സീനിയര്‍ സംവിധായകരുടെ സിനിമകള്‍ എന്ത് കൊണ്ട് പരാജയപ്പെടുന്നു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കുകയാണ് സംവിധായകന് സിബി മലയില്‍. താന്‍ അവസാനമായി ചെയ്ത സൂപ്പര്‍താര ചിത്രം ഫ്ലാഷും, ഫാസില്‍ അവസാനമായി സംവിധാനം ചെയ്ത സൂപ്പര്‍താര ചിത്രം മൗസ് ആന്‍ഡ് ക്യാറ്റും എന്ത് കൊണ്ട് പരാജയപ്പെട്ടു എന്നതിന് മറുപടി പറയുകയാണ് സിബി മലയില്‍.
‘എന്റെ ചിത്രങ്ങളുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്ക് തന്നെയാണ്. ഞാനതില്‍ അഭിനയിച്ച ആളുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇതിന്റെ വിജയത്തിന്റെ ക്രെഡിറ്റ് എനിക്ക് അവകാശപ്പെടമെങ്കില് ഇതിന്റെ പരാജയത്തിന്റെ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കണം. നമ്മള് കാലത്തിനൊത്ത് മാറണം, പഴയ രീതിയിലുള്ള കഥകളില്‍ നിന്ന് മാറാന്‍ കഴിയണം. ഞാനും കമലും ഫാസിലുമൊക്കെ ചെയ്ത കാലഘട്ടത്തിലെ സിനിമകള്‍ കണ്ടു കയ്യടിച്ചവര്‍ ഏകദേശം ഇപ്പോള്‍ മധ്യവയസ്സ് കടന്നിരിക്കുന്നു. പുതിയ ഒരു തലമുറയുണ്ട്. അവരുടെ കാഴ്ചപാടുകള്‍ അവരുടെ ജീവിതാവസ്ഥകള്‍ ഇതിനോടൊക്കെ നമ്മള് പ്രോപ്പറായി പ്രതികരിച്ചു കൊണ്ട് അവരുടെ കഴ്ചപാടുകളെ മനസിലാക്കി കൊണ്ട് ചെയ്യേണ്ടതുണ്ട്. കമല്‍ യംഗ് ജനറേഷന് സിനിമകള്‍ ചെയ്തെങ്കിലും അത് എത്രത്തോളം മനസിലാക്കിയിട്ടാണ് ചെയ്യുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. അല്ലെങ്കില്‍ അത് സ്വീകരിക്കപ്പെടുമായിരുന്നു. ഫാസില്‍ ‘മൗസ് ആന്‍ഡ് ക്യാറ്റ്’ എന്ന സിനിമ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മുന്‍കാല സിനിമകളുമായി അതിനൊരു അടുപ്പമുണ്ട് എന്നതായിരിക്കാം അതിന്റെ ഒരു പോരായ്മ’. സിബി മലയില്‍ പറയുന്നു.
Post Your Comments