കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ രുദ്രന് എന്ന ഗുണ്ടയുടെ വേഷത്തില്‍ എത്തിയ ഷാനവാസ് കൂടുതല്‍ ജനപ്രീതി നേടിയത് സീതയിലെ ഇന്ദ്രനിലൂടെയാണ്. മലപ്പുറം മഞ്ചേരി സ്വദേശിയായ ഷാനവാസ് പതിമൂന്നാം വയസില്‍ കുടുംബത്തിനായി ഓടിത്തുടങ്ങിയ കഥ മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.
മണ്ണ് കൊണ്ട് ഭിത്തി കെട്ടി, പുല്ലു മേഞ്ഞ വീടായിരുന്നു ആദ്യം ഉണ്ടായിരുന്നത്. ആ വീടിനെക്കുറിച്ചുള്ള നടുക്കുന്ന ഒരോർമ താരം പങ്കുവച്ചു. ”എനിക്ക് ഒൻപതോ പത്തോ വയസ്സുള്ള സമയം. അന്ന് ഉമ്മ ഗർഭിണിയാണ്. അടുപ്പിൽ നിന്നും തീ പടർന്നു വീടിന്റെ പുല്ലുമേൽക്കൂരയ്ക്ക് തീപിടിച്ചു. അന്ന് നാട്ടുകാരെല്ലാം ഓടിവന്നാണ് വെള്ളമൊഴിച്ചു തീയണച്ചത്. പിന്നീട് ഞാൻ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഉപ്പ ഒരു ചെറിയ ഓടിട്ട കെട്ടിടം (അതിനെ വീട് എന്നൊന്നും വിളിക്കാനാകില്ല) വയ്ക്കുന്നത്. പിന്നീട് വർഷങ്ങൾ ആ വീട്ടിലാണ് ഞങ്ങൾ താമസിച്ചത്.
ഉപ്പ ആദ്യം ലോറി ഡ്രൈവറായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയി. ഞാൻ എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ ഉപ്പ ഗൾഫിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. മൃതശരീരം നാട്ടിൽ കൊണ്ടുവരാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല. അങ്ങനെ ഉമ്മയുടെയും പറക്കമുറ്റാത്ത രണ്ടു പെൺകുട്ടികളുടെയും ചുമതല 13 വയസുകാരനായ എന്റെ ചുമലിലായി.” ഷാനവാസ് പറഞ്ഞു.
”പത്താം ക്ളാസ് കഴിഞ്ഞപ്പോൾ മുതൽ പലവിധ ജോലികൾക്ക് പോയിത്തുടങ്ങി. കൂലിപ്പണി, പെയിന്റിങ്, കെട്ടിടംപണി..എന്നിട്ടും ഡിഗ്രി വരെ പഠിച്ചു. ആ സമയത്ത് ഓട്ടോറിക്ഷ ഓടിക്കലും ഉണ്ടായിരുന്നു. അന്നും അഭിനയം ഒരു കടുത്ത മോഹമായി ഉള്ളിലുണ്ട്. ഇടയ്ക്ക് തപാൽ മാർഗം അഭിനയം പഠിക്കാൻ പോയി പറ്റിക്കപ്പെട്ടിട്ടുണ്ട്.” താരം പങ്കുവച്ചു
രണ്ടു സഹോദരിമാരെയും വിവാഹം കഴിപ്പിച്ചു അയച്ചു. ഭാര്യ സുഹാനയും രണ്ടുമക്കളും ഉമ്മയും അടങ്ങുന്ന കുടുംബമാണ് ഷാനവാസിന്റെത്. താരത്തിന്റെ ഉമ്മ കിഡ്നി പേഷ്യന്റാണ്. പൊടിയൊന്നും താങ്ങാൻ പറ്റില്ല. അങ്ങനെ ഞങ്ങൾ പഴയ ഓടിട്ട വീട്ടില്‍ നിന്നും ഒരു വാടകവീട്ടിലേക്ക് താമസം മാറി. ഇപ്പോൾ ആ വീട് പൊളിച്ചു കളഞ്ഞു പുതിയ വീട് പണിയുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് ഷാനവാസ് പറയുന്നു.
Post Your Comments