
കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് സീരിയലുകള്‍. എന്നാല്‍ പ്രത്യേകവിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ടെലിവിഷന്‍ സീരിയലിന് വിലക്ക്. ജനപ്രിയ പരമ്പരയായ ‘ബീഗം ജാനിന്’ അസം പൊലീസ് രണ്ട് മാസം വിലക്കേര്‍പ്പെടുത്തി. ഒരുമാസം നീണ്ടുനിന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് നടപടി.
മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് റംഗോണി ചാനലില്‍ ആരംഭിച്ച ഈ അസമീസ് സീരിയലില്‍ നായിക ഹിന്ദുവും നായകന് മുസ്ലീമുമാണ്. സീരിയല്‍ ഒരു മതവിഭാഗത്തിന്റെ താത്പര്യങ്ങളെ മുറിവേല്‍പ്പിച്ചെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതിനാല്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് (റെഗുലേഷന്) ആക്ട്, 1995ന്റെ അടിസ്ഥാനത്തില്‍ സീരിയലിന് രണ്ടു മാസത്തെ വിലക്കേര്‍പ്പെടുത്തുകയാണെന്ന് ഗുവാഹത്തി പൊലീസ് കമ്മിഷണര്‍ എം.പി.ഗുപ്ത 24ന് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദു ജാഗരണ്‍ മഞ്ച്, അസം ബ്രാഹ്മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം, ഗണജിത് അദികരി എന്നിവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു ജനജഗുരുതി സമിതി ജൂലായില്‍ സീരിയലിനെതിരെ #BoycottBegumJaan, #BoycottRengoni എന്നീ ഹാഷ്ടാഗുകളില്‍ സമൂഹമാദ്ധ്യമങ്ങളില്‍ ക്യാംപെയ്ന് ആരംഭിച്ചിരുന്നു.
ഓണ്‍ലൈന്‍ വഴി പീഡന, വധ ഭീഷണികള്‍ ഉയര്‍ന്നിരുന്നുവെന്ന് സീരിയലിലെ നായിക പ്രീതി ഖോന്‍ഘാന പറഞ്ഞു.
Post Your Comments