സീരിയല്‍ നടി അനിഖ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍ ആയതോടെ കന്നഡ സിനിമാലോകത്തെ ലഹരിബന്ധം ചര്‍ച്ചയാകുന്നു. കന്നഡ സിനിമയിലെ പ്രമുഖര്‍ക്ക് മയക്കു മരുന്നു മാഫിയയുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയതിന് പിന്നാലെ അന്തരിച്ച നടന് ചിരഞ്ജീവി സര്‍ജയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സജീവമാകുന്നു.
മലയാള സിനിമയിലൂടെ ശ്രദ്ധ നേടിയ മേഘ്ന രാജിന്റെ ഭര്‍ത്താവ് കൂടിയായ ചിരഞ്ജീവി ജൂണിലാണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചത്. താരത്തിന്റെ പേരു മയക്കുമരുന്നു കേസില്‍ അനാവശ്യമായി വലിച്ചിഴക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് കിച്ച സുദീപ് രംഗത്ത്.
‘ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരന് ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവര്‍ ആ വലിയ ദുഃഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.
Post Your Comments