സിനിമയില്‍ നിന്ന് ഏറെ വേദനിപ്പിച്ചതും വേറിട്ടതുമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ചെയ്ത ഒരു സിനിമാ വലിയ വിജയമായിട്ടും അതിന്റെ പ്രതിഫലം കിട്ടിയില്ലെന്നും സിനിമ ഹിറ്റായി കഴിഞ്ഞു വീണ്ടും അതേ നിര്‍മ്മാതാവ് യാതൊരു മടിയും കൂടാതെ ഇനിയും സിനിമ ചെയ്തു തരണമെന്ന് പറഞ്ഞു തന്നെ വീണ്ടും സമീപിച്ചെന്നും സത്യന്‍ അന്തിക്കാട് തുറന്നു പറയുന്നു.
സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍
കുറച്ചുവർഷങ്ങൾക്കു മുമ്പ് കൗതുകകരമായ ഒരു അനുഭവമുണ്ടായി. ഒരു സിനിമയുടെ ജോലികളെല്ലാം പൂർത്തിയാക്കി മദിരാശിയിൽ നിന്ന് ഞാൻ നാട്ടിലേക്കു പുറപ്പെടാൻ നില്‍ക്കുകയാണ്. പറഞ്ഞ പ്രതിഫലത്തിന്റെ പകുതിപോലും കിട്ടിയിട്ടില്ല. നിർമ്മാതാവ് സരസനാണ്. ഞാനുമായി നല്ല സൗഹൃദത്തിലുമാണ്. എന്റെ കൈയിൽ ഒരു ബ്ലാങ്ക് ചെക്ക് കൊണ്ടു തന്നിട്ട് പറഞ്ഞു:
”ഇത് കൈയിൽ വെച്ചോളൂ. വെള്ളിയാഴ്ചയാണല്ലോ റിലീസ്. വ്യാഴാഴ്ച വീട്ടിൽ വന്ന് ഞാൻ പണം തരും. അപ്പോൾ ഈ ചെക്ക് തിരിച്ചു തന്നാൽ മതി”
എനിക്ക് സംശയമൊന്നും തോന്നിയില്ല.
അല്ലെങ്കിലും ആ സമയത്ത്, സിനിമ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ടെൻഷനാണ് മനസ്സുനിറയെ.
സിനിമ റിലീസ് ചെയ്തു. കണ്ടവർക്കെല്ലാം നല്ല അഭിപ്രായം. തിയേറ്ററുകൾ എന്നും ഹൗസ്ഫുൾ ! പടം ഹിറ്റായതിന്റെ സന്തോഷം നിർമ്മാതാവ് ഫോണിൽ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ഇടയ്ക്ക് ചോദിക്കും: ”വീട്ടിലുണ്ടല്ലോ, അല്ലേ? ഞാനങ്ങോട്ടു വരുന്നുണ്ട്”
സിനിമ അമ്പതു ദിവസം പിന്നിട്ടപ്പോൾ പ്രതിഫലത്തെപ്പറ്റിയുള്ള പ്രതീക്ഷ ഞാൻ കൈവിട്ടു. അത്തരം ഒരു മാനസികാവസ്ഥയിൽ ഞാനെത്തിയെന്ന് നിർമ്മാതാവിനും ബോധ്യമായി. പിന്നെ പല സ്ഥലങ്ങളിലും വെച്ചു കാണും. പഴയ ചെക്കിന്റെ കാര്യമൊഴിച്ച് പലതും സംസാരിക്കും, തമാശ പറയും, പൊട്ടിച്ചിരിക്കും.
ഒരു ദിവസം ഞാൻ പറഞ്ഞു:
”എന്റെ പ്രതിഫലം കിട്ടാതെ പടം റിലീസ് ചെയ്യാൻ സമ്മതിക്കരുതെന്ന് ലാബിൽ ഞാൻ ലെറ്റർ കൊടുക്കണമായിരുന്നു.”
എന്നെ ഞെട്ടിച്ചുകൊണ്ടദ്ദേഹം പറഞ്ഞു:
”വേണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ എവിടെനിന്നെങ്കിലും പണമുണ്ടാക്കി ഞാന്‍ നിങ്ങൾക്കു തരുമായിരുന്നു.”
കൂടെ ഒരു ഉപദേശവും.
”ഇനിയെങ്കിലും നിങ്ങളീ കാര്യത്തിൽ കുറച്ചു ശ്രദ്ധവെക്കണം. എത്ര സൗഹൃദമുള്ള പ്രൊഡ്യൂസറാണെങ്കിലും റിലീസിനുമുമ്പ് പണം കിട്ടിയില്ലെങ്കിൽ ലാബ് ലെറ്റർ കൊടുക്കണം; സ്‌നേഹംകൊണ്ട് പറയുന്നതാണ്.”
ഇത് ഏതുതരം ജീവി എന്ന് ഞാൻ അദ്ഭുതപ്പെട്ടിരിക്കെ അടുത്ത ഡയലോഗ്: ”കഴിയുന്നതും വേഗം എനിക്കൊരു സിനിമകൂടി ചെയ്തുതരണം. ആ സിനിമയുടെ ഫൈനൽ വർക്ക് തുടങ്ങും മുമ്പ് അതിന്റെ പ്രതിഫലം പൂർണമായും, കൂടെ കഴിഞ്ഞ പടത്തിന് തരാനുള്ള ബാക്കി പണവും ചേർത്ത് മുഴുവൻ തുകയും ഞാൻ തരും. അതു കൈയിൽ കിട്ടിയിട്ടേ പടത്തിന്റെ ഫൈനൽ മിക്‌സിങ് നടത്താവൂ.”
ഞാൻ ചിരിച്ചുപോയി. ആ പരീക്ഷണത്തിന് എന്തായാലും ഞാൻ നിന്നുകൊടുത്തില്ല.
kada
Post Your Comments