GeneralLatest NewsMollywood

ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി; ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ വീടും നഷ്ടപ്പെട്ട ജിജിയുടെ അതിജീവന കഥ

ജിജിയുടെ വീടായിരുന്നു ഒരു ഷോർട് ഫിലിമിനു വേണ്ടി ജോഗി പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടേണ്ടിവന്നത്

മലയാള സിനിമയില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സന്തോഷ് ജോഗി. എന്നാല്‍ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് താരം മരണത്തെ സ്വയം വരിച്ചു. സന്തോഷ്‌ ജോഗിയുടെ മരണത്തോടെ നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങേണ്ടി വന്ന കഥ പങ്കുവച്ചു ഭാര്യ ജിജി ജോഗി.

സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ജിജിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, വീടും നഷ്ടമായതില്‍ നിന്നും ‘സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും അമരക്കാരിയായി മാറിയ ജിജി തന്റെ അതിജീവനത്തിന്റെ കഥ ‘വനിത ഓൺലൈനോട്’ തുറന്നു പറയുന്നു.

”ജോഗി മരിക്കുമ്പോൾ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാനുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി.” ജിജി പറയുന്നു.

ജിജിയുടെ വീടായിരുന്നു ഒരു ഷോർട് ഫിലിമിനു വേണ്ടി ജോഗി പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടേണ്ടിവന്നത്. ”ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്കു മാറി.” ജിജി പങ്കുവച്ചു

”സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി… തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു. ഞങ്ങൾ ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. വീട് പണി തുടങ്ങി ചുവരുകളും വാതിലുകളും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു.” അഭിമുഖത്തില്‍ ജിജി പറഞ്ഞു

shortlink

Post Your Comments


Back to top button