GeneralLatest NewsMollywood

അവനെയോ അവളെയോ ഭയപ്പെടുത്തി കൊല്ലാക്കൊല ചെയ്യുന്നത് ഒരു മനുഷ്യന് നേടാവുന്ന ഏറ്റവും വലിയ വിവരക്കേടാണ്; കൊറോണയേക്കാൾ വിഷമായി മാറുന്ന ടെലിവിഷൻ വാർത്ത ചാനലുകളെ പരിഹസിച്ച് രഘുനാഥ് പലേരി

പ്രസവിച്ചു വീണൊരു കുഞ്ഞിൻ പുഞ്ചിരിപോലെയല്ലേ ജീവിതം. എന്തിനാണതിനെ വെറുതെ ഒരു രസത്തിനു വേണ്ടി കരയിക്കുന്നത്.

ഈ കൊറോണ കാലത്ത് ഭയം വളര്‍ത്തി ആളുകളെ കൊല്ലാക്കൊലനടത്തുന്ന ഇരുപത്തിനാല് മണിക്കൂറും തുള്ളിക്കളിക്കുന്ന പെട്ടി വാർത്താ ചാനലകൾക്ക് നേരെ വിമര്‍ശനവുമായി തിരക്കഥാകൃത്ത് രഘുനാഥ് പലേരി. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരത്തിന്റെ വിമര്‍ശനം.

പോസ്റ്റ്

എന്തുകൊണ്ടോ മനുഷ്യ മനസ്സിൽ മുന്നിട്ടു നിൽക്കുന്നൊരു ആവേശം ഭയം ജനിപ്പിക്കുക എന്നതായി മാറുന്ന കാഴ്ച്ചയാണ് ഇപ്പോൾ മൂക്കും വായും പൊതിഞ്ഞു നിൽക്കുമ്പോഴും കാണുന്നത്. എല്ലായിടത്തും അങ്ങിനെ അല്ലെന്നതും ഒരാശ്വാസമാണ്. അറിയാത്തൊരു കാര്യത്തെക്കുറിച്ച് എത്രമാത്രം അറിവില്ലായ്മ ചുറ്റും തേച്ചു പിടിപ്പിക്കുക എന്നതും ഒരാവേശമാണ് പലർക്കും.

എത്രയോ ആയിരം പേർ സമർപ്പണത്തോടെ പരിചരിക്കുമ്പോഴും, അതിൻ പ്രഭ മായ്ക്കും വിധം, അതിലും അനവധിപേർ ചുറ്റും നിന്ന് ശബ്ദം ശർദ്ദിച്ചുകൊണ്ടേയിരിക്കുന്നു. സമൂഹത്തിന് സംഭവിക്കുന്ന ഒരു വേദന പലരും ആഘോഷമാക്കുന്നതിൻറെ മനഃശ്ശാസ്ത്ര നൂലുണ്ട
എങ്ങിനെ അവരിൽ പിറക്കുന്നുവെന്ന് ഒരു പിടിയും കിട്ടുന്നുമില്ല.

ഈ കൊറോണ ഉത്സവ കാലത്ത് ഇരുപത്തിനാല് മണിക്കൂറും തുള്ളിക്കളിക്കുന്ന പെട്ടി വാർത്താ ചാനലകൾക്ക് പെട്ടെന്നൊരു അപൂർവ്വ മേദസ്സ് പിടിപെട്ടതുപോലെ അവയുടെ പ്രകൃതത്തിലും ജൽപ്പനങ്ങളിലും എല്ലാം പ്രകടമായൊരു മാറ്റം വന്നിരിക്കുന്നു. മുൻപെല്ലാം അവർ ഒരു കാര്യം പറയുന്നത് അധികം തലകുത്തി മറിയാതെ ആയിരുന്നു. ഇപ്പോൾ അനവധി തവണ തലകുത്തി മറിയുന്നത് കണ്ട ശേഷം മാത്രമേ അവർ എന്താണ് പറയുന്നതെന്ന് ഏകദേശം മനസ്സിലാവൂ. അതൊരു നല്ല മാറ്റമാണ്.
“എന്തായി രാഘവാ അവിടത്തെ കാര്യം. ഇന്നലെ അവിടെ നൂറ്റമ്പത് പഴക്കുലയാണ് വെട്ടിയത്. ഇന്നത്തെ സ്ഥിതി എങ്ങിനെയാണ്. അതിലും കൂടുതൽ പഴക്കുല
വെട്ടിയിട്ടുണ്ടാവും അല്ലേ…?”

“അതെ ശാലിനീ. ഇവിടത്തെ കാര്യം വളരെ പരതാപകരമാണ് ശാലിനീ, ശാലിനി പറഞ്ഞതുപോലെ ഇന്നലെ നൂറ്റമ്പത് പഴക്കുലയാണ് വെട്ടിയത് ശാലിനീ.
ഇന്നത് അതിലും കൂടുതലാണ്. ഒരുപാട് കൂടുതലാണ്. പിന്നെ ആകെയുള്ളൊരു ആശ്വാസം ഇന്നലെ നൂറ്റമ്പതും മിനായിന്ന് നൂറും ആയിരുന്നു എന്നതാണ്.
ഇവിടെ തൊട്ടപ്പറമ്പിൽ ഇന്ന് വെട്ടിയത് മൂന്നൂറ്റി അറുപത്തേഴ് പഴക്കുലകളാണെന്നറിയുമ്പോൾ വാഴകൾ വരെ ഞെട്ടുന്നു ശാലിനീ. ”
“വെട്ടിയത് മുഴുവൻ പഴക്കുലകളാണോ. കായ്ക്കുലകളാണോ. കായ്ക്കാത്ത കുലകളാണോ, കായ്ക്കുംന്ന് തോന്നുന്ന കുലകളാണോ രാഘവാ…?”
“ഒന്നും പറയണ്ട ശാലിനീ. ഇങ്ങിനെയാണെങ്കിൽ സ്ഥിതി അതീവ ഗുരുതരം എന്നുമാത്രമല്ല ഇന്ന് സന്ധ്യയോടെ തോട്ടത്തിലേക്കുള്ള വഴി അടക്കാൻ സാധ്യതയുണ്ട്. അതോടെ തോട്ടപ്പറമ്പ് തൊട്ടടുത്തുള്ള പറമ്പുകളിൽ നിന്നെല്ലാം ഒറ്റപ്പെടും ശാലിനീ.”
“രാഘവാ അത് മനസ്സിലായി വെട്ടിയ കുലകളുടെ കാര്യം പറയൂ.”
“അതെ ശാലിനീ. കുലകളിലേക്ക് രാഘവൻ വന്നുകൊണ്ടിരിക്കയാണ്. .. ”
“രാഘവാ ഒരു കാര്യം കൂടി പറയൂ. കുലകൾ വെട്ടുന്ന നേരത്ത് അവിടെ വികാരഭരിതമായ സംഭവങ്ങൾ വല്ലതും ഉണ്ടായോ…? ഉണ്ടെങ്കിൽ അതുകൂടി പറയൂ.”
“അതെ ശാലിനീ. എല്ലാംകൊണ്ടും വികാര ഭരിതമായിരുന്നു ആ വെട്ടലുകൾ. അതിലേക്ക് രാഘവൻ വരുകയാണ് ശാലിനീ..”
രാഘവൻ വികാരഭരിതമായ വെട്ടലുകളിലേക്ക് വരുന്നതിനു മുൻപേ വാഴകൾ തോട്ടത്തിൽ നിന്നും ഓടിപ്പോയി രക്ഷപ്പെട്ടു.
ഏറ്റവും എളുപ്പത്തിൽ മറ്റൊരാളിൽ ജനിപ്പിക്കാൻ കഴിയുന്നൊരു സത്യമായ മിഥ്യയാണ് ഭയം. കാരണം അതും പോക്കറ്റിൽ ഇട്ടാണ് അവനോ അവളോ ജനിക്കുന്നത് തന്നെ. ആ ഭയം അവനും അവൾക്കും നിലനിൽപ്പിനു വേണ്ടി പ്രകൃതി നൽകിയൊരു അപൂർവ്വ താക്കോലാണ്. അതില്ലെങ്കിൽ അവനോ അവളോ ജിവിച്ചിരിക്കില്ല. ചത്തുപോകും.

എന്നാൽ ആ താക്കോലെടുത്ത് അനാവശ്യമായി മൂർച്ച കൂട്ടി അവനെയോ അവളെയോ ഭയപ്പെടുത്തി കൊല്ലാക്കൊല ചെയ്യുന്നത് ഒരു മനുഷ്യന് നേടാവുന്ന ഏറ്റവും വലിയ വിവരക്കേടാണ്.
ഈ കൊറോണ കാലത്തും തുടർന്നു വരുന്ന മഹാകൊറോണ കാലങ്ങളിലും നമുക്ക് പരസ്പരം കരുണാർദ്രമായി സ്നേഹിച്ചും സഹായിച്ചും
അടുത്ത സൂര്യോദയങ്ങളിലേക്ക് സഞ്ചരിച്ചു കൂടെ
ചങ്ങായിമാരെ.

പ്രസവിച്ചു വീണൊരു കുഞ്ഞിൻ പുഞ്ചിരിപോലെയല്ലേ ജീവിതം. എന്തിനാണതിനെ വെറുതെ ഒരു രസത്തിനു വേണ്ടി കരയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button