കോവിഡ് പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമ കരകയറാന്‍ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം അംഗീകരിച്ച് താര സംഘടനയായ അമ്മ. സംഘടനയുടെ നിർവാഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ചു ധാരണയായത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയാറാണെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.
ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മുകേഷ്, ഗണേഷ്, അംഗങ്ങളായ സിദ്ധിഖ്, ആസിഫ് അലി, രചന നാരായണൻകുട്ടി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
എന്നാല്‍ അമ്മയുടെ യോഗം വിവാദത്തില്‍ ആയിരിക്കുകയാണ്. യോഗം നടന്ന ഹോട്ടൽ കണ്ടെയ്ൻമെന്റ് സോണിലായതിനാൽ പൊലീസ് ഇടപെട്ട് യോഗം നിർത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടപ്പിക്കുകയും ചെയ്തു.
കണ്ടെയ്ൻമെന്റ് സോണായ ഹോട്ടലുൾപ്പെടുന്ന ചക്കരപറമ്പ് (46–ാം ഡിവിഷൻ) നിയന്ത്രണം പാലിക്കാതെ യോഗം നടക്കുന്നുവെന്നു ആരോപിച്ചു ഡിവിഷൻ കൗൺസിലർ പി.എം.നസീബയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകര്‍ പ്രതിഷേധവുമായെത്തി ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി. ഹോട്ടൽ കണ്ടെയ്ൻെമന്റ് സോണിനോട് ചേർന്നാണെങ്കിലും ഇതിന്റെ മുൻവശം ദേശീയപാത ബൈപ്പാസിലേക്കാണ്.
Post Your Comments