മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ വിജയം കൊയ്ത ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. 1988-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മോഹന്‍ലാലും രഞ്ജിനിയും പ്രധാന കഥാപാത്രങ്ങളായെത്തിയപ്പോള്‍ അവര്‍ക്കിടയിലേക്ക് വില്ലനായി എത്തിയത് ശ്രീനിവാസനായിരുന്നു. ലോകത്തിലെ സകല ഉഡായിപ്പുകളും അറിയാവുന്ന വിശ്വനാഥനായി ശ്രീനിവാസന്‍ ചിത്രത്തില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു. മുകുന്ദനും സുചിത്രയും ഒന്നിക്കുന്ന ക്ലൈമാക്‌സ് കണ്ട് മലയാളിയുടെ മനസ് നിറഞ്ഞപ്പോള്‍ വിശ്വനാഥന് എന്ത് സംഭവിച്ചിരിക്കാമെന്ന എന്ന ചിന്ത മുന്നോട്ട് വയ്ക്കുകയാണ് മിനേഷ് രാമനുണ്ണി എന്ന ആസ്വാദകന്‍.
മിനേഷ് രാമനുണ്ണിയുടെ കുറിപ്പ്
വിശ്വനാഥന് എന്ത് സംഭവിച്ചു കാണും എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതിനൊരു കാരണമുണ്ട്. മുകുന്ദ കൃഷ്ണന്റെയും സുമിത്രയുടെയും ഭാവി നമുക്ക് എളുപ്പത്തില്‍ പ്രവചിക്കാവുന്നതേ ഉള്ളൂ . മുകുന്ദകൃഷ്ണന്‍ സുമിത്രയെ വിവാഹം കഴിച്ചതിന് ശേഷം പിന്നെയും മോണിക്ക ഷൂവില്‍ ജോലി ചെയ്തു കാണും . പ്രമോഷന്‍ ഒക്കെ ആയി പരമാവധി ഒരു മാനേജര്‍ പോസ്റ്റില്‍ എത്തിക്കാണും. രണ്ടു പേര്‍ക്കും കുട്ടികള്‍ ഉണ്ടാവുകയും അവിടുത്തെ ഏതെങ്കിലും ഇംഗ്‌ളീഷ് മീഡിയത്തില്‍ പഠിപ്പിച്ചു ഡോക്ടറോ എഞ്ചിനിയറോ ആക്കണം എന്ന സ്വപ്നത്തിനു പിറകില്‍ ഓടി ഹോം ലോണ്‍, കാര്‍ ലോണ്‍ ഒക്കെ അടച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കാണും .
ഇതിനിടയില്‍ അവര്‍ ആ തെരുവില്‍ നിന്ന് കുറച്ചു കൂടി വലിയ സ്ഥലത്തേക്ക് മാറിക്കാണും. വിശ്വനാഥന്‍ അയാളെ പറ്റിച്ചതും അയാളുടെ സത്യസന്ധത ബോധ്യപ്പെട്ടതും എല്ലാം അവസരം കിട്ടുമ്‌ബോഴൊക്കെ അയാള്‍ പറഞ്ഞു നടക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു സാധാരണ ജീവിതം മാത്രമേ അയാളെ സംബന്ധിച്ചിടത്തോളം സാധ്യതയുള്ളൂ.
എന്നാല്‍ വിശ്വനാഥന്റെ കാര്യം അതല്ല. അനന്തസാധ്യതകള്‍ ആണ് വിശ്വനാഥന്റെ മുന്നിലുള്ളത്. അവസാനം നാം അയാളെ കാണുമ്‌ബോള്‍ മുകുന്ദന്റെ മര്‍ദ്ദനമേറ്റ്, അയാള്‍ കീറിയെറിഞ്ഞ വിമാന ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ ദുബായ് വിമാനം പറന്നുയരുന്നതും നോക്കി നില്‍ക്കുകയാണ് .
അയാളുടെ കഥ അവിടെ തീരും എന്ന് വിശ്വസിക്കാന്‍ അയാളെ അറിയുന്ന ആര്‍ക്കെങ്കിലും സാധിക്കുമോ ?
റെയില്‍വേ സ്റ്റേഷനില്‍ ചുമടെടുത്തും സൈക്കിള്‍ റിക്ഷ ചവിട്ടിയും റോഡില്‍ പച്ചമരുന്ന് വിറ്റുമൊക്കെ ജീവിച്ച ആളാണ് അയാള്‍. അവിടുന്നൊക്കെ പിടിക്കപ്പെടുകയും പല തവണ മര്‍ദനമേല്‍ക്കുകയും ചെയ്തിട്ടുണ്ട് . എന്നിട്ടും വലിയ പ്ലാനുകളിലേക്കാണ് അയാള്‍ മുന്നോട്ടു നീങ്ങിയത്. അയാളുടെ സ്വഭാവം സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ് . പെട്ടെന്നൊന്നും തോല്‍വി സമ്മതിക്കുന്ന ആളല്ല അയാള്‍ . ഒപ്പം സമൂഹത്തിന്റെ മനഃശാസ്ത്രം മനസിലാക്കി മനുഷ്യരുടെ ദൗര്‍ബല്യങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി സ്വന്തം ജീവിതത്തില്‍ നേട്ടമുണ്ടാക്കാന്‍ കൃത്യമായി അറിയുന്ന ആളാണ് വിശ്വനാഥന്‍. അയാള്‍ പറ്റിച്ചിട്ടുള്ള ആളുകളെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാണ്. അവര്‍ക്കൊക്കെ പല ദൗര്‍ബല്യങ്ങളും ഉണ്ടായിരുന്നു .
മുകുന്ദന്റെ തന്നെ കാര്യമെടുക്കാം
ഒന്നാന്തരം അല്പനാണ് അയാള്‍. വര്‍ഷത്തില്‍ ഒരിക്കല്‍ സിഗരറ്റു വലിക്കുന്നതും ഒരു ഗ്‌ളാസ് ബിയര്‍ കുടിച്ചതും ഒക്കെ വലിയ കാര്യമായി പറഞ്ഞു നടക്കുന്ന ആള്‍. വലിയവരുമായുള്ള സൗഹൃദം ഒക്കെ പൊങ്ങച്ചം പറഞ്ഞു നടക്കാന്‍ ഇഷ്ടമുള്ള ആളാണ്. വിശ്വനാഥനെ പെങ്ങള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് പോലും ‘മിനിസ്റ്ററുടെയും എന്റെയും സുഹൃത്ത്’ എന്ന് പറഞ്ഞാണ്. അങ്ങനെയുള്ള ഒരാള്‍ പറ്റിക്കപ്പെടാന്‍ വളരെ എളുപ്പമാണ്. ഗള്‍ഫിലുള്ള മകന്റെ ശമ്ബളവും പൊങ്ങച്ചം പറഞ്ഞു നടക്കുന്ന മിലട്ടറിക്കാരനും എളുപ്പത്തില്‍ ജോലി കിട്ടും എന്ന് കരുതി കൈക്കൂലി കൊടുക്കാന്‍ തയ്യാറായ ചെറുപ്പക്കാരനും ഒരു ലോക്കല്‍ ക്ലബില്‍ കളിക്കുകയായിരുന്നിട്ടും താന്‍ ഇവാന്‍ ലെന്‍ഡലിന്റെ തനിപ്പകര്‍പ്പാണ് എന്ന് ഒരു അപരിചിതന്‍ പുകഴ്ത്തിയപ്പോള്‍ വീണു പോയ കമ്ബനി മുതലാളിയും കാശും പണവും ഒക്കെ ഉള്ള ഒരാളെ കണ്ടപ്പോള്‍ മകള്‍ക്ക് വേണ്ടി വരാനായി ഊരും പേരും അറിയാത്ത ഒരാളെ വിവാഹ ആലോചിക്കാന്‍ വന്ന വീട്ടമ്മയും ഒക്കെ എത്രയോ എളുപ്പം പറ്റിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. വിശ്വനാഥന്‍ അല്ലെങ്കില്‍ മറ്റാരെങ്കിലും- ആട്, മാഞ്ചിയം, ഏലസ്സ് ടീമുകളോ വെള്ളിമൂങ്ങ മണി ചെയിന്‍ ടീമുകളോ- ഇവരെ പറ്റിക്കുമായിരുന്നു എന്ന് മാത്രം .
വീണ്ടും വിശ്വനാഥനിലേക്ക് വരാം
ടിക്കറ്റും വിസയും വലിച്ചു കീറിയാല്‍ അയാള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ ? അയാളുടെ പ്രകൃതം വെച്ച് ആരെയെങ്കിലും പറ്റിച്ചു പുതിയ ടിക്കറ്റു എടുക്കും. വിസയുടെ കോപ്പി ഒരിക്കല്‍ കൂടി എടുത്ത് അയാള്‍ ഗള്‍ഫില്‍ എത്തിക്കാണും. ഗള്‍ഫില്‍ ഇതുപോലെ ദൗര്‍ബല്യങ്ങള്‍ ഉള്ളവരെ മുതലെടുത്ത് കാശുണ്ടാക്കാന്‍ സാധ്യതയുണ്ട് . അല്ലെങ്കില്‍ പതിവ് നിര്‍ഭാഗ്യമെന്നു പോലെ പിടിക്കപ്പെട്ട നാട്ടില്‍ എത്താനും സാധ്യതയുണ്ട്, നാട്ടില്‍ വീണ്ടും എന്തെങ്കിലും സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുകാണും. രണ്ടായിരത്തിനു ശേഷം റിയല്‍ എസ്റ്റേറ്റില്‍ ഇറങ്ങാനും രണ്ടായിരത്തിപത്തിനൊക്കെശേഷം മൊബൈല്‍/ഇമെയില്‍ വഴിയുള്ള തട്ടിപ്പുകളില്‍ പങ്കെടുക്കാനുമൊക്കെ സാധ്യതയുണ്ട്.
ഒരു പക്ഷെ നമുക്ക് ഇപ്പോള്‍ കിട്ടാറുള്ള ഇമെയില്‍ ലോട്ടറികള്‍ക്കോ ഓ ടി പിയും എ ടി എം പിന്നും ചോദിച്ചു കൊണ്ടുള്ള കോളുകളില്‍ ചിലതിലോ പിന്നില്‍ അയാളും കണ്ടേക്കാം. അതല്ലെങ്കില്‍ ഉദയഭാനുവിന്റെ തിരക്കഥ മോഷ്ടിച്ച് സിനിമയില്‍ താരമായ രാജപ്പന്‍ എന്ന പേരില്‍ കോടമ്ബാക്കത്ത് കറങ്ങിയതും അയാളാവും .
ഇടക്കിടെ പിടിക്കപ്പെടുന്ന വിശ്വനാഥന്‍ ആ പേരില്‍ തന്നെ ശിഷ്ട കാലം കഴിയാനുള്ള സാധ്യത കുറവാണ്. ലോലഹൃദയനായ മുകുന്ദന്‍ തന്നെ നാടുമുഴുവന്‍ വിശ്വം തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞു നടക്കാന്‍ ഉള്ളതിനാല്‍ അയാള്‍ പേര് മാറ്റി നടക്കാന്‍ സാധ്യതയുണ്ട്.
മറ്റൊരു കൗതുകകരമായ കാര്യം മുകുന്ദന്‍ കണ്ടെടുക്കുന്ന കത്തുകളില്‍ ഒന്നില്‍ വിശ്വനാഥന്‍ വിവാഹിതനായിരുന്നു എന്നും അയാള്‍ക്ക് ഒരു ഭാര്യയും കുഞ്ഞുമുണ്ടെന്നും എന്നതുമാണ് . ഊഹിച്ചു നോക്കിയാല്‍ എണ്‍പതുകളില്‍ ജനിച്ച ആ കുഞ്ഞിനിപ്പോള്‍ പ്രായം മുപ്പതുകളില്‍ ആയിരിക്കും എന്ന് ഊഹിക്കാം . അയാളും ഇപ്പോള്‍ നമുക്കിടയില്‍ തന്നെയുണ്ടാവും.
ആ മകന് എന്ത് സംഭവിച്ചിരിക്കാം ?
അങ്ങനെ ആലോചിക്കുമ്‌ബോള്‍ വിശ്വനാഥന്റേതിന് സമാനമായ ജീവിതം നയിച്ച ഒരു ചെറുപ്പക്കാരന്റെ മുഖം ഓര്‍മ്മവരും. ജെയ്‌സന്റെയും കീര്‍ത്തിയുടെയും ജീവിതത്തില്‍ വില്ലനായ, അശ്വതി ടീച്ചറെ വിവാഹം കഴിക്കാന്‍ പ്ലാന്‍ ഇട്ട, ലോല ഹൃദയനായ ഒരു സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരെയും എല്ലാം പറ്റിച്ച ഒരാളുടേത് .
എണ്‍പതുകളില്‍ വിശ്വനാഥന്‍ എന്ന പേരില്‍ ജീവിച്ചിരുന്ന ആ മനുഷ്യന്‍ പിന്നീട് പദ്മനാഭന്‍ എന്ന പുതിയൊരു പേരില്‍ പുതിയൊരു വേഷം സ്വീകരിക്കുകയും അയാളുടെ മകനല്ല നാമൊക്കെ അറിയുന്ന രവി പദ്മനാഭന്‍ എന്ന് ഉറപ്പിച്ചു പറയാനാവുമോ ?
Post Your Comments