GeneralLatest NewsMollywood

ഗർഭിണിയായ ഭാര്യയെ കൂട്ടിക്കൊണ്ടുവരാന്‍ കാരവൻ യാത്ര!! ജുബിൽ രാജൻ പി.ദേവ് താണ്ടിയത് 4000 കിലോമീറ്റർ

റിയയുടെ സഹോദരി റീനുവും ഭർത്താവ് ബിനോയിയും ഭക്ഷണവുമായി ഞങ്ങളെ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേരിൽ കണ്ടിട്ട് ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാൻ കഴിയാതെ ഞങ്ങൾക്കു പിരിയേണ്ടി വന്നത് ആദ്യമായിട്ടാണ്

യാത്ര എല്ലാവര്ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്‍ ന ആള്‍ കൊറോണ വ്യാപന ഭീതിയില്‍ രാജ്യം ലോക് ഡൌണില്‍ ആകുമ്പോള്‍ ഈ യാത്ര നടത്തേണ്ടിവന്നാലോ. ഏകദേശം 4000 കിലോമീറ്റർ അങ്ങനെ യാത്ര നടത്തിയിരിക്കുകയാണ് അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ജുബിൽ. ഗർഭിണിയായ ഭാര്യയെ ഗുജറാത്തിൽനിന്നു കൂട്ടിക്കൊണ്ടുവരാനായിരുന്നു ലോക്ഡൗൺ കാലത്തെ ആ കാരവൻ യാത്ര

ജുബിൽ രാജൻ പി.ദേവിന്റെ വാക്കുകള്‍ ഇങ്ങനെ..

ലോക്ഡൗൺ കാലമാണെങ്കിലും 4000 കിലോമീറ്റർ എന്നുകേട്ട് എനിക്കു ഭയപ്പെട്ടു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. എന്റെ ജീവന്റെ നല്ലപാതിക്കു വേണ്ടി ഒന്നുമാലോചിക്കാതെ ഞാനിറങ്ങി. അതെത്ര ദൂരമാണെങ്കിലും പോകാതിരിക്കാനാകില്ലല്ലോ. എന്റെ ഡാഡിച്ചൻ ചെയ്ത ‘മാമല മാമച്ചന്റെ’ സ്‌റ്റൈലിൽ പറഞ്ഞാൽ ഒരു ഒന്നൊന്നര പോക്കങ്ങു പോയി.

അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഭാര്യ റിയയും കുടുംബവും അഹമ്മദാബാദിൽ അവളുടെ വീട്ടിലാണ്. പ്രസവം അവിടെ ഏതെങ്കിലും ആശുപത്രിയിലാക്കാനായിരുന്നു പദ്ധതി. എന്നാൽ, കാര്യങ്ങൾ വളരെ പെട്ടെന്നാണു മാറിമറിഞ്ഞത്. അവിടെ കോവിഡ് കേസുകൾ ദിനംപ്രതി കൂടിവരുന്ന അവസ്ഥ. പുറത്തു വന്നുകൊണ്ടിരുന്ന വാർത്തകൾ എന്നെ ഭയപ്പെടുത്തി. റിയ വല്ലാതെ പേടിക്കുന്നുണ്ടെന്നു മനസ്സിലായി. എങ്ങനെ വിളിച്ചുകൊണ്ടു വരാനാണ്? ട്രെയിൻ ഇല്ല. ഇനി ഞാൻ എങ്ങനെയെങ്കിലും അവിടെ എത്തിയാൽ തിരികെ എങ്ങനെ വരും? അവൾക്ക് ഏഴാം മാസമാണ്. കാറിലുള്ള യാത്രകൾ തീരെ സുരക്ഷിതവുമല്ല. എവിടെയെങ്കിലും തങ്ങേണ്ടി വന്നാൽ അതിനും വഴിയില്ല.

ആലോചിച്ചപ്പോൾ ഒറ്റ വഴി മാത്രമാണു മുന്നിൽ തെളിഞ്ഞത്. ഒരു കാരവൻ കണ്ടെത്തുക. അതിലാകുമ്പോൾ മുറിയും ശുചിമുറിയും ഉണ്ടാകും. പല കാരവനുകൾക്കും സംസ്ഥാനം കടക്കാനുള്ള നിയമപ്രശ്‌നങ്ങൾ തടസ്സമായി. എല്ലായിടത്തുനിന്നും ഒരേ പ്രതികരണം. ഇതിനിടയിൽ ഒരു മറുപടി കിട്ടി: ‘‘ഒരു പ്രശ്‌നവുമില്ല. നീ ധൈര്യമായി വണ്ടി കൊണ്ടുപോകൂ’’– അതു ജയറാമേട്ടൻ ആയിരുന്നു. ഒരു സഹോദരന്റെ കരുതൽ ആ വാക്കുകളിൽ ഞാനറിഞ്ഞു. അടുത്ത ചങ്ങാതി റോയ് ആന്റണിയെയും കൂട്ടിയായിരുന്നു യാത്ര.

നിശ്ശബ്ദമായ വഴികൾ. പോകുന്ന വാഹനങ്ങളെയൊക്കെയും അതിശയത്തോടെ നോക്കുന്ന ആളുകൾ. മിക്കയിടങ്ങളിലും പരിശോധനയുമായി പൊലീസുകാർ. വാളയാർ കടന്ന് ബെംഗളൂരുവിലെത്തി. റിയയുടെ സഹോദരി റീനുവും ഭർത്താവ് ബിനോയിയും ഭക്ഷണവുമായി ഞങ്ങളെ അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. നേരിൽ കണ്ടിട്ട് ഒരു ഷേക്ക് ഹാൻഡ് പോലും കൊടുക്കാൻ കഴിയാതെ ഞങ്ങൾക്കു പിരിയേണ്ടി വന്നത് ആദ്യമായിട്ടാണ്. കൊറോണ നമ്മൾ ഉദ്ദേശിച്ച ആളല്ല എന്നുപറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ശരിക്കും ആദ്യത്തെ പണി കിട്ടുന്നത് പുണെ – മുംബൈ എക്സ്പ്രസ് ഹൈവേയിൽ ആയിരുന്നു. വണ്ടിക്ക് എന്തോ പന്തികേടു തോന്നി നോക്കുമ്പോൾ റേഡിയേറ്റർ പൊട്ടി വെള്ളം ചോരുന്നു. വാകാട് എന്ന സ്ഥലത്തെത്തി വർക്‌ഷോപ് കണ്ടെത്തി. അവിടെ കോവിഡ് പ്രതിസന്ധി രൂക്ഷം. മൂന്നു മണി വരെയേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. ‘‘ചേട്ടൻ വണ്ടി ഇവിടെ ഇട്. നാളെ നോക്കാം’’– മെക്കാനിക്കായ ചെറുപ്പക്കാരൻ തീർത്തു പറഞ്ഞു. എത്ര പറഞ്ഞിട്ടും കാര്യമില്ലെന്നു മനസ്സിലായതോടെ വണ്ടി ഒതുക്കിയിടാനായി പിന്നിലേക്ക് എടുത്തപ്പോൾ, അതാ അടുത്ത പണി; പുറകിലിരുന്ന ഒരു സ്‌കൂട്ടറിൽ വണ്ടി തട്ടി. ഇറങ്ങി നോക്കിയപ്പോൾ സ്‌കൂട്ടറിനു കാര്യമായൊന്നും പറ്റിയിട്ടില്ല.
പക്ഷേ, അപ്പോഴേക്കും എവിടെ നിന്നോ കുറെ ചെറുപ്പക്കാർ ചാടിവീണു. ഇപ്പോൾ തല്ലു വീഴുമെന്ന അവസ്ഥ. ചോദിക്കുന്നതാകട്ടെ, വൻ തുക നഷ്ടപരിഹാരവും. അഭിനയിക്കുക അല്ലാതെ വഴിയില്ലെന്നു കണ്ടതോടെ ഞങ്ങൾ മികച്ച നടന്മാരായി. രണ്ട് പാവം ഡ്രൈവർമാരാണെന്നും മുതലാളിയെ കൂട്ടിക്കൊണ്ടു വരാൻ പോവുകയാണെന്നും ഞങ്ങൾ കരഞ്ഞു. ഭക്ഷണത്തിനു പോലും കാശില്ല ചേട്ടാ എന്നു കൂടി പറഞ്ഞതോടെ തല്ലാൻ വന്നവരുടെ മനസ്സലിഞ്ഞു. രൂക്ഷമായി നോക്കി അവർ അവിടെനിന്നു പോയി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അതാ വീണ്ടും അവർ. വിശന്നിരിക്കണ്ടാ എന്നു പറഞ്ഞുകൊണ്ട് അവർ ഭക്ഷണപ്പൊതി നീട്ടിയപ്പോൾ അഭിനയം മറന്ന് കണ്ണു നിറഞ്ഞു. വണ്ടിയുടെ ബാറ്ററി ചാർജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിത്തന്നു. ടാങ്കിലേക്ക് ആവശ്യമായ വെള്ളവും അവിടെനിന്നു തന്നെ ശേഖരിച്ചു. ആ സ്‌നേഹവും കരുതലും പിന്നീടങ്ങോട്ടുള്ള യാത്രയുടെ ഊർജം തന്നെയായി.
നാലാമത്തെ ദിവസം അഹമ്മദാബാദിലെത്തി. തിരക്കൊഴിഞ്ഞ ആ നഗരം വലിയ അദ്ഭുതമായി. റിയയും അവളുടെ മാതാപിതാക്കളുമൊത്തായിരുന്നു മടക്കയാത്ര. വഴിയിൽ നിർത്തി ഭക്ഷണം പാകം ചെയ്തും രാത്രികാലങ്ങളിൽ വണ്ടി വഴിയരികിൽ നിർത്തിയിട്ടുമൊക്കെയായിരുന്നു മടക്കം. ഗർഭിണിയായ റിയയെ കാണുമ്പോൾ, കാരവനിൽ വൈദ്യുതി ചാർജ് ചെയ്യാനൊക്കെ എല്ലാവരും സൗകര്യങ്ങൾ ഒരുക്കിത്തരും. ലോക്ഡൗണിൽ എല്ലാറ്റിനും താഴു വീണപ്പോൾ മനസ്സുകൾ കൂടുതൽ വിശാലമായി തുറന്നതായി തോന്നി.
എല്ലാ നന്മയും വറ്റിപ്പോയി എന്ന് ഇനി പരിദേവനം പറയാൻ എനിക്കാവില്ല. റിയ ഇപ്പോൾ സുഖമായിരിക്കുന്നു. കുഞ്ഞ് വലുതാകുമ്പോൾ പറയണം; രാജ്യമൊട്ടുക്കുള്ള ഒരുപാടുപേരുടെ നന്മ കൊണ്ടാണ് നീ നീയായിരിക്കുന്നതെന്ന്. ജനിക്കും മുൻപേ നാടിനപ്പുറമുള്ള നന്മകൾ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ ഭാവിയിൽ അഭിമാനിക്കട്ടെ.

shortlink

Post Your Comments


Back to top button