രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് എന്ന സൂപ്പര്‍ താരം സിനിമയിലെത്തുന്നത്. രഞ്ജിത്ത് എന്ന സംവിധായകന് പൃഥ്വിരാജിനെ നന്ദനത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പത്തൊന്‍പത് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ആദ്യ കാഴ്ചയില്‍ തന്നെ ബാലാമണിയെ സ്നേഹിക്കുന്ന മനുവെന്ന കഥാപാത്രത്തെ പൃഥ്വിരാജിലൂടെ കണ്ടെത്തുകയായിരുന്നു രഞ്ജിത്ത്. ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പൃഥ്വിരാജ് എന്ന നടനെ കണ്ടെത്തിയതിനെക്കുറിച്ചും ആദ്യം പൃഥ്വിരാജ് അഭിനയിക്കാനിരുന്ന ഫാസില്‍ സിനിമയെക്കുറിച്ചും നന്ദനം സിനിമയുടെ നിര്‍മ്മാതാവും നടനുമായ സിദ്ധിഖ് വെളിപ്പെടുത്തുകയാണ്.
‘രഞ്ജിത്ത് എന്നെയാണ് ആദ്യം വിളിച്ചത്. നന്ദനത്തില്‍ നായകനാകാന്‍ പുതുമുഖത്തെ അന്വേഷിക്കുന്ന സമയത്താണ് മല്ലികയുടെ മകനെക്കുറിച്ച് രഞ്ജിത്ത് ചോദിച്ചത്. ഞാന്‍ കരുതിയത് ഇന്ദ്രജിത്തിനെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് പക്ഷേ മല്ലികയുടെ രണ്ടാമത്തെ മകന് എന്ന് പറഞ്ഞപ്പോള്‍ പൃഥ്വിരാജ് ആണെന്ന് മനസ്സിലായി. അങ്ങനെ ഞാന്‍ മല്ലികയെ വിളിച്ചു കാര്യം പറഞ്ഞു. ‘അയ്യോ സിദ്ധിഖേ അവന് അഭിനയിക്കാന്‍ വലിയ താല്പര്യമില്ലെന്നും അവന് ഇത് വരെ ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ടില്ല എന്നുമായിരുന്നു’ മല്ലികയുടെ മറുപടി. എന്താലും രഞ്ജിത്തിനെ പോയി ഒന്ന് കാണാന്‍ ഞാന്‍ പറഞ്ഞു.അങ്ങനെയാണ് പൃഥ്വിരാജ് രഞ്ജിത്തിനെ കാണാന്‍ പോകുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ തന്റെ നായകന് ഇതാണെന്ന് രഞ്ജിത്ത് ഉറപ്പിച്ചു. ആദ്യമേ ഫാസില്‍ സംവിധാനം ചെയ്ത ‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലേക്ക് പൃഥ്വിരാജിനെ നോക്കിയിരുന്നു പക്ഷേ തന്റെ ചിത്രത്തിലെ കഥാപാത്രം ഒരു പാവം ആണെന്നും പൃഥ്വിരാജിനെ പോലെയുള്ള ഒരാള്‍ അത് ചെയ്താല്‍ വിശ്വസനീയമാകില്ലെന്നും ഉറപ്പു തോന്നിയപ്പോഴാണ് ഫാസില്‍ അത് ഉപേക്ഷിച്ചത്, ‘നീ ആരാടാ എന്ന് ചോദിച്ചാല്‍ ഇത് ഞാനാടാ’ എന്ന് പറയുന്ന ഒരു തന്റേട രീതി ആയിരുന്നു പൃഥ്വിരാജില്‍ ഉണ്ടായിരുന്നതെന്നും അത് കൊണ്ടാണ് ‘കൈയ്യെത്തും ദൂരത്ത്’ എന്ന സിനിമയില്‍ പൃഥ്വിരാജ് വേണ്ട എന്ന തീരുമാനം എടുത്തതെന്നും ഫാസില്‍ എന്നോട് പറഞ്ഞിട്ടുണ്ട്’. സിദ്ധിഖ് പറയുന്നു
Post Your Comments