ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും പ്ലസ്ടുവിന് ഉന്നതവിജയം നേടിയ കോട്ടയ്ക്കൽ സ്വദേശി ജയസൂര്യയെ അഭിനന്ദിച്ച് സിനിമാതാരം ജയസൂര്യ. വാർത്തകളിലൂടെ കേട്ടറിഞ്ഞ മിടുക്കനെ അഭിനന്ദിക്കാൻ ജയസൂര്യ നേരിട്ട് വിളിച്ചപ്പോൾ പ്ലസ്ടുകാരൻ ജയസൂര്യയ്ക്ക് അമ്പരപ്പും സന്തോഷവും. ‘ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല അദ്ദേഹം വിളിക്കുമെന്ന്,’ അപ്രതീക്ഷിതമായി ഇഷ്ടതാരം നേരിട്ട് വിളിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യ.
”രാത്രിയാണ് വിളിച്ചത്. ജയസൂര്യയെപ്പോലെ ഒരു ജയസൂര്യയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം മനസിലായില്ല. പിന്നെ, അദ്ദേഹം പറഞ്ഞു, സിനിമയിലാണ് വർക്ക് ചെയ്യുന്നതെന്ന്! അപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്. ജയേട്ടന്റെ സിനിമകളൊക്കെ ഞാന്‍ കാണാറുണ്ട്. അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നു മാത്രമല്ല നേരിട്ടു കാണാനും ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെയും അമ്മയേയും ക്ഷണിച്ചിട്ടുണ്ട്. നന്നായി പഠിക്കണമെന്നു പറഞ്ഞു. പിന്നെ വിളിക്കാനായി അദ്ദേഹത്തിന്റെ നമ്പർ തന്നു. അത് ആർക്കും കൊടുക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഷൂട്ടിങുമായി ബന്ധപ്പെട്ട് അവിടെ വരുകയാണെങ്കിൽ തീർച്ചയായും വീട്ടിൽ വരാമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.’ ജയസൂര്യ ഒരു മാധ്യമത്തോട് പങ്കുവച്ചു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമ്പോൾ കൊച്ചിയിൽ പോയി താരത്തേയും കുടുംബത്തേയും നേരിൽ കാണാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യയും അമ്മയും. ഇംഗ്ലിഷിൽ ബിരുദത്തിനു ചേരാനും അതിനൊപ്പം സിവിൽ സർവീസിനും തയ്യാറെടുക്കാനുമാണ് ജയസൂര്യയുടെ തീരുമാനം.
ഈ മിടുക്കനെക്കുറിച്ച് നടന്‍ ജയസൂര്യയുടെ വാക്കുകള്‍ ഇങ്ങനെ.. ‘വാർത്തകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഈ മിടുക്കനെ ഞാൻ അറിയുന്നത്. മാത്രമല്ല അവനെന്നെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്ന് അറിയാനും കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. നമുക്കെല്ലാം പ്രചോദനമാക്കാൻ പറ്റിയ വ്യക്തിത്വമാണ് ഈ കുട്ടിയുടേത്. അവന്റെ ജീവിതം തന്നെ അതിന് ഉദാഹരണമാണ്. ഒന്നിനും ഒഴികഴിവുകളില്ലാതെയാണ് അവൻ മികച്ച വിജയം നേടിയത്. വീട്ടിലെ ബുദ്ധിമുട്ട്, അതിനൊപ്പം ജോലി, പഠിത്തം. ഓരോ കാരണങ്ങൾ പറഞ്ഞ് അവന് വേണമെങ്കിൽ പഠനത്തിൽ ഉഴപ്പാമായിരുന്നു. പക്ഷേ ലക്ഷ്യം മുന്നിൽ കണ്ട് അതിനു വേണ്ടി പ്രയത്നിച്ചു. നാമൊക്കെ സാധാരണചുറ്റുപ്പാടിൽ ജനിച്ചുവന്നവരാണ്. അതിൽ അസാധാരണമായ സ്വപ്നം കാണുന്നവാണ് ഉന്നതവിജയത്തിലെത്തിച്ചേരുന്നത്. ജയസൂര്യയും ഇനി വലിയ ഉയരങ്ങളിലെത്തട്ടെ.’–നടൻ പറഞ്ഞു.
Post Your Comments