മോഹന്‍ലാല്‍ -ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും മികച്ച സസ്പെന്‍സ് ത്രില്ലറുകളില്‍ ഒന്നാണ്. ജോര്‍ജ്ജുകുട്ടിയും കുടുംബവും പുതിയ കഥയുമായി വരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. എന്നാല്‍ ചിത്രത്തിലെ ഒരു രംഗത്തില്‍ തനിക്കുണ്ടായിരുന്ന അവ്യക്തതയെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍. മിസ്സിംഗ് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീട്ടിലെത്തുന്ന ഒരു രംഗത്തില്‍ ജോര്‍ജ്കുട്ടിയുടെ റിയാക്ഷനെന്താവണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അതിനാല്‍ ലാലേട്ടനോട് അത് പറഞ്ഞുകൊടുക്കാനും തനിക്ക് ആയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ജിത്തു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ.. “ജോര്‍ജ്ജൂട്ടിയെ കാണാന്‍ വീട്ടില്‍ പൊലീസുകാര്‍ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷന്‍സിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല, അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങള്‍ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്. അതുകേട്ട് ജോര്‍ജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയില്‍ നിന്ന് പോയെന്നും. എന്നാല്‍ ജോര്‍ജൂട്ടിയുടെ മുഖത്ത് ഞെട്ടല്‍ വരാന്‍ പാടില്ല. ശരിക്കും കഥാപാത്രത്തിന്‍റെ ഉള്ളില്‍ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാള്‍ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം. ആ ഷോട്ട് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷന്‍ ആയിരുന്നു പ്രധാനം. ആക്ഷന്‍ പറഞ്ഞപ്പൊ ലാലേട്ടന്‍ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാര്‍ഥ റിയാക്ഷന്‍.”
കോളെജ് വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇത് പങ്കുവച്ചത്
Post Your Comments