
പലരെയും സിനിമയില്‍ അഭിനയിപ്പിക്കാം എന്ന വാഗ്ദാനം നല്‍കി പണം തട്ടുന്നവരെ കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. പണം നല്‍കിയാല്‍ സിനിമയിലെ പ്രമുഖരുടെ കൂടെ അഭിനയിക്കാന്‍ അവസരം ഒരുക്കാം എന്നു പറഞ്ഞാല്‍ അവരെ അകറ്റി നിര്‍ത്തണം എന്നാണ് ബാദുഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം….
തട്ടിപ്പുകാരെ തിരിച്ചറിയുക,
നിങ്ങൾ സൂക്ഷിക്കുക
പ്രിയ സുഹൃത്തുക്കളെ,
വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവയ്ക്കട്ടെ….
സിനിമ എല്ലാവരുടെയും സ്വപ്നമാണ്. കഴിവും പ്രാപ്തിയുമൊക്കെയുള്ള നിരവധി പേർ എങ്ങനെയെങ്കിലും ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. അവരെ ചൂഷണം ചെയ്യാനായി നിരവധി പേർ കഴുകൻ കണ്ണുകളുമായി നടക്കുന്നുണ്ട് എന്നുകൂടി തിരിച്ചറിയുക.
സാമ്പത്തിക തട്ടിപ്പാണ് ഇക്കൂട്ടരുടെ പ്രധാന ലക്ഷ്യം. സിനിമയിലെ പ്രമുഖരുടെ പേര് പറഞ്ഞ്, അവർക്കൊപ്പം സഹകരിപ്പിക്കാം എന്ന വാഗ്ദാനവുമായി നടക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. പ്രമുഖരുടെ കൂടെ സഹകരിക്കാൻ അവസരമുണ്ടാക്കിത്തരാം അവർക്ക് 10 ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് വാഗ്ദാനം.
സിനിമയിൽ അഭിനയിക്കാൻ വേണ്ടത് കഴിവും ഒപ്പം ഭാഗ്യവുമാണ്.
അതു കൊണ്ട് ശരിയായ രീതിയിൽ ശ്രമിച്ചു കൊണ്ടേയിരിക്കുക, അവസരം വന്നു ചേരും. തട്ടിപ്പുകാരുടെ വലയിൽ വീഴരുത്. ആരെങ്കിലും പണം നൽകിയാൽ അഭിനയിപ്പിക്കാം എന്നു പറഞ്ഞാൽ അവരെ അകറ്റി നിർത്തുക, പോലീസിൽ വിവരമറിയിക്കുക.
സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ആരെങ്കിലും വന്നാൽ കൃത്യമായി അന്വേഷിക്കുക, സംശയം തോന്നിയാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. കരുതിയിരിക്കുക, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
Post Your Comments