ്ങളൊരുക്കിയത് എസ് രമേശൻ നായർ — ശരത് ടീം. ദേവദാസി എന്ന പേരിന്റെ പകർപ്പവകാശ സംരക്ഷണത്തിന് വേണ്ടി പദ്മകുമാർ കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
എങ്കിലും ദുഖമില്ല: “ദേവദാസി” എന്ന് കേൾക്കുമ്പോൾ ഇന്നും സംഗീത പ്രേമികളായ മലയാളികളുടെ മനസ്സിൽ തെളിയുക പുറത്തിറങ്ങാതെ പോയ ആ പഴയ ദേവദാസി തന്നെ. അത്രകണ്ട് അവരെ വശീകരിച്ചവയാണല്ലോ അതിലെ പാട്ടുകൾ.
—–രവിമേനോൻ (2020 സെപ്തം 5)
https://www.facebook.com/ravi.menon.1293/posts/10157073414061090
Post Your Comments