നടന് ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം പുതിയ ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. എന്നാല്‍ നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ ഈ ടീസറിനു താഴെ നടത്തിയ ഒരു കമന്റ് വിവാദമായിരുന്നു.
‘നല്ല വീഡിയോ, മോശം തംബ്നെയില്‍, നിങ്ങള്‍ എന്ന് പഠിക്കും?’ എന്നായിരുന്നു അഹാനയുടെ പരാമര്‍ശം. എന്നാല്‍ നീയേതാ?’ എന്ന മറുചോദ്യമാണ് മറുപടിയായി ‘കുറുപ്പ്’ എന്ന ഹാന്‍ഡിലില്‍ നിന്നു വന്നത്. അതോടെ വിവാദങ്ങളും ഉയര്‍ന്നു. മറുപടി വന്ന ഹാന്‍ഡില്‍ വ്യാജമാണ് എന്ന് വെളിപ്പെടുത്തി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ ഔദ്യോഗിക ഹാന്‍ഡിലുമായി രംഗത്തെത്തി. നടന്നതെന്ത് എന്ന് അഹാനയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ വിശദീകരിച്ചു.
‘മോശം തംബ്നെയില്‍ എന്ന എന്റെ പരാമര്‍ശത്തെക്കുറിച്ച് ബഹളം കൂട്ടുന്നവരോട്. ആദ്യമായി പറയട്ടെ, അത് ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ (നിമിഷ് രവി – ‘കുറുപ്പ്’ ചിത്രത്തിന്റെ ഛായാഗ്രഹാഹകന്) പ്രൊഫൈലില്‍ പങ്കു വച്ച ഒരു കമന്റ് ആണ്. രണ്ടാമതായി, നിമിഷ് അതില്‍ തംബ്നെയില്‍ ആയി ഇട്ടിരുന്നത് ഒരു കറുത്ത ഫ്രെയിം ആയിരുന്നു; ദുല്‍ഖര്‍ സല്‍മാന്റെ പത്തിലേറെ ഗംഭീരന്‍ ഷോട്ടുകള്‍ ഉണ്ടായിട്ടു കൂടി. ആ അബദ്ധം ചൂണ്ടിക്കാട്ടാന്‍ കൂടിയാണ് ഞാന്‍ അത് പറഞ്ഞത്,’ അഹാന കുറിച്ചു.
Post Your Comments