മലയാളത്തിന്റെ പ്രിയനടനും തിരക്കഥാക്കൃത്തുമായ ശ്രീനിവാസന്റെ ആക്ഷേപഹാസ്യചിത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സന്ദേശം. രാഷ്ട്രീയ ആക്ഷേപം നിറഞ്ഞു നില്ക്കുന്ന ഈ ചിത്രം ഇന്നും പ്രസക്തമാണ്. സന്ദേശത്തിലെ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്‍ കുമാരപിള്ള സാറിനെ സൃഷ്ടിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസന്.
‘‘കോവിഡിനെ സൃഷ്ടിച്ചത് തീവ്ര മുതലാളിത്ത സാമ്പത്തിക നയങ്ങളാണ് എന്നൊരു പ്രസ്താവന ഇതിനിടയില്‍ കേട്ടു. കോവിഡ് കാലത്തു കേട്ട ഏറ്റവും നല്ല തമാശയായിരുന്നു അത്. പാട്യം എന്ന ചുവന്ന കോട്ടയിലാണ് ഞാൻ ജനിച്ചത്. പാർട്ടിയെ ജീവവായു പോലെ ശ്വസിക്കുന്ന സാധാരണക്കാരാണ് അവിെട. അവർക്ക് പാർട്ടി എന്തു പറയുന്നുവോ അതാണു വേദം. നല്ലവരാണ്. സ്നേഹവും ആത്മാർഥതയും സഹകരണമനോഭാവവും ഉള്ളവര്‍. ചില വൈകുന്നേരങ്ങളിൽ ഞാന്‍ കവലയിൽ പോകും. അവരോടു സംസാരിക്കും. ചിലര്‍ ഒരു വലിയ കാര്യം പോെല എന്നോടു പറയും, ‘ശ്രീനിവാസാ… അറിഞ്ഞില്ലേ അമേരിക്കൻ പ്രസിഡന്റ് ഉടനെ രാജി വയ്ക്കും.
‘അതെയോ… എന്താ കാര്യം?’
‘ഞങ്ങൾ ലോക്കൽ കമ്മിറ്റി കൂടി ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരെ അതിശക്തമായ ഭാഷയിലാണ് കമ്മിറ്റി പ്രതികരിച്ചിട്ടുള്ളത്. രാജി ഉടന്‍ ഉണ്ടാകും.’
നമ്മൾ കരുതും സഖാവ് തമാശ പറയുന്നതാണെന്ന്. അല്ല, അദ്ദേഹം വളരെ സീരിയസായി പറയുന്നതാണ്. ഇങ്ങനെയുള്ള ഒരുപാടു പേരിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് സന്ദേശത്തില്‍ ശങ്കരാടി അവതരിപ്പിച്ച താത്വികാചാര്യന്‍ കുമാരപിള്ള സാറിനെ സൃഷ്ടിക്കുന്നത്’’ വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ കഥാപാത്രസൃഷ്ടിയെക്കുറിച്ച് ശ്രീനിവാസന് ഇത് പങ്കുവച്ചത്.
Post Your Comments