മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം പപ്പയുടെ സ്വന്തം അപ്പൂസിൽ സുരേഷ് ഗോപി അഭിനയിച്ച ഡോ. ഗോപൻ എന്ന കഥാപാത്രമായി ആദ്യം തീരുമാനിച്ചിരുന്നത് നടന് മുരളിയെയായിരുന്നു. മുരളിയെ ഈ കഥാപാത്രമാക്കിയുള്ള രംഗങ്ങൾ സംവിധായകന് ഫാസിൽ ഷൂട്ട് ചെയ്യുകയും ചെയ്തുവെന്നും എന്നാല് പിന്നീട് താരത്തെ മാറ്റേണ്ടി വന്നുവെന്നും ഗോപാല കൃഷ്ണൻ എന്ന സിനിമാ പ്രേമിയുടെ കുറിപ്പ്.
വളയം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളിക്കു പരുക്കു പറ്റുകയും അതേ തുടർന്ന് പപ്പയുടെ സ്വന്തം അപ്പൂസില് നിന്നും മുരളി പിന്മാറുകയുമായിരുന്നു. മുരളി ഓർമയായി 11 വർഷം പൂർത്തിയാകുന്ന അവസരത്തിൽ ഗോപാല കൃഷ്ണൻ പങ്കുവച്ചകുറിപ്പില് പറയുന്നു
ഗോപാല കൃഷ്ണന്റെ കുറിപ്പ് വായിക്കാം:
അപ്പൂസിന്റെ ഡോ.ഗോപനായി മുരളി
മലയാള സിനിമയുടെ ഏറ്റവും കരുത്തുറ്റ അഭിനേതാക്കളിൽ ഒരാളായ ശ്രീ മുരളിയുടെ പതിനൊന്നാം ചരമവാർഷിക ദിനമാണിന്ന്. 1992 ഓണക്കാലത്ത് തിയറ്റിലെത്തിയ ഫാസിലിന്റെ, ”പപ്പയുടെ സ്വന്തം അപ്പൂസ്” എന്ന ചിത്രത്തിൽ സുരേഷ് ഗോപി ചെയ്ത ഡോ.ഗോപൻ എന്ന കഥാപാത്രമായി ആദ്യം അഭിനയിച്ചത് മുരളിയായിരുന്നു.
എന്നാൽ അതേ സമയത്ത് ചിത്രീകരണം നടന്നു കൊണ്ടിരുന്ന സിബി മലയിലിന്റെ ”വളയം” എന്ന ചിത്രത്തിന്റെ സംഘട്ടന രംഗത്തിൽ പരുക്ക് പറ്റിയതോടെ മുരളിയ്ക്ക് കുറച്ച് നാൾ വിശ്രമം വേണ്ടിവന്നു. പിന്നീട്”വളയം” ചിത്രീകരണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടി വന്നതിനാൽ, അപ്പൂസിൽ തുടർന്ന് അഭിനയിക്കാൻ കഴിയാതെ വന്നു. ഒരു രംഗം മാത്രമേ മുരളിയെ വച്ച് ഷൂട്ട് ചെയ്തിരുന്നുള്ളൂ എന്നതിനാൽ, ഫാസിൽ ആ കഥാപാത്രം സുരേഷ് ഗോപിയ്ക്ക് നൽകി. മുരളിക്ക് ഓർമ്മപൂക്കൾ..
Post Your Comments