ജാന്‍വി കപൂര്‍ നായികയായെത്തിയ ഗുന്‍ജന്‍ സക്സേന ദി കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രം ഗുന്‍ജന്‍ സക്സേനയെക്കുറിച്ചുള്ള വസ്തുതകള്‍ വളച്ചൊടിച്ചതായി വ്യോമസേനയിലെ മലയാളി പൈലറ്റ് ശ്രീവിദ്യ രാജന്‍. 1999 കാര്‍ഗില്‍ യുദ്ധസമയത്ത് പരിക്കേറ്റ ഇന്ത്യന്‍ ഭടന്മാരെയും കൊണ്ട് അതിര്‍ത്തിയില്‍ നിന്ന് ആശുപത്രികളിലേക്ക് ഹെലികോപ്റ്റര്‍ പറത്തിയ വനിതാ പൈലറ്റ് എന്ന നിലയിലാണ് ഗുന്‍ജന്‍ സക്സേനയുടെ ജീവിതം പ്രമേയമാക്കി സിനിമ ഒരുക്കിയത്. വ്യോമതാവളത്തിലെ ഏക വനിതാ പൈലറ്റായിരുന്നു സക്സേനയെന്നാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ ഉധംപൂരിലെ വ്യോമസേനാ താവളത്തില്‍ സക്സേനയ്ക്കൊപ്പം പൈലറ്റായി താനും ഉണ്ടായിരുന്നെന്ന് ശ്രീവിദ്യ രാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ ശ്രീവിദ്യ സിനിമയിലെ തെറ്റുകളും ചൂണ്ടിക്കാട്ടിയ പോസ്റ്റ് ശ്രദ്ധനേടുന്നു.
”1996ല്‍ ഉധംപൂരിലെ ഹെലികോപ്റ്റര്‍ യൂണിറ്റില്‍ തങ്ങള്‍ ഇരുവരും പോസ്റ്റ് ചെയ്യപ്പെട്ടെന്നും എന്നാല്‍ ചിത്രത്തില്‍ ഗുന്‍ജന്‍ ഉധംപൂര്‍ വ്യോമസേനാ താവളത്തിലെ ഏക വനിതാ പൈലറ്റ് ആയാണ് ചിത്രീകരിച്ചിട്ടുള്ളത്. മുന്‍വിധിയോടെയുള്ള പെരുമാറ്റങ്ങള്‍ ചില പുരുഷന്മാരായ സഹപ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ക്കുണ്ടായെങ്കിലും ചിത്രത്തില്‍ കാണിക്കുന്നതു പോലെ അത്ര മോശമായിരുന്നില്ല കാര്യങ്ങള്‍. തങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നിരവധി ഓഫീസര്‍മാരുണ്ടായിരുന്നു. ” പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആണ് തങ്ങളെന്ന് തെളിയിക്കാന്‍ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീവിദ്യ പറയുന്നു.എന്നാല്‍ ഭൂരിഭാഗം പേരും തങ്ങളെ തുല്യരായിത്തന്നെയാണ് കണ്ടിരുന്നതെന്ന് അവര്‍ പറഞ്ഞു.
ചിത്രത്തില്‍ കാണിച്ചതു പോലെ പുരുഷന്മാരോളം കായികബലമുണ്ടെന്ന് കാണിക്കേണ്ട സന്ദര്‍ഭങ്ങളൊന്നും ഉണ്ടായിട്ടില്ല. സഹ ഓഫീസര്‍മാര്‍ ഒരിക്കലും തങ്ങളെ അത്തരത്തില്‍ മോശമായി പരിഗണിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശ്രീവിദ്യ പറയുന്നു.
ചിത്രത്തില്‍ കാണിച്ചതു പോലെത്തന്നെ സ്ത്രീകള്‍ക്ക് പ്രത്യേകം ശുചിമുറിയൊന്നും ഉണ്ടായിരുന്നില്ല വ്യോമതാവളത്തില്‍. എന്നാല്‍ അത്തരം അസൗകര്യങ്ങളോട് വളരെവേഗം തങ്ങള്‍ പൊരുത്തപ്പെട്ടു.ഗുഞ്ജന്‍ നല്‍കിയ വിവരങ്ങള്‍ വെറും പബ്ലിസിറ്റിക്കു വേണ്ടി സിനിമാ നിര്‍മാതാക്കള്‍ വളച്ചൊടിച്ചെന്നാണ് താന്‍ കരുതുന്നതെന്ന് ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു. ”വളരെ സമര്‍ത്ഥയായ ഓഫീസറാണ് ഗുഞ്ജന്‍. വളരെ പ്രൊഫഷണലുമാണ്. അവരുടെ നേട്ടങ്ങള്‍ വരുംതലമുറകള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ പലയിടത്തും അവരെ വളരെ ദുര്‍ബലയായി ചിത്രീകരിച്ചിരിക്കുന്നു. ഈ ചിത്രം ഐഎഎഫിലെ വനിതാ ഓഫീസര്‍മാരെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ അഭിമാനമായ ഒരു സേനയെ തരംതാഴ്ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്ബ് സേനയെ അത് അപകീര്‍ത്തിപ്പെടുത്തുന്നില്ലെന്ന് ഗുഞ്ജന്‍ സക്സേന ഉറപ്പു വരുത്തേണ്ടിയിരുന്നെന്ന് താന്‍ ആഗ്രഹിച്ചു പോകുകയാണെന്നും” ശ്രീവിദ്യ പറഞ്ഞു.
Post Your Comments