നാല്പത്തിഏഴാം വയസ്സില്‍ വിടപറയുമ്പോള്‍ തന്നെ ശക്തമായ ഭാഷയില്‍ തന്റെ സ്ഥാനം നേടിയെടുത്ത മലയാളത്തിന്റെ പ്രിയ കവിയാണ് വയലാര്‍ രാമവര്‍മ്മ. വരിക്കുന്തം പോലെ തുലിക പിടിച്ച് ജീവരക്തം കൊണ്ടെന്ന പോലെ കവിതയെഴുതിയ കവി ജീവിതം വെള്ളിത്തിരയിലെയ്ക്ക് എത്തുകയാണ്. വയലാറിനെക്കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തെ നമുക്ക് കാണാന്‍ കുറേ ഫോട്ടോകളല്ലാതെ എന്തെങ്കിലും ദൃശ്യമുണ്ടോ? എന്ന് അന്വേഷിക്കേണ്ടതുണ്ട്. ചേട്ടത്തി എന്ന സിനിമയില്‍ വയലാര്‍ പാടിയഭിനയിച്ച ഒരു ഗാന രംഗമുണ്ട്. ആദിയില്‍ വചനമുണ്ടായി എന്ന ഗാനം.
വയലാര്‍ എഴുതി ബാബുരാജ് സംഗീതം നല്കി യേശുദാസ് പാടിയ ഗാനം പുറത്ത് വന്നത് 1965 നവംബര്‍ 26നാണ്. അതായത് വയലാറിന്റെ 37ാം വയസില്‍. അരനൂറ്റാണ്ട് പിന്നിട്ട ആ ഗാനത്തിലൂടെ ഇപ്പോഴും വയലാര്‍ ജീവനോടെയെന്നപോലെ നമുക്ക് മുന്നില്‍ നില്ക്കുന്നു. താന്‍ രചിച്ച ഗാനത്തിന് യേശുദാസ് ശബ്ദം നല്കിയപ്പോള് ചിത്രത്തില്‍ പാടി അഭിനയിക്കാന്‍ കഴിഞ്ഞത് ഒരപൂര്‍വ്വ അനുഭവമായെന്ന് വയലാര്‍ തന്നെ മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ ഇരുന്നു പാടുന്ന വയലാറിനെയാണ് നമ്മള് ദൃശ്യത്തില്‍ കാണുക.
മജീഷ്യന്‍ പി എ തങ്ങള്‍ നിര്‍മിച്ച് എസ് ആര് പുട്ടണ്ണ സംവിധാനം ചെയ്ത ചേട്ടത്തി എന്ന ചിത്രത്തില്‍ സത്യന്, പ്രേംനസീര്‍, അടൂര്‍ ഭാസി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അംബിക, സുകുമാരന്‍, ഉഷാകുമാരി, സുകുമാരി തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. എസ് എല്‍ പുരം സദാനന്ദനാണ് കഥ.
Post Your Comments