ബോളിവുഡ് താരം സുശാന്ത് സിങ് രജ്പൂത്തിന്റെ ആത്മഹത്യയില്‍ സുഹൃത്തുകള്‍ക്കെതിരെ കടുത്ത വിമര്‍ശനം പങ്കുവച്ച് ടെലിവിഷന്‍ താരം തരുണ്‍ ഖന്ന. കോടികള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യുകയും പ്രശസ്തിയുടെയും വിജയങ്ങളുടെയും നെറുകയില്‍ നിന്നിരുന്ന സുശാന്ത് വിഷാദരോഗത്തില്‍ ആയിരുന്നുവെന്നും ആത്മഹത്യ ചെയ്തെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്ന് തരുണ്‍ ഖന്ന പറഞ്ഞു. സുശാന്തിന്റേതു പോലുള്ള മരണം സംഭവിച്ചത് ബോളിവുഡിലെ യുവതാരങ്ങളായ രണ്‍ബീര്‍ കപൂറിനോ രണ്‍വീര്‍ സിങ്ങിനോ വരുണ്‍ ധവാനോ ആയിരുന്നെങ്കില്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിടുമായിരുന്നില്ലേ എന്ന് തരുണ്‍ ഖന്ന വിമര്‍ശിച്ചു.
സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ ബോളിവുഡിലെ വമ്പന്മാര്ക്കെതിരെ തരുണ്‍ വിമര്‍ശനം ഉന്നയിച്ചത്. ”വിഷാദരോഗം മൂലമാണ് സുശാന്ത് ആത്മഹത്യ ചെയ്തതെന്ന് എല്ലാവരും ആവര്‍ത്തിച്ചു പറയുന്നു. പവിത്ര് രിശ്താ പോലെയൊരു ഹിറ്റ് സീരിയലില്‍ വേഷമിട്ട സുശാന്ത് വിഷാദവാനായിരുന്നോ? കായ് പോ ഛേ, എം.എസ് ധോണി തുടങ്ങിയ മികച്ച സിനിമകളില്‍ അഭിനയിച്ച സുശാന്ത് എങ്ങനെയാണ് വിഷാദരോഗി ആകുക? ദില്‍ ബേചാര എന്ന തന്റെ ആദ്യ സിനിമയില്‍ മുംബൈയിലെ തന്നെ പ്രധാന കാസ്റ്റിങ് കോൾ ഡയറക്ടർ മുകേഷ് ഛബ്ര നായകനാക്കാന്‍ തിരഞ്ഞെടുത്തത് സുശാന്തിനെ ആയിരുന്നു. കാരണം സുശാന്തിന്റെ വലിയൊരു ആരാധകനായിരുന്നു മുകേഷ്. മുൻനിര താരങ്ങൾ പോലും സ്വപ്നം കണ്ടിരുന്ന അവസരമാണ് സുശാന്തിനെ തേടിയെത്തിയത്.’
‘പഠനത്തിലും കരിയറിലും നമ്പർ വൺ ആയി നിന്നിരുന്ന വ്യക്തി. ധോണിയുടെ പോലും വിശ്വാസം നേടിയെടുത്ത് ആ കഥാപാത്രം ചെയ്തു, ദംഗൽ സംവിധായകന്റെ ചിത്രത്തിൽ നായകനായി. ഈ ആളുകളുടെയൊക്കെ വിശ്വാസം തന്റെ പ്രതിഭ കൊണ്ട് നേടിയെടുത്ത ആളാണ് സുശാന്ത്. ആ വ്യക്തി എങ്ങനെയാണ് മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്യുക. സുശാന്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നില്ല. കോടികളാണ് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സുശാന്ത് സംഭാവന നല്‍കിയിരുന്നത്. സിനിമ കുറവായിരുന്നതുകൊണ്ട് സുശാന്ത് വിഷാദരോഗി ആയെന്ന് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കുറെ ജോലി എടുക്കേണ്ടി വരികയും അതനുസരിച്ച് വേതനം ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന ടെലിവിഷന്‍ രംഗത്തു നിന്നാണ് സുശാന്ത് വരുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹം പ്രചോദനമായിരുന്നു. സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട്, തരുണ്‍ ഖന്ന വീഡിയോയില്‍ പറഞ്ഞു.
‘എനിക്ക് സുശാന്തിനെ നേരിട്ട് അറിയില്ല. എന്നാൽ അദ്ദേഹത്തിന്റെ കുറച്ച് സുഹൃത്തുക്കൾ ഉണ്ട്. അതിലൊരാൾ ആണ് സന്ദീപ് സിങ്. അദ്ദേഹം ആദ്യം തന്നെ ബോളിവുഡ് ക്ലീൻചിറ്റ് നൽകി കഴിഞ്ഞു. സുശാന്തിന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നാണ് അദ്ദേഹം അഭിമുഖങ്ങളിൽ പറയുന്നത്. സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തി. ഇവരൊക്കെ എന്താണ് സത്യം പറയാതിരിക്കുന്നത്. നിങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് ഒന്നിച്ച് ജീവിച്ച ആളുകളാണ്. ഇപ്പോൾ അദ്ദേഹം മരിച്ചുകഴിഞ്ഞപ്പോൾ ഒന്നും മിണ്ടാനില്ല. പറയുന്നതില്‍ ഖേദമുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. പക്ഷേ, സുശാന്തിനു സംഭവിച്ചതുപോലെ എന്തെങ്കിലും രണ്വീറിനോ രണ്ബീറിനോ ധവാനോ സംഭവിച്ചിരുന്നെങ്കില്‍ ഈ താരങ്ങള്‍ അന്വേഷണം ആവശ്യപ്പെടുമായിരുന്നല്ലേ?. സുശാന്തിന് ഗോഡ്ഫാദർ ഇല്ല, നിർമാതാവിന്റെ മകനല്ല, അതുകൊണ്ടാണോ അദ്ദേഹത്തെ മറന്നു കളയുന്നത്. തരുണ്‍ ഖന്ന ചോദിക്കുന്നു.
Post Your Comments