GeneralLatest NewsMollywood

മുഖത്ത് നിറയെ കുഴികള്‍, ചീര്‍ത്ത കവിളുകള്‍, കുടവയര്‍, ആമവാതം പിടിച്ച പോലെ നടക്കുന്ന മോഹന്‍ലാല്‍; തൊണ്ടയില്‍ കാന്‍സര്‍ ആണ്, സിനിമാജീവിതം കഴിഞ്ഞു എന്നൊക്കെ വിമര്‍ശിച്ചു; കുറിപ്പ് വൈറല്‍

ഈ ബോഡി ഷെയിമിംഗിന് ഒപ്പം തന്നെ മോഹന്‍ലാലിന്റെ വ്യക്തി ജീവിതത്തിലേക്കും ഈ വ്യക്തിഹത്യ കടന്ന് ചെന്നു, അതും അങ്ങേയറ്റം നീചമായ രീതിയില്‍ തന്നെ..അദ്ദേഹത്തെ പറ്റി, എന്തിന് അദ്ദേഹത്തിന്റെ ഭാര്യയെ പറ്റി പോലും വ്യാജ വാര്‍ത്തകള്‍

മലയാള സിനിമയിലെ താരരാജാവായി മോഹന്‍ലാല്‍ തിളങ്ങുകയാണ്. എന്നാല്‍ മോഹന്‍ലാലിനെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ ഇപ്പോഴും പിന്തുടരുകയാണ്. ഇതിനെതിരെയുള്ള ഒരു ആരാധകന്റെ കുറിപ്പ് വൈറലാകുന്നു. സിനിമകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ വരെ മുഖത്ത് നിറയെ കുഴികള്‍, ചീര്‍ത്ത കവിളുകള്‍, കുടവയര്‍, ആമവാതം പിടിച്ച പോലെ നടക്കുന്ന മോഹന്‍ലാല്‍ എന്നിങ്ങനെ ലാലിനെ ബോഡി ഷെയിമിംഗ് നടത്താന്‍ മുന്‍നിരയില്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം എന്നാണ് സഫീര്‍ അഹമ്മദ് എന്ന ആരാധകന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ്:

“മോഹന്‍ലാലും ബോഡി ഷെയിമിംഗും”
മോഹന്‍ലാലിനോളം ബോഡി ഷെയിമിംഗിന് ഇരയായ ഒരു നടന്‍ മലയാള സിനിമയില്‍ വേറെ ഉണ്ടാകില്ല.മോഹന്‍ലാലിന്റെ മുഖത്തെ പറ്റിയുള്ള, ശരീരത്തെ പറ്റിയുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല. അതിന് ഏകദേശം 34 വര്‍ഷങ്ങളോളം തന്നെ പഴക്കം ഉണ്ട്.എടുത്ത് പറയത്തക്ക യാതൊരു പ്രത്യേകതയും ഇല്ലാത്ത മുഖവും ശരീരവുമായി 1980- ല്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്‌ നടനാണ് മോഹന്‍ലാല്‍..1980- 85 കാലഘട്ടത്തില്‍ വില്ലനില്‍ നിന്നും നായക നടനിലേക്കുള്ള പടിപ്പടിയായിട്ടുള്ള വളര്‍ച്ചയില്‍ ബോഡി ഷെയിമിംഗിന് മോഹന്‍ലാല്‍ ഇരയാക്കപ്പെട്ടിരുന്നില്ല.എന്നാല്‍ 1986- ല്‍ മോഹന്‍ലാല്‍ മലയാള സിനിമയിലെ ഏറ്റവും വലിയ നടനായി, താരമായി വളര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ മോഹന്‍ലാലിന്റെ മുഖവും ശരീരവും വെച്ചുള്ള പരിഹാസങ്ങളും ആരംഭിച്ചു.

മുഖത്ത് നിറയെ കുഴികള്‍ ഉള്ള മോഹന്‍ലാല്‍,
ചീര്‍ത്ത കവിളുകള്‍ ഉള്ള മോഹന്‍ലാല്‍,
തടിയുള്ള, കുടവയര്‍ ഉള്ള മോഹന്‍ലാല്‍, ആമവാതം പിടിച്ച പോലെ നടക്കുന്ന മോഹന്‍ലാല്‍, ഇതൊക്കെ ആയിരുന്നു ആദ്യകാലത്തെ പരിഹാസങ്ങള്‍.ഈ പരിഹാസങ്ങള്‍ കൂടുംതോറും മോഹന്‍ലാലിന്റെ ജനപ്രീതിയും അങ്ങേയറ്റം വളര്‍ന്നു എന്നതാണ് സത്യം, അന്ന് വരെ മലയാള സിനിമയില്‍ വേറെ ഒരു നടനും നേടിയിട്ടില്ലാത്ത ജനപ്രീതി മോഹന്‍ലാല്‍ നേടിയെടുത്തു.

പരിഹസിക്കപ്പെട്ട ആ മുഖത്ത് ചിരി വിടര്‍ന്നപ്പോള്‍ തിയേറ്ററുകളില്‍ അത് ഒരായിരം ചിരികളായി, പരിഹസിക്കപ്പെട്ട ആ മുഖത്ത് സങ്കടം വന്നപ്പോള്‍ അത് പ്രേക്ഷകന്റെ മനസിലെ വിങ്ങലായി, പരിഹസിക്കപ്പെട്ട ആ മുഖം വെച്ച്‌ ഗാനരംഗങ്ങളില്‍ പാടി അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് പുതു അനുഭവമായി, പരിഹസിക്കപ്പെട്ട ആ തടിച്ച ശരീരം വെച്ച്‌ മോഹന്‍ലാല്‍ അനായാസമായി ആക്ഷന്‍ രംഗങ്ങളും നൃത്തരംഗങ്ങളും ചെയ്തപ്പോള്‍ തിയേറ്ററുകളില്‍ അന്ന് വരെ മുഴങ്ങാത്ത കരഘോഷം മുഴങ്ങി.ഈ ബോഡി ഷെയിമിംഗിന് ഒന്നും മോഹന്‍ലാലിന്റെ ജനപ്രീതി കുറയ്ക്കാന്‍ സാധിക്കില്ല എന്നായപ്പോള്‍ വേറെ ഒരു ഘടകം കൊണ്ട് വന്നു മോഹന്‍ലാലിനെ ഇകഴ്ത്താന്‍, മോഹന്‍ലാല്‍ അത്ര വലിയ നടന്‍ ഒന്നുമല്ല, മോഹന്‍ലാലിന് സീരിയസ് റോള്‍ ചെയ്യാന്‍ പറ്റില്ല, തമാശ കാണിച്ച്‌ തലകുത്തി മറിയാനും പിന്നെ ആക്ഷന്‍ സിനിമ ചെയ്യാനും മാത്രമേ കഴിയു എന്ന്.. .ഇതിനും മോഹന്‍ലാല്‍ തന്റെ സിനിമകളിലൂടെ മറുപടി കൊടുത്തു വിമര്‍ശകരുടെ, പരിഹാസകരുടെ വായ അടപ്പിച്ച്‌ കൊണ്ടേയിരുന്നു.

ഈ ബോഡി ഷെയിമിംഗിന് ഒപ്പം തന്നെ മോഹന്‍ലാലിന്റെ വ്യക്തി ജീവിതത്തിലേക്കും ഈ വ്യക്തിഹത്യ കടന്ന് ചെന്നു, അതും അങ്ങേയറ്റം നീചമായ രീതിയില്‍ തന്നെ..അദ്ദേഹത്തെ പറ്റി, എന്തിന് അദ്ദേഹത്തിന്റെ ഭാര്യയെ പറ്റി പോലും വ്യാജ വാര്‍ത്തകള്‍ ഇടക്കിടെ പടച്ച്‌ വിട്ടു കൊണ്ടേയിരുന്നു. ഇതിനിടയില്‍ പലവട്ടം മോഹന്‍ലാലിന്റെ മരണ വാര്‍ത്തയും ആഘോഷിച്ചു ഇക്കൂട്ടര്‍.ഒരിക്കല്‍ പോലും ഇത്തരം അപവാദങ്ങള്‍ക്ക് മറുപടി മോഹന്‍ലാല്‍ കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.പകരം മറുപടി കൊടുത്തത് ആളുകളെ രസിപ്പിക്കുന്ന സിനിമകള്‍ ചെയ്തും, അവാര്‍ഡുകള്‍ നേടിയും വമ്ബന്‍ വിജയ സിനിമകള്‍ നല്‍കിയും ഒക്കെ ആണ്.1996- ല്‍ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ മാറ്റം വന്നപ്പോള്‍ ഈ വിമര്‍ശകര്‍ വീണ്ടും തല പൊക്കി, മോഹന്‍ലാലിന് തൊണ്ടയില്‍ കാന്‍സര്‍ ആണ്, മോഹന്‍ലാലിന്റെ സിനിമാജീവിതം കഴിഞ്ഞു എന്നൊക്ക പറഞ്ഞ് ശരിക്കും ആഘോഷിച്ചു. ഇതിന് മോഹന്‍ലാല്‍ മറുപടി നല്‍കിയത് ചന്ദ്രലേഖ, ആറാം തമ്ബുരാന്‍ തുടങ്ങിയ വമ്ബന്‍ വിജയങ്ങളിലൂടെയാണ്.

ഇനിയാണ് ബോഡി ഷെയിമിംഗിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്, മോഹന്‍ലാല്‍ വിഗ് വെയ്ക്കുന്നു എന്നും പറഞ്ഞ്.സിനിമാചരിത്രത്തില്‍ ആദ്യമായി ഒരു നടന്‍ വിഗ് വെച്ചത് പോലെയുള്ള പരിഹാസങ്ങളാണ് മോഹന്‍ലാലിന് നേരെ അഴിച്ച്‌ വിട്ടത്, അത് ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ഇതിനിടയില്‍ മോഹന്‍ലാലിന്റെ മകനെയും വെറുതെ വിട്ടില്ല, യാതൊരു അടിസ്ഥാനവും ഇല്ലാതെ ആ പയ്യനെ കുറിച്ചും അപവാദങ്ങള്‍ പറഞ്ഞ് പരത്തി.ഒടിയന് ശേഷം ഈ ബോഡി ഷെയിമിംഗിന്റെ ശക്തി വീണ്ടും വര്‍ദ്ധിച്ചു, കണ്ണിലെ തീക്ഷ്ണത കുറഞ്ഞു എന്നൊക്കെ പറഞ്ഞ് കൊണ്ട്.അതിനും മോഹന്‍ലാല്‍ തന്റെ സിനിമകളിലൂടെ തന്നെ മറുപടി കൊടുത്തു, ഇത്തിക്കര പക്കിയിലൂടെ, ലൂസിഫറിലൂടെ. എന്നാലും ബോഡി ഷെയിമിംഗ് അതിന്റെ എല്ലാ സീമകളും ലംഘിച്ച്‌ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ ബഹുഭൂരിപക്ഷം മലയാളികളുടെ മനസ്സില്‍ ഇത്രമാത്രം ആഴത്തില്‍ പതിഞ്ഞിരിക്കുന്നത് ഒരിക്കലും അദ്ദേഹത്തിന്റെ സൗന്ദര്യം കൊണ്ട് അല്ല, പ്രതിഭ കൊണ്ട് മാത്രമാണ്. വേറെ ഒരു തരത്തില്‍ പറഞ്ഞാല്‍ മോഹന്‍ലാല്‍ തന്റെ കുറവുകളെ ഒക്കെ അതിശയിപ്പിക്കുന്ന അഭിനയചാരുത കൊണ്ട് സൗന്ദര്യമുള്ളതാക്കി തീര്‍ത്തു.. ആ പ്രതിഭ കൊണ്ടാണ് ഇത്രയധികം ബോഡി ഷെയിമിംഗിന് ഇരയാക്കപ്പെട്ടിട്ടും മലയാളികള്‍ക്ക് 40 വര്‍ഷമായിട്ടും മോഹന്‍ലാലിനെ മടുക്കാത്തത്, ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും നടനും എന്ന സ്ഥാനം മോഹന്‍ലാലിന് മാത്രം അലങ്കരിക്കാന്‍ പറ്റുന്നത്.

സിനിമകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസിനെ കുറിച്ചും ബോഡി ഷെയിമിംഗിനെ കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നവര്‍ വരെ മോഹന്‍ലാലിനെ ബോഡി ഷെയിമിംഗ് നടത്താന്‍ മുന്‍നിരയില്‍ ഉണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..ഇനി എന്തൊക്കെ ബോഡി ഷെയ്മിംഗ് നടത്തിയാലും മലയാളികള്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നത് പോലെ ഇത് വരെ വേറെ ഒരു കലാകാരനെയും ഇഷ്ടപ്പെട്ടിട്ടില്ല, ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല..

shortlink

Related Articles

Post Your Comments


Back to top button