വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതൊരു കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന കലാഭവന്‍ സോബി ഈ മരണത്തില്‍ തനിക്ക് ചില പേരുകൾ വെളിപ്പെടുത്താനുണ്ടെന്ന് തുറന്നു പറയുന്നു. ”ഈ പേരുകൾ താൻ നിലവിൽ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നാണ് നിലപാട്. പേരുകൾ ചോദിച്ചപ്പോൾ നിങ്ങൾ ബ്രെയിൻ മാപ്പ് ചെയ്തോളൂ; അപ്പോൾ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശൻ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്. നുണ പരിശോധന നടത്തുകയാണെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും” സോബി പറഞ്ഞു
”എല്ലാ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാൻ തയാറാണ് എന്ന വിവരം കഴിഞ്ഞ ഏഴാം തീയതി എഴുതിക്കൊടുത്തിട്ടുണ്ട്. അന്വേഷണം ചിലർ പറയുന്ന വഴിക്കാണ് നീങ്ങുന്നതെന്നാണ് മനസിലാകുന്നത്. കണ്ട കാര്യങ്ങൾ പറയാൻ ആകെ അവസരം ലഭിച്ചത് സിബിഐയോട് മാത്രമാണ്. പേരുകൾ ഇപ്പോൾ പറഞ്ഞാൽ അതിന്റെ പേരിൽ ചിലർക്ക് തന്നോട് വൈരാഗ്യമുണ്ടാകും. എന്നാൽ ഉറക്കിക്കിടത്തി പറയുമ്പോൾ സത്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടും. നുണ പരിശോധന നടത്തുമ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം കൂടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും. കോടതി അനുവദിക്കുമെന്നാണ് അറിയുന്നത്. കേസിൽ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും പറയുന്നത്.” സോബി മനോരമയോടു പ്രതികരിച്ചു.
Post Your Comments