
മലയാള സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയാണ് കുഞ്ചാക്കോ ബോബന് എന്ന നടന് പ്രേക്ഷകരുടെ പ്രിയങ്കരനായത്. കുഞ്ചാക്കോ ബോബന് നായകനായ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ താരത്തിനോട് വലിയ ഒരു ബ്രേക്ക് നിര്‍ദേശിച്ചത് അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയയായിരുന്നു. പരിധിവിട്ടു സിനിമകള്‍ ചെയ്യേണ്ടന്ന ഭാര്യയുടെ അഭിപ്രായം മാനിച്ച് തനിക്ക് ചില മികച്ച സിനിമകള്‍ അന്ന് നഷ്ടമായിരുന്നുവെന്നും കുഞ്ചാക്കോ ബോബന് പറയുന്നു.
“സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കണമെന്ന ഭാര്യയുടെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥതയുടെ അംശമുണ്ടോ എന്ന് ഞാന്‍ ഒരിക്കലും ഓപ്പണ്‍ ആയി ചോദിച്ചിട്ടില്ല. ഞാന്‍ ഒരു പരിധിയില്‍ കൂടുതല്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഭാര്യക്ക് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമായിരുന്നു. എനിക്ക് വന്നിട്ടുള്ള ചില നല്ല സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് ലാല്‍ ജോസിന്റെ ‘ക്ലാസ്മേറ്റ്സ്’, ബി ഉണ്ണികൃഷ്ണന്റെ ‘മാടമ്പി’ പോലെയുള്ള സിനിമകള്‍. അങ്ങനെയുള്ള സിനിമകളില്‍ അവസരം കിട്ടിയിട്ടും എനിക്ക് ചെയ്യാന്‍ കഴിയാതെ പോയി. അത്തരം സിനിമകള്‍ ചെയ്യാന്‍ കഴിയാതെ പോയതിന്റെ ഉത്തരവാദിത്വം എന്റെ ഭാര്യക്ക് ഏറ്റെടുക്കേണ്ടി വരികയും ചെയ്തു. ആളുകള്‍ എപ്പോഴും പ്രിയ കാരണമാണ് ഞാന്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് പറയുമ്പോള്‍ അത് ആള്ക്കാര് എന്നെ എത്രത്തോളം ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കിയപ്പോഴാണ് ഞാന്‍ സിനിമയില്‍ ഒരു രണ്ടാംവരവ് നടത്തിയത്”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments