സത്യന് അന്തിക്കാട് തന്റെ തുടക്കകാലത്ത് തന്നെ ഇന്നത്തെപോലെ തന്നെ മികച്ച ഹിറ്റ് സിനിമകള്‍ സൃഷ്ടിച്ചിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമകളില്‍ ഒന്നാണ് മോഹന്‍ലാല്‍, നെടുമുടി വേണു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അപ്പുണ്ണി’. പ്രശസ്ത സാഹിത്യകാരന്‍ വികെഎന്നിന്‍റെ ചെറുകഥയായ ‘പ്രേമവും വിവാഹവും’ എന്നതിനെ മുന്‍ നിര്‍ത്തിയാണ് ‘അപ്പുണ്ണി’ എന്ന ചലച്ചിത്ര രൂപമുണ്ടാക്കിയത്. അപ്പുണ്ണി എന്ന തന്റെ ചിത്രം നിര്‍മ്മിച്ച രാമചന്ദ്രന്‍ എന്ന മുരളി മൂവിസിന്റെ ഉടമയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ‘അവളുടെ രാവുകള്‍’ പോലെയുള്ള ഫേമസ് സിനിമകള്‍ എടുത്ത രാമചന്ദ്രന്‍ എന്ന നിര്‍മ്മാതാവിനെ ഇന്നത്തെ തലമുറയ്ക്ക് കൂടുതല്‍ പരിചയപ്പെടുത്തുകയാണ് മലയാളത്തിന്റെ കുടുംബ സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍
‘മുരളി മൂവീസ് രാമചന്ദ്രന് വേണ്ടി ഒരു സിനിമ ചെയ്യണം. സത്യന് ഇഷ്ടമുള്ള കഥ. ഇഷ്ടമുള്ള അഭിനേതാക്കൾ. ഒന്നിലും രാമചന്ദ്രൻ ഇടപെടില്ല.”ആ സ്വാതന്ത്ര്യമായിരുന്നു ഞാനും ആഗ്രഹിച്ചത്. രാമചന്ദ്രേട്ടനെ നേരത്തേ അറിയാം. ഐ.വി. ശശിയുടെ ഉറ്റ സുഹൃത്ത്. മുരളി മൂവീസിന്റെ ‘ഉത്സവം’ എന്ന ചിത്രത്തിലൂടെയാണ് ഐ.വി. ശശിയെന്ന സംവിധായകൻ ഉദയം കൊണ്ടത്. അവർ രണ്ടു പേരുമൊരുമിച്ച ‘അവളുടെ രാവുകൾ’ അക്കാലത്തെ തരംഗം തന്നെയായിരുന്നു. കോഴിക്കോട്ടുകാരനാണ്. പുര നിറഞ്ഞു കവിഞ്ഞ ഒരു അവിവാഹിതൻ. കല്യാണത്തെപ്പറ്റി ചോദിച്ചാൽ പറയും: ”അതിനുള്ള പ്രായമാവണ്ടേ” എന്ന്. മദ്രാസിൽ ഒരു വാടകവീട്ടിലാണ് താമസം.
‘അവളുടെ രാവുകൾ’ ഒരു പണംവാരിപ്പടമായിരുന്നെങ്കിലും അതിന്റെ വലിയ ഗുണമൊന്നും രാമചന്ദ്രേട്ടന് കിട്ടിയിട്ടില്ല. അതിനുശേഷമെടുത്ത ചിത്രങ്ങൾ സാമ്പത്തികനേട്ടമുണ്ടാക്കിയിട്ടുമില്ല. ഐ.വി. ശശിക്കാണെങ്കിൽ നിന്നു തിരിയാൻ പോലും നേരമില്ലാത്ത തിരക്ക്.
ഞാനും രാമചന്ദ്രേട്ടനും ജോൺപോളും കൂടിയിരുന്നു സംസാരിച്ചു. അങ്ങനെയാണ് വി.കെ. എന്നിന്റെ ‘പ്രേമവും വിവാഹവും’ എന്ന ചെറുകഥയിലേക്കെത്തുന്നത്. ‘അപ്പുണ്ണി’ എന്ന പേരിൽ അത് സിനിമയാക്കാൻ തീരുമാനിച്ചു. വി.കെ.എൻ തന്നെ സ്‌ക്രിപ്റ്റ് എഴുതി. കോഴിക്കോട്ട് മണ്ണൂർ എന്ന ഗ്രാമമാണ് ലൊക്കേഷൻ. വൈക്കം മുഹമ്മദ് ബഷീർ വന്ന് സ്വിച്ചോൺ ചെയ്തു. ഞങ്ങൾ വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു അപ്പുണ്ണി. ഷൂട്ടിങ് സമയത്ത് നല്ല സാമ്പത്തിക ദാരിദ്ര്യമുണ്ടായിരുന്നെങ്കിലും അതൊന്നും രാമചന്ദ്രേട്ടൻ എന്നെ അറിയിച്ചിരുന്നില്ല. എപ്പോഴും ചിരിച്ച മുഖത്തോടെ ഒരു സുഹൃത്തായിട്ട് മാത്രമേ സെറ്റിലെത്തിയിരുന്നുള്ളൂ.
കടപ്പാട് (സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്)
Post Your Comments