നീ ഞങ്ങളെ മനസ്സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ലേ ?

ഞാനോ അമ്മയോ ആ രാത്രി തീരും മുൻപേ മരിച്ചു പോകുമോ എന്നു ഭയന്നു . അതെ സമയം ഒരു മകന് അമ്മയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ അതിനെ ഉൾക്കൊണ്ടു ...

രാജ്യം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിലാണ്. പത്തുലക്ഷത്തില്‍ അധികം രോഗികള്‍ ഇന്ത്യയില്‍ മാത്രമുണ്ട്. ഈ വൈറസ് ഭീതിയെക്കുറിച്ചു സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ..

”ഓർമയുണ്ടോ ഈ മുഖം എന്ന് ചോദിച്ചു കൊണ്ട് ദീർഘനാളത്തെ മൗനം ഞാൻ മുറിക്കട്ടെ …ഒള്ളത് പറഞ്ഞാൽ ഞാൻ ഏറ്റവും ഒടുവിൽ സമാധാനമായി പുറത്തിറങ്ങിയത്ത് മാർച്ച് 8ന് ബഹറിനിൽ നിന്ന് വന്ന എന്റെ സുഹൃത്ത് രാംഗോപാലമേനോനും കുടുംബവുമായി അത്താഴം കഴിക്കാനാണ് …..പിന്നെ ഒറ്റ ഇരിപ്പാ ….എന്ന് പറഞ്ഞാൽ എങ്ങോട്ടു തിരിഞ്ഞാലും കോവിഡ് … പുറത്തേക്കിറങ്ങുന്നതു ആരെ കാണാനാണ് ?
ഒരു ചായ കുടിക്കാൻ പറ്റുമോ ?ഏതെങ്കിലും രീതിയിൽ ഒരു ഷോപ്പിംഗ്‌ നടത്താൻ പറ്റുമോ ?
എതിരെ വരുന്ന പരിചയക്കാരന് കൈകൊടുക്കാൻ പറ്റുമോ

എപ്പോഴും രണ്ടു മീറ്റർ സാമൂഹ്യ ദൂരം നില നിർത്തണം . സാധിക്കുമോ ? പച്ചനോട്ട് ഒന്ന് കൈത്തലത്തിലിട്ടു തൃപ്തിയോടെ ഒന്ന് എണ്ണാൻ പറ്റുമോ? രക്ഷയില്ല ! കസേരയിൽ മലർന്നു കിടന്നു ഒന്ന് പത്രം വായിക്കാൻ പറ്റുമോ ? പത്രത്തിലൂടെയും കോവിഡ് പടരുമത്രെ ..

എന്തിനധികം പറയുന്നു ? സ്വന്തം മുഖം ഒന്ന് പൂർണ്ണമായും കണ്ടിട്ട് എത്ര നാളായി ? ആണുങ്ങൾക്ക് മീശ കറുപ്പിക്കണ്ട , മഹിളകൾക്കു ചുണ്ടു ചോപ്പിക്കണ്ട …അത്രയും സൗകര്യമായി …

”ആരാന്റെ മുല്ല കൊച്ചു മുല്ല ”; എന്ന എന്റെ ചിത്രത്തിൽ ഞാൻ അവതരിപ്പിച്ച അനാഥൻ എന്ന കഥാപാത്രത്തോട് ക്ലൈമാക്സിൽ പി.കെ. അബ്രഹാം അവതരിപ്പിക്കുന്ന പള്ളീലച്ചൻ ചോദിക്കുന്ന ഒരു നിസ്സഹായമായ ഒരു ചോദ്യം ഓർമ്മ വന്നു പോകുന്നു …”അനാഥാ , നീ ആരാണ് കുഞ്ഞേ?”
മരിച്ചുപോയ പുണ്യാത്മാക്കൾക്കു തർപ്പണം ചെയ്യാനുള്ള അവസരം കൂടി കോവിഡ് നിഷേധിച്ചപ്പോൾ പൊന്തി വന്ന ചോദ്യവും അത് തന്നെയാണ് …കുഞ്ഞേ കോവിഡ് , നീ ആരാണ് ? നിനക്കെന്താണ് വേണ്ടത് ? നീ ഞങ്ങളെ മനസ്സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ലേ ?

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയുമൊക്കെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനും . എന്നാൽ എന്റേതായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ ഞാൻ തീരെ അമാന്തം കാണിക്കാറുമില്ല . ഏറ്റവും ഒടുവിൽ ഞാൻ ബലിയിട്ടത് എന്റെ അച്ഛന് വേണ്ടിയാണ്. അമ്മയെയും പെങ്ങന്മാരെയും കൂട്ടി അതിരാവിലെ തന്നെ ഞാൻ പാപനാശം കടപ്പുറത്തെത്തി. എന്താ തിരക്ക്? മരിച്ചുപോയ എന്റെ സുഹൃത്ത് ശ്രീകുമാറിന്റെ സഹോദരൻ ബാബു എനിക്ക് കർമ്മം ചെയ്യാനുള്ള ഇടവും ഒരു കർമ്മിയും നേരത്തെ റിസേർവ് ചെയ്തിരുന്നു .ഞാൻ ബാലചന്ദ്ര മേനോൻ അല്ലായിരുന്നെങ്കിൽ ഞാൻ ആശിച്ച ഒരു സന്ദർഭമായിരുന്നു അത് .കർമ്മിക്കു മുന്നിലിരിക്കുന്ന എന്റെ മഹസ്സർ തയ്യാറാക്കുന്ന പൊതുജനം .അവരുടെ തുറിച്ചുള്ള നോട്ടം …ഇടയ്ക്കു അടക്കിയ സ്വരത്തിൽ ”അത് ‘വിഗ്ഗാ’ ടാ എന്നുള്ള കണ്ടുപിടിത്തം ..ഇതിനിടയിൽ എന്നോട് എന്തൊക്കയോ ഉരുവിടാൻ പറയുന്ന കർമ്മി . പറയുന്നതു പോലെ ഉരുവിടുന്ന ഞാൻ”സാറിന്റെ ആ ……പടത്തിലെ ….ആ സീൻ എനിക്ക് ഭയങ്കര ഇഷ്ട്ടമാ …”കൂട്ടത്തിൽ നിന്ന് പൊന്തുന്ന അശരീരി . അൽപ്പം ദൂരെയായി ഒരു കസേരയിൽ കുടയും ചൂടി ഇരിക്കുന്ന അമ്മ.

രാവിലത്തെയാണെങ്കിലും ഇളം വെയിൽ അമ്മയെ അലോസരപ്പെടുത്തുന്നുണ്ട്. കർമ്മിയുടെ മുഖത്തു മനുഷ്യപ്പറ്റുള്ള ചിരികണ്ടതു ദക്ഷിണ വാങ്ങിയപ്പോഴാണ് .എല്ലാം കഴിഞ്ഞപ്പോൾ എന്തിനു വേണ്ടി ഇത്രയും മിനക്കെട്ടു എന്ന എന്റെ മനസ്സിന്റെ ചോദ്യത്തിന് എനിക്കുത്തരം കിട്ടിയില്ല …

അച്ഛന്റെ മരണ ശേഷവും അമ്മ കൂടുതൽ സമയവും എന്നോടൊപ്പം താമസം തുടർന്നു . ഞാൻ അമ്മയുടെ ഒരു കൂട്ടുകാരനായി മാറി . അമ്മയുടെ മുടി മുറിക്കുന്നതും നഖം വെട്ടുന്നതുമൊക്കെ എന്റെ ജോലിയായി .’അമ്മ അത് ആസ്വദിക്കുന്നതായിട്ടും എനിക്ക് തോന്നി.ഒരിക്കൽ കട്ടിലിൽകിടക്കുന്ന അമ്മയുടെ കാലിലെ നഖം വെട്ടുകയായിരുന്നു ഞാൻ . ‘അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നത് പെട്ടന്നാണ് ഞാൻ ശ്രദ്ധിച്ചത് . ഓർക്കാപ്പുറത്തെന്നപോലെ ‘അമ്മ ചോദിച്ചു :

മോനെ, പുനർജന്മം എന്ന് ഒന്നുണ്ടോ ?

എന്തമ്മേ കാര്യം ?

ഉണ്ടെങ്കിൽ നീ എന്റെ വയറ്റിൽ തന്നെ പിറന്നാൽ മതി …

ഒരു നിമിഷം ഞാൻ ഞെട്ടി . ഞാനോ അമ്മയോ ആ രാത്രി തീരും മുൻപേ മരിച്ചു പോകുമോ എന്നു ഭയന്നു . അതെ സമയം ഒരു മകന് അമ്മയിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമായി ഞാൻ അതിനെ ഉൾക്കൊണ്ടു …

അമ്മ മരിച്ചു കഴിഞ്ഞപ്പോഴും കർക്കിടകവാവ് വന്നു. വർക്കല പാപനാശത്തു പതിവുപോലെ ബലിയിടാൻ പോകാൻ ഏവരും തയ്യാറായി .എന്നാൽ ഞാൻ പിന്തിരിഞ്ഞു .അമ്മയുടെ കയ്യിൽ നിന്നും അപൂർവ്വമായി കിട്ടിയ അനുഗ്രഹം ഉള്ളപ്പോൾ ഇനി ബലി കർമ്മത്തിനു എന്ത് കാര്യം ? ജീവിച്ചിരിക്കുമ്പോൾ മനസ്സറിഞ്ഞു സ്നേഹിക്കാനും പരിചരിക്കാനും കഴിഞ്ഞാൽ പിന്നെ ഒരു തർപ്പണവും ചെയ്യേണ്ടതില്ല എന്ന സന്ദേശമാണ് അമ്മ എനിക്ക് പറഞ്ഞു തന്നത് .അങ്ങിനെയുള്ള കർമ്മം ചെയ്യാതെ മരിച്ചു കഴിഞ്ഞു കടപ്പുറത്തു പോയിരുന്നു തർപ്പണം ചെയ്യാൻ ധൃതി കാണിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല .ആചാരമെന്നോ അനുഷ്ടാനമോ എന്ന നിലയിൽ സന്തോഷം കണ്ടെത്തുന്നവരുടെ വികാരവും ഞാൻ ബഹുമാനിക്കുന്നു …

അപ്പോൾ കോവിഡ് , ഇത്തവണത്തെ തൃശൂർ പൂരം നീ മുടക്കി, ഇപ്പോൾ കർക്കിടക് വാവ് ഇല്ലാതാക്കി ..ഇതിനൊക്കെ ഒരു പരിധിയുണ്ട് .ഈ കൊച്ചുജീവിതത്തിൽ ഞങ്ങളുടെ ചെറിയ സന്തോഷങ്ങളെയാണു നീ ഇല്ലാണ്ടാക്കുന്നത് …ഞങ്ങൾക്ക് റോഡിലൊക്കെ ഇറങ്ങി സ്വന്തം കയ്യും വീശി നെഞ്ചും വിരിച്ചു നടക്കണം .എത്ര നാളായി ഒരു സുഹൃത്തിനു ഹസ്തദാനം ചെയ്‌തിട്ട്‌…..ഒന്ന് കെട്ടിപ്പിടിച്ചിട്ട് …പള്ളിപ്പെരുനാൾ ആഘോഷിച്ചിട്ട് …..ശബരിമലയിലെ കൂട്ട ശരണം വിളി കേട്ടിട്ട് ‘ഇൻക്വിലാബ് സിന്ദാബാദ്’ വിളിച്ചു റോഡൊക്കെ സ്വന്തം അപ്പന്റെ വക പോലെ ചവുട്ടിമെതിച്ചിട്ടു………അടിച്ചു പൂസായി റോഡ് വക്കത്ത് കിടന്നുറങ്ങീട്ട്‌ ….

എന്നാൽ ഇപ്പോൾ എനിക്ക് തോന്നുന്നു , കോവിഡ് , നീ ദൈവത്തിന്റെ അവതാരമാണെന്നു . കാര്യം ശരിയാണ് …ഞങ്ങൾ ‘അറിയാപൈതങ്ങൾ’ കുറച്ചു അപരാധങ്ങൾ ചെയ്തിട്ടുണ്ട് …അർമ്മാദിച്ചിട്ടുണ്ട് …അഹങ്കരിച്ചിട്ടുണ്ട് ….അതിനു ഞങ്ങളെ ശിക്ഷിക്കനായി ദൈവംതമ്പുരാൻ എടുത്ത പുതിയാവതാരമാണ് കോവിഡ് . ലക്ഷങ്ങൾ മരിച്ചു…കോടിക്കണക്കിനാളുകൾ ലോകമെമ്പാടും നിന്റെ വാഹകരായി അലഞ്ഞു തിരിയുന്നു .ജീവിതത്തിൽ ഒരിക്കൽ മാത്രം ഒരുപക്ഷേ സംഭവിക്കുന്ന കല്യാണ വേളയിൽ വരനും വധുവും അരികിൽ ആരോരുമില്ലാതെ സ്വന്തം മുഖം പൊതിഞ്ഞു കെട്ടി നില്ക്കുന്നത് കാണാൻ വയ്യാ കോവിഡ് … ഇഹലോകവാസം വെടിഞ്ഞു പോകുമ്പോഴെങ്കിലും ഉറ്റവരും ഉടയവരുമൊക്കെ വന്നു യാത്ര അയക്കേണ്ടതല്ലേ ? ഇന്നത്തെക്കാലത്ത്. 50 പേര് കൂടി നിന്നാൽ എന്താവാനാ ?

അപ്പോൾ കോവിഡ് ….നീ ഒരു ഒത്തു തീർപ്പിനു സഹകരിച്ചേ പറ്റൂ …വീട്ടിൽ കതകടച്ചിരുന്നു മതിയായി തുടങ്ങി. ഞങ്ങളുടെ ക്ഷമയെ നീ പരീക്ഷിക്കരുത് ..മലയാളിയോട് അധികം കളിച്ചാലുണ്ടല്ലൊ …. ”

Share
Leave a Comment