GeneralLatest NewsMollywood

ഒരു കാര്യം ഞാന്‍ ഉറപ്പ് തരുന്നു, ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമടങ്ങുന്ന നിന്റെ കുടുംബം ഒരിക്കലും അനാഥമാവില്ല; വിറയ്ക്കുന്ന കൈകളോടെയാണ് ആ റീത്ത് വച്ചത്

അലിവും കരുണയും പ്രതിസന്ധികളില്‍ കൂടെ നില്‍ക്കാനുള്ള സന്മനസ്സും സന്നദ്ധതയുമൊക്കെ ആവോളമുള്ളവരായിരുന്നു നീയും മണിയുമൊക്കെ. അതാണ് അടുത്ത ബന്ധുക്കളെക്കാള്‍ നിങ്ങളെയെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാക്കിയത്.

മലയാള സിനിമകളില്‍ ലൈറ്റ്മാനായി പ്രവര്‍ത്തിച്ച പ്രസാദിന്റെ വേര്‍പാടിന്റെ ദുഖം പങ്കുവച്ച്‌ സംവിധായകന്‍ സുരേഷ് പൊതുവാള്‍. കോവിഡ് കാലത്ത് ഷൂട്ടിംഗ് ഒന്നും ഇല്ലാത്തതിനാല്‍ വയറിംഗ് പണിക്ക് പോയ പ്രസാദ് ഷോക്കേറ്റ് മരിക്കുകയായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെ പ്രകാശം പരത്തി ഒരുപാട് കാലം ഈ ഭൂമിയില്‍ ജീവിച്ചിരിക്കേണ്ടവനായിരുന്നു പ്രസാദ് മണിക്കൂറുകള്‍ക്കിടയില്‍ മറ്റൊരു സ്ഥലത്ത് വലിയൊരു ഷോക്കേറ്റ് നിലംപതിക്കുകയാണുണ്ടായത്. സത്യത്തില്‍ താനുള്‍പ്പെടെയുള്ളവര്‍ക്കാണ് ഷോക്കേറ്റിരിക്കുന്നതെന്നാണ് ഈ വിയോഗത്തെക്കുറിച്ച് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സുരേഷ് പൊതുവാളിന്റെ കുറിപ്പ്:

പരലോകത്തേക്ക് ഒരു കത്ത്
പ്രിയപ്പെട്ട പ്രസാദ്,
നിന്റെ മകള്‍ പ്രാര്‍ത്ഥനയുടെ പിറന്നാളായിരുന്നല്ലോ തിങ്കളാഴ്ച. പിറ്റേന്ന് സന്ധ്യയ്ക്ക്, ഏതാണ്ടൊരു ആറാറര മണിക്ക്, പ്രകാശനാണ് ആ ഞെട്ടിക്കുന്ന വാര്‍ത്ത എന്നെ വിളിച്ചു പറയുന്നത്. കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നിയെനിക്ക്. ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ വിട്ട്, വീട്ടില്‍ ചെറിയൊരു സൂചന മാത്രം കൊടുത്ത്, ഞാനുടനെ നിന്റെ വീട്ടിലേക്ക് ചെന്നു. റോഡരികിലുള്ള ആ വീട്ടിലപ്പോള്‍ നിന്റെ അമ്മയോ, ഭാര്യയോ, കുട്ടികളോ ആരും തന്നെ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്‍വശത്തുള്ള മണിയുടെ വീട്ടിലേക്ക് ഞാന്‍ നടന്നു. അവിടെ വല്ലാത്തൊരു പ്രഹരമേറ്റപോലെ, തികച്ചും നിസ്സഹായരായി തലയില്‍ കൈവെച്ചുനില്‍ക്കുന്ന നിന്റെ ഏട്ടന്‍ മണിയെയും, നിന്നെപ്പോലെ തന്നെ യൂണിറ്റില്‍ വര്‍ക്ക്ചെയ്യുന്ന മണികണ്ഠനെയും ജയറാമിനെയുമെല്ലാമാണ് ഞാന്‍ കണ്ടത്.

കണ്ണു നിറഞ്ഞു കൊണ്ടേ എനിക്കവിടെ കയറാന്‍ കഴിഞ്ഞുള്ളൂ പ്രസാദ്. സിനിമാമേഖല നിശ്ചലമായപ്പോള്‍, തൊഴിലില്ലാതായിപ്പോയ നീ പലയാവര്‍ത്തി വിളിച്ചു ചോദിച്ചതു കൊണ്ടാണ് ഏഴിമല നേവല്‍ ബേസിലെ താത്ക്കാലിക ജോലിക്ക് നിന്നെ കൊണ്ടുപോയതെന്ന് മണികണ്ഠനും പിന്നെ സന്തോഷും പറഞ്ഞു. ജോലിക്കു ചെന്ന ആദ്യ ദിവസം തന്നെ, അതും വൈകീട്ട് വീട്ടിലേക്ക് തിരിച്ചു പോകാന്‍ നേരത്താണ് ഇങ്ങനെയൊരു അപ്രതീക്ഷിതമായ അപകടം നിനക്ക് സംഭവിച്ചതെന്നുകൂടി അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി പ്രസാദ്. ഞാന്‍ മാത്രമല്ല,നാട് മുഴുവന്‍ ഞെട്ടി വിറച്ചു വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. ആര്‍ക്കും തന്നെ വിശ്വസിക്കാനോ പൊരുത്തപ്പെടാനോ പറ്റാത്ത അവസ്ഥ. സമനില കൈവരിക്കാന്‍ ശ്രമിച്ച്‌, ഞാനുടനെ നിന്റെ സിനിമാ സ്ഥാപനമായ രജപുത്ര വിഷ്വല്‍ മീഡിയയുടെ രഞ്ജിത്തേട്ടനെ വിളിച്ചു. പ്രൊഡ്യൂസര്‍ അസോസിയേഷന്‍പ്രസിഡന്റ് കൂടിയായ അദ്ദേഹം വഴിയാണ് നിന്റെ വിയോഗം പിന്നെ മലയാള സിനിമാലോകം ഒന്നടങ്കമറിയുന്നത്.

മമ്മുക്കയും ലാലേട്ടനും പൃഥ്വിയും നിവിനും ആസിഫും ഇന്ദ്രജിത്തും ഉണ്ണിമുകുന്ദനും അജു വര്‍ഗീസും ഇര്‍ഷാദും സിദ്ധിഖേട്ടനും, മാലാ പാര്‍വ്വതിയും, സന്തോഷ് കീഴാറ്റൂരും, സുബീഷും പിന്നെ സംവിധായകരായ ആഷിഖ് അബുവും അജയ് വാസുദേവും ജോണി ആന്റണിയും, പ്രജേഷ്‌സെന്നും,നമ്മുടെ മൃദുലും രതീഷും എന്നുവേണ്ട മലയാള സിനിമാവേദി ഒന്നടങ്കം കോവിഡ് കാലത്തെ ആ ദുരന്തവാര്‍ത്ത വേദനയോടെ പങ്കുവെയ്ക്കുന്നതാണ് പിന്നെ മലയാളികള്‍ കണ്ടത്.നിന്നോടുള്ള ഇഷ്ടവും അടുപ്പവും വാത്സല്യവും പ്രകടിപ്പിച്ചുകൊണ്ടുതന്നെ അവര്‍ പുറത്തുവിട്ട ആ വാര്‍ത്ത പിന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലെയും വാട്ട്‌സാപ്പിലെയും മറ്റനേകം ഗ്രൂപ്പുകളിലേക്ക് നിറഞ്ഞൊഴുകി. നീണ്ട പതിനേഴു വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ നീ എന്താണ് ചെയ്തിരുന്നതെന്നും, എത്ര സല്‍പ്പേരോടെയാണ് നീയവിടെ വിയര്‍ത്തൊലിച്ചു ജോലിചെയ്തിരുന്നതെന്നും നിന്റെ അടുപ്പമുള്ളവര്‍ക്ക് പോലും ബോധ്യപ്പെട്ടത് ഒരു പക്ഷെ അപ്പോഴായിരിക്കണം പ്രസാദ്.

അതേസമയം നാട്ടിലെ സുഹൃത്തുക്കളെല്ലാം നിന്റെ ക്രിക്കറ്റ് കമ്ബവും നിനക്ക് ഹിന്ദിപ്പാട്ടുകളോടുള്ള ഇഷ്ടവുമെല്ലാം ഓര്‍ത്തും പങ്കുവെച്ചും വിതുമ്ബുന്നതാണ് കണ്ടത്. ചുരുക്കത്തില്‍, സ്ത്രീപുരുഷ ഭേദമന്യേ നിന്നെയറിയാവുന്ന ജനങ്ങള്‍ മുഴുവന്‍ അങ്ങനെ വല്ലാത്ത ഒരുതരം ഓര്‍മ്മപ്പെയ്ത്തിലായിരുന്നു പ്രസാദ്. എന്നും കാലത്തെഴുന്നേറ്റ് വ്യായാമം ചെയ്തിരുന്ന, ഫുട്ബാളോ ക്രിക്കറ്റോ കളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന, കുളിച്ച്‌ അമ്ബലത്തില്‍ പോകാറുണ്ടായിരുന്ന, എന്നും നല്ല വസ്ത്രം ധരിച്ച്‌ നടന്നിരുന്ന,എല്ലാവരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന, മിതമായി മാത്രം സംസാരിച്ചിരുന്ന നിന്നെക്കുറിച്ചുപറയാന്‍ അവര്‍ക്കെല്ലാം ഒരുപാട് കാര്യങ്ങളു ണ്ടായിരുന്നുവെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അല്ലെങ്കിലും അതങ്ങനെയാണല്ലോ പ്രസാദ്. ജീവിക്കുന്ന കാല മുടനീളം ഒരു മനുഷ്യന്റെ തെറ്റുകുറ്റങ്ങളാണല്ലോ നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുക. ഇതുപോലൊരു സന്ദര്‍ഭം വരുമ്ബോഴാണല്ലോ അയാളുടെ തന്നെ നന്മകള്‍, നമ്മള്‍ ഓര്‍മ്മിച്ചെടുത്തു പറഞ്ഞു തുടങ്ങുക !

എന്നാല്‍ അതിനെല്ലാം അപ്പുറത്തുള്ള നിന്റെ മറ്റൊരു സ്വഭാവവൈശിഷ്ട്യമാണ് എന്നെയും നിന്നെയും തമ്മിലടുപ്പിച്ചതെന്ന് ഞാനിന്നും വ്യക്തമായോര്‍ക്കുന്നു. ഈ പുതിയ കാലത്ത്, മനുഷ്യരില്‍ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അലിവും കരുണയും പ്രതിസന്ധികളില്‍ കൂടെ നില്‍ക്കാനുള്ള സന്മനസ്സും സന്നദ്ധതയുമൊക്കെ ആവോളമുള്ളവരായിരുന്നു നീയും മണിയുമൊക്കെ. അതാണ് അടുത്ത ബന്ധുക്കളെക്കാള്‍ നിങ്ങളെയെനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാക്കിയത്. കുടുംബ ദുഃഖങ്ങള്‍ നേരിടാന്‍ പലപ്പോഴും കൂടപ്പിറപ്പുകളെപ്പോലെ നിങ്ങളെന്റെ കൂടെനിന്നു. പരദൂഷണങ്ങളും കവലത്തമാശകളും കേട്ട് പൊട്ടിച്ചിരിക്കുന്നവരില്‍ നിന്നും അതിന് കയ്യടിക്കുന്നവരില്‍ നിന്നും വ്യത്യസ്തരായി, ഒരുപാട് വീടുകളുടെ ധര്‍മ്മസങ്കടങ്ങളിലേക്കും മാറാവ്യാധികളിലേക്കും ഒരു സാന്ത്വനമായി കയറിച്ചെന്നവരാണ് നിങ്ങള്‍. അത്തരത്തിലൊരു വീടായിരുന്നു എന്റേതും.

നീ ഓര്‍മ്മിക്കുന്നുണ്ടാവും, പൂജപ്പുരയിലെ വാടക വീട്ടില്‍ നീയും ഞാനും കൃഷ്ണകുമാറുമൊക്കെ ഒരു കുടുംബം പോലെ കഴിഞ്ഞ നാളുകള്‍. രഞ്ജിത്തേട്ടന്‍ നിര്‍മ്മിച്ച്‌, അദ്ദേഹത്തിന്റെ ഭാര്യ ചിപ്പി നായികയായി അഭിനയിക്കുന്ന ‘സ്ത്രീ ഒരു സാന്ത്വനം’ എന്ന മെഗാസീരിയല്‍ ഞാന്‍ എഴുതുന്ന കാലമായിരുന്നു അത്. അദ്ദേഹം ‘രജപുത്ര’ എന്ന ഔട്ട് ഡോര്‍ യൂണിറ്റ് തുടങ്ങിയ കാലം. നിന്റെ കാര്യമൊന്നു സൂചിപ്പിക്കുകയേ എനിക്ക് വേണ്ടിവന്നുള്ളൂ. രഞ്ജിത്തേട്ടന്‍ നിനക്കവിടെ ജോലി തന്നു. നല്ല കഠിനാധ്വാനവും കായികശേഷിയുമാവശ്യമുള്ള ജോലിയാണ് ഒരു ലൈറ്റ്മാന്റേത്. പക്ഷെ പരാതികളേതുമില്ലാതെ നീയാ പണിയെടുത്തു. നീയതുമായി പൊരുത്തപ്പെട്ടു. അവര്‍ക്ക് നിന്നെ ഇഷ്ടമായി, നീ അവരിലൊരാളായി. ഒരു ഏട്ടനു തുല്ല്യം നീ സ്‌നേഹിച്ച എനിക്കാവട്ടെ ഏറെ സന്തോഷവുമായി. വളരെ ആത്മാര്‍ത്ഥമായി ആസ്വദിച്ചു കൊണ്ടുതന്നെയാണ് സിനിമാമേഖലയിലെ ആ ജോലി നാളിതുവരെയും നീ ചെയ്തുവന്നത്. അതുകൊണ്ടാണല്ലോ, നിന്നോടൊപ്പം വര്‍ക്ക് ചെയ്ത പല താരങ്ങളും ക്യാമറാമാന്മാരും സംവിധായകരും സഹപ്രവര്‍ത്തകരുമൊക്കെ ഇന്നിപ്പോള്‍ പറയുന്നത്, നല്ല പയ്യനായിരുന്നു, നിന്നെ വലിയ ഇഷ്ടമായിരുന്നു എന്നൊക്കെ.

വിവാഹം, ഭാര്യ, മക്കള്‍, തുടങ്ങിയ പുതിയ ഘട്ടങ്ങളിലേക്ക് കടന്നതോടെയാണ്,നമ്മള്‍ തമ്മിലുള്ള കണ്ടുമുട്ടലുകളും കൂടിച്ചേരലുകളും കുറഞ്ഞു തുടങ്ങിയത്.എന്റെ കല്ല്യാണത്തിന് നീയും നിന്റേതിന് ഞാനും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നെന്ന് ഇന്നലെക്കഴിഞ്ഞതുപോലെ ഞാനോര്‍ക്കുന്നു. സത്യത്തില്‍ നീയും രാജേശ്വരിയും വലിയ അല്ലലില്ലാതെ ജീവിക്കുന്നതില്‍ എനിക്കേറെ സന്തോഷവും തോന്നിയിരുന്നു.പിന്നെ എട്ടും രണ്ടും വയസ്സുമാത്രം പ്രായമുള്ള നിന്റെ രണ്ടു കുട്ടികള്‍, പ്രാര്‍ത്ഥനയും ശ്രേയസ്സും.മക്കള്‍ക്ക് നീ കൊടുത്ത ആ പേരുകളില്‍പ്പോലുമുണ്ടായിരുന്നു,നിന്റെ ക്യാരക്ടര്‍,നിന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍.അവയെല്ലാമാണ് പ്രസാദ്, നിന്നോടൊപ്പം വിധി ഒറ്റയടിക്ക് അപഹരിച്ചു കളഞ്ഞത്. നീ ശാന്തമായി ഉറങ്ങുന്നതുപോലെയുണ്ടെന്നാണ്, വിവരമറിഞ്ഞയുടനെ നാവികഅക്കാദമിയുടെ ആശുപത്രിയിലേക്ക് പാഞ്ഞെത്തി നിന്നെക്കണ്ട നാട്ടുകാരില്‍ ശശിയേട്ടന്‍ എന്നോട് പറഞ്ഞത്. ജീവിക്കണമെന്നും രക്ഷപ്പെടണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്ന നിന്റെ ആ സൗമ്യമായ കീഴടങ്ങല്‍ എനിക്ക്പക്ഷെ സങ്കല്പിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല.

അപകടം നടന്നത് ഈ നശിച്ച കോവിഡ് കാലത്തായതിനാലും,നേവല്‍ബേസിനകത്തു വച്ചായതിനാലും,സാങ്കേതികമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം വിട്ടുകിട്ടാന്‍ നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു.അതുവരെയും, ഏതാണ്ട് ഒന്നര ദിവസത്തോളം നെഞ്ചുരുള്‍ പൊട്ടാതെ, കണ്ണീര്‍ പ്രളയത്തില്‍പ്പെടാതെ നിന്റെ വീടിനും പരിസരത്തിനും സ്‌നേഹത്തിന്റെ സംരക്ഷണ വലയം തീര്‍ത്തതും, മണിയ്ക്കും നിനക്കുമെല്ലാം ഏറെ പ്രിയപ്പെട്ട ആ നാട്ടുകാരും സുഹൃത്തുക്കളും തന്നെയായിരുന്നു.എന്നാല്‍ നിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ച നിമിഷം അവരുള്‍പ്പെടെ എല്ലാവരുടെയും നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ടു. ഫെഫ്കയുടെയും,കേരള സിനി ഔട്ട് ഡോര്‍ യൂണിറ്റിന്റെയും ആദരാഞ്ജലികളുമായി നിന്റെ സിനിമാസുഹൃത്തുക്കള്‍ വന്നിട്ടുണ്ടായിരുന്നു. രജപുത്രയുടെ റീത്ത്, വിറയ്ക്കുന്ന കൈകളോടെ ഞാനാണ് നിന്റെ ദേഹത്തു വെച്ചത്. നിനക്കു വേണ്ടി അങ്ങനെയൊരു കര്‍മ്മം കൂടി ചെയ്യണമെന്ന് ദൈവം വളരെ മുന്‍കൂട്ടി നിശ്ചയിച്ചതായിരിക്കാം.
നമ്മളത് അറിഞ്ഞില്ലെന്നു മാത്രം.

മലബാറിലെ സംവിധായകരുടെ കൂട്ടായ്മകളുടെയും, നാട്ടില്‍ നീ സജീവമായി പ്രവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടേതുള്‍പ്പെടെ നിരവധി പുഷ്പ ഹാരങ്ങള്‍ വേറെയുമുണ്ടായിരുന്നു. പയ്യന്നൂരിലെ ഏതാണ്ടെല്ലാ സിനിമാപ്രവര്‍ത്തകരും നിന്നെ അവസാനമായൊന്ന് കാണാന്‍ വന്നിട്ടുണ്ടായിരുന്നു.അങ്ങനെ ഒരുപാടൊരുപാട് ആദരങ്ങളേറ്റുവാങ്ങി നീ നിശബ്ദനായി കിടക്കുമ്ബോള്‍ ഞാന്‍ ചിന്തിച്ചത് മറ്റൊന്നുമായിരുന്നില്ല.നാട്ടില്‍ ഇതുപോലെ വല്ല മരണവും നടന്നാല്‍ സ്ഥലത്തുണ്ടെങ്കില്‍ ആദ്യം ഓടിയെത്താറുള്ളതും ഇതുപോലെ എത്രയോ വീട്ടുമുറ്റങ്ങളില്‍ നിന്നും ശവമഞ്ചങ്ങള്‍ പേറി മുന്നില്‍ നടക്കാറുള്ളതും, കരുത്തനായ നീയായിരുന്നല്ലോ പ്രസാദ് ! കേവലം രണ്ടു ദിവസങ്ങള്‍ക്ക് മുമ്ബ്,കനത്ത മഴയുള്ള രാത്രിയില്‍ ഗ്രാമത്തിലെ കറന്റ് പോയത് ശരിയാക്കാന്‍ വന്ന ലൈന്‍മാന്‍ ഷോക്കടിച്ചുവീണപ്പോള്‍,അയാളെ താങ്ങിയെടുത്ത് ഉടനെ ആശുപത്രിയിലെത്തിച്ച്‌ ജീവന്‍ രക്ഷിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും നീയായിരുന്നുവെന്ന് രഘു എന്നോട് പറഞ്ഞു.
ലൈന്‍മാനെ രക്ഷിച്ച ലൈറ്റ്മാന്‍ !

സഹജമായ ആ മനുഷ്യസ്‌നേഹത്തിന്റെ പ്രകാശം പരത്തി ഒരുപാട് കാലം ഈ ഭൂമിയില്‍ ജീവിച്ചിരിക്കേണ്ടവനായിരുന്നു പ്രസാദ് നീ. എന്തുചെയ്യാം,മണിക്കൂറുകള്‍ക്കിടയില്‍ മറ്റൊരു സ്ഥലത്ത്,അതിലും വലിയൊരു ഷോക്കേറ്റ് നീ നിലംപതിക്കുകയാണുണ്ടായത്. എന്തൊരു നെറികെട്ട വൈരുദ്ധ്യമാണിത്? സത്യത്തില്‍ ഞാനുള്‍പ്പെടെ നിന്റെ പ്രിയപ്പെട്ടവര്‍ക്ക് കൂടിയാണ് പ്രസാദ് ആ വലിയ ഷോക്കേറ്റിരിക്കുന്നത്.ആ കനത്ത ഷോക്കില്‍ മനസ്സുകൊണ്ട് മരിച്ചുപോയിരിക്കയാണിവിടെ നിന്റെ പ്രിയപ്പെട്ടവരില്‍ പലരുമെന്ന് നീയറിയുന്നുണ്ടോ എന്തോ. തികച്ചും അപ്രതീക്ഷിതമായി ലൈറ്റുകളെല്ലാം ഓഫ് ചെയ്ത്,പെട്ടെന്നൊരു പാക്കപ്പ്. നാല്പത്തിമൂന്നാമത്തെ വയസ്സിലെ നിന്റെ വേര്‍പാടിനെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ആപത്ഘട്ടങ്ങളില്‍ നെഞ്ചുറപ്പോടെ മുന്നില്‍ നില്‍ക്കാന്‍, ഞാനിനി ആരെയാണ് വിളിക്കുക പ്രസാദ്? തിരിച്ചുകിട്ടുന്ന സ്‌നേഹത്തിന്റെ കാര്യത്തില്‍ ഞാന്‍ പിന്നെയും ദരിദ്രനാവുകയാണല്ലോ.

ഒരു കാര്യം ഞാന്‍ ഉറപ്പ് തരുന്നു.ഭാര്യയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമടങ്ങുന്ന നിന്റെ കുടുംബം ഒരിക്കലും അനാഥമാവില്ല. രഞ്ജിത്തേട്ടനും മലയാള സിനിമയും,അവരുടെ മുന്നോട്ടുള്ള കാര്യങ്ങളില്‍ കൂടെയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. അതുപോലെ നാട്ടിലെ നിന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളും സംഘടനകളുമൊന്നും ഇക്കാര്യത്തില്‍ വെറുതെയിരിക്കില്ലെന്ന് എനിക്കുറപ്പുണ്ട്. അത്തരം എല്ലാശ്രമങ്ങളുടെയും മുന്‍പന്തിയില്‍ ഞാനുമുണ്ടാവുമെന്ന് മനസ്സു തുറന്ന് നിന്നെ അറിയിക്കട്ടെ.
നിര്‍ത്തുന്നു,
നീയവിടെ സമാധാനത്തോടെയിരിക്കുക.അതേ വിധികല്പന വരുന്നതോളം കാലം ഞാനിവിടെയുണ്ട്, നിന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ ഇവിടെയുണ്ട്.ശാന്തമായി, സമാധാനമായി,
നീ ഉറങ്ങുക.
ആദരാഞ്ജലികള്‍ ??????

shortlink

Related Articles

Post Your Comments


Back to top button