നീപാ എന്ന വൈറസിനെ തുടക്കത്തിലെ പിടിച്ച് കെട്ടിയ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രാധാന്യത്തെ തുടച്ച് നീക്കിയവര്‍ ഇടത്പക്ഷ മുഖമുടിക്കുള്ളില്‍ ഇരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവര്‍ത്തനമാണെന്ന് പറയാന്‍ ജനാധിപത്യ ബോധം അനുവദിക്കുന്നില്ലെന്ന വിമര്‍ശനവുമായി നടന് ഹരീഷ് പേരടി. അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മള് ഇത് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറയുന്നു. വിദേശ ശക്തികള്‍ക്ക് നേരെ പോരാടിയ വാരിയംകുന്നന് എന്ന ധീരനായ പോരാളിക്ക് മറ്റൊരു രാഷ്ട്രീയമുഖം ഉണ്ടാക്കിയെടുത്താല്‍ അതിനെ ഒളിച്ച് കടത്തല്‍ എന്ന് തന്നെ പറയേണ്ടിവരുമെന്നും ഹരീഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍
അഭിമന്യുവിനെ ഇസ്ലാമിക തീവ്രവാദികള്‍ വെട്ടികൊന്ന ഈ ദിവസം തന്നെയാണ് നമ്മള് ഇത് ചര്‍ച്ച ചെയ്യേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു… നീപാ കേരളത്തില്‍ വന്നതിന്റെയും യഥാര്‍ത്ഥ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച വൈറസ് എന്ന സിനിമയില്‍ ഡോകടര്‍ അനൂപ് സലീമായി മാറുകയും മതപരമായ അഭിവാദ്യങ്ങള്‍ രേഖപ്പെടുത്തുകയും, ആരോഗ്യ മന്ത്രിയെ ഒന്നും മിണ്ടാത്ത പാവയായി മാറ്റുകയും, സര്‍ക്കാറിന്റെ നെടും തൂണായ മുഖ്യമന്ത്രിയെ എവിടെയും പരാമര്‍ശിക്കാതിരിക്കയും അങ്ങിനെ നീപാ എന്ന വൈറസിനെ തുടക്കത്തിലെ പിടിച്ച് കെട്ടിയ ജനകിയ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രാധാന്യത്തെ ചരിത്രത്തില്‍ നിന്ന് പൂര്‍ണമായും തുടച്ച് നീക്കപ്പെടുകയും ചെയ്തവര്‍ ഒരു ഇടത്പക്ഷ മുഖമുടിക്കുള്ളില്‍ ഇരുന്ന് നടത്തുന്നത് നിഷ്കളങ്കമായ കലാപ്രവര്‍ത്തനമാണെന്ന് പറയാന്‍ എന്റെ ജനാധിപത്യ ബോധം അനുവദിക്കുന്നില്ല.. കാരണം സിനിമ എന്ന കല നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള തലമുറകളുടെയും റഫറന്‍സായി അവശേഷിക്കും..അതുകൊണ്ട്തന്നെ തിരക്കഥാകൃത്ത് തല്കാലം മാറി നിന്നാലും തിരക്കഥ അവിടെ അവശേഷിക്കുന്നുണ്ട് എന്നതും അയാള്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വരാനുള്ള വഴി അവിടെ തുറന്ന് കിടക്കുന്നുണ്ട് എന്നുള്ളതും ജനാധിപത്യ വിശ്വാസികളില്‍ വലിയ ആശങ്കതന്നെയാണ്..വിദേശ ശക്തികള്‍ക്ക് നേരെ പോരാടിയ വാരിയംകുന്നന് എന്ന ധീരനായ പോരാളിക്ക് മറ്റൊരു രാഷ്ട്രീയമുഖം ഉണ്ടാക്കിയെടുത്താല്‍ അതിനെ ഒളിച്ച് കടത്തല്‍ എന്ന് തന്നെ പറയേണ്ടിവരും…മലകള്‍കൊണ്ട് നിറഞ്ഞ മലപ്പുറത്തെ പണ്ട് ഒരാള്‍ മലനാട് എന്ന് വിളിക്കുന്നത് യുക്തിക്ക് നിരക്കുന്നതാണ് …മലയാളം ഒരു ഭാഷയെന്ന രീതിയില്‍ അത്രയൊന്നും ഐക്യപ്പെടാത്ത കാലത്ത് മലയാളരാജ്യമെന്ന പേരുപോലും സാമാന്യബുദ്ധിക്ക് ദഹിക്കാത്തതാണ് …സിനിമ നന്നായി ചെയ്യാന്‍ അറിയുന്ന ഒരു സംവിധായകന്റെ സൃഷ്ടിയെ ബോധപൂര്‍വ്വം വഴിതെറ്റിക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്ന് തെളിയിക്കേണ്ടത് ഇനി അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്…
Post Your Comments