ഒരു സിനിമയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ ആ സിനിമ ചെയ്യുന്ന സംവിധായകന് കഴിയുമ്പോഴാണ് അയാള്‍ക്ക് സ്വയം കൂടുതല്‍ മുന്നേറാന്‍ സാധിക്കുന്നതെന്ന് ചില പൂര്‍വ്വകാല സിനിമാ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് സിബി മലയില്‍ പറയുന്നു. ചില അവസരങ്ങളില്‍ താനും ലോഹിതദാസുമൊക്കെ പരാജയങ്ങളെ അംഗീകരിക്കാന്‍ മടിച്ചിരുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നു.
‘ഒരു ചിത്രം ഇറങ്ങി കഴിഞ്ഞാല്‍ ഞാനും ആദ്യത്തെ ഒരാഴ്ച ഈ സിനിമ വലിയ വിജയം ആണെന്ന് ധരിച്ചു കൊണ്ടിരിക്കുമായിരുന്നു. ഒരാഴ്ച കഴിയുമ്പോള്‍ ആണ് ഈ സിനിമ പൊട്ടി കഴിഞ്ഞിരിക്കുന്നു, തിയേറ്ററില്‍ നിന്ന് മാറികഴിഞ്ഞിരിക്കുന്നു എന്ന ചിന്ത വരുന്നത്. പിന്നീട് ഞാന്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ എനിക്ക് വരുന്ന ഫോണ്‍ കോളുകളെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു സിനിമ ഇറങ്ങി കഴിഞ്ഞു അര മണിക്കൂറിനുള്ളില്‍ ഒരുപാട് കോളുകള്‍ വരികയും അത് കലക്കി, സൂപ്പര്‍ എന്ന് പറയുകയും ചെയ്യുമ്പോള്‍ എന്റെ സിനിമ വിജയിച്ചുവെന്ന് ഞാന്‍ ഉറപ്പിക്കും, പക്ഷേ തരക്കേടില്ല എന്ന അഭിപ്രായം വന്നാല്‍ ആ സിനിമയ്ക്ക് ഉയര്‍ച്ചയില്ല എന്ന് ഞാന്‍ മനസിലാക്കും. ഇത് ഞാന്‍ തന്നെ എന്റെ സിനിമകളുടെ വിജയവും പരാജയവും മനസിലാക്കാന്‍ വേണ്ടി ബോധപൂവ്വം നിരീക്ഷിച്ചു കണ്ടെത്തിയതാണ്. തന്റെ എല്ലാ സിനിമകളും വിജയമാണെന്ന് ലോഹിതദാസിനും ചില തോന്നലുകള്‍ ഉണ്ടായിരുന്നു. ആ രീതിയില്‍ അദ്ദേഹം എന്റെ അടുത്ത് സംസാരിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചു ചെയ്ത ഒന്ന്‍ രണ്ടു സിനിമകള്‍ പരാജയപ്പെട്ടപ്പോഴും താന്‍ എഴുതിയതില്‍ ‘രാധാമാധവം’ മാത്രമാണ് പരാജയപ്പെട്ടത് എന്ന് അദ്ദേഹം പറയുമായിരുന്നു. പരാജയം ഒരു ഫിലിം മേക്കര്‍ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നില്ല. അത് കൊണ്ട് അത് പലര്‍ക്കും അംഗീകരിക്കാനും മടിയാണ്’ സിബി മലയില്‍ പറയുന്നു.
Post Your Comments