ദിലീപ് – മഞ്ജു വാര്യര്‍ ജോഡികള്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രമാണ് സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം. ലോഹിതദാസ് തിരക്കഥ എഴുതിയ ചിത്രം അക്കാലത്തെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു. ദിലീപ് എന്ന നടനും മഞ്ജു വാര്യര്‍ എന്ന നടിയ്ക്കും സൂപ്പര്‍ താര പരിവേഷം നല്‍കിയ സിനിമയില്‍ അവര്‍ക്കൊപ്പം ഏറെ തിളങ്ങിയ കഥാപാത്രങ്ങളായിരുന്നു ദിവാകരന്‍ എന്ന മനോജ് കെ ജയന്റെ കഥാപാത്രവും, മാള അരവിന്ദന്‍ ചെയ്ത കുഞ്ഞൂട്ടന്‍ എന്ന ആശാരി കഥാപാത്രവും. സല്ലാപം എന്ന സിനിമയില്‍ മാള അരവിന്ദന്‍ എന്ന നടനെ കാസ്റ്റ് ചെയ്യുമ്പോള്‍ താന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരുന്നുവെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ സുന്ദര്‍ ദാസ്.
“സല്ലാപം എന്ന സിനിമയില്‍ മാള ചേട്ടനെ കുഞ്ഞൂട്ടന്‍ ആശാരിയുടെ റോളില്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ലോഹിയോടു പറഞ്ഞത് ഒരേയൊരു കാര്യമാണ്. പതിവ് സിനിമകളിലെ മാള ചേട്ടന്‍ നമ്മുടെ സിനിമയില്‍ വേണ്ട. അതയയത് അദ്ദേഹത്തിന്റെ തുപ്പല്‍, ഞെട്ടല്‍ തുടങ്ങിയ കോമഡി നമ്പരുകള്‍ മാറ്റി നിര്‍ത്തണമെന്ന് ഞാന്‍ ലോഹിയോടു പറഞ്ഞു. ഒരു സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ എനിക്കത് പറയാന്‍ മടിയുണ്ടായിരുന്നു. പക്ഷേ ലോഹി എനിക്ക് ഇങ്ങനെ ഒരു അഭിപ്രായമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാള ചേട്ടന്‍ പൊട്ടിച്ചിരിയോടെയാണ് അത് കേട്ടത്. പിന്നീട് ആ സിനിമയില്‍ അദ്ദേഹത്തിന്റെ പതിവ് കോമഡി നമ്പരുകള്‍ മാറ്റി നിര്‍ത്തി ആ വേഷം അദ്ദേഹം മനോഹരമാക്കി മാറ്റുകയും ചെയ്തു”. സുന്ദര്‍ ദാസ് പറയുന്നു.
കടപ്പാട് : സഫാരി ടിവി (ചരിത്രം എന്നിലൂടെ)
Post Your Comments