മലയാള സിനിമയിൽ സഹനടനായും വില്ലനായും തിളങ്ങി നിന്ന യുവനടനാണ് കവിരാജ്. ‘നിറം’, ‘കല്യാണ രാമൻ’, ‘രണ്ടാം ഭാവം’, ‘കൊച്ചിരാജാവ്’ കനകസിംഹാസനം, കസിന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം സിനിമയില്‍ അത്ര സജീവമല്ല. നടനില്‍ നിന്നും ആത്മീയതയിലെയ്ക്കുള്ള ഒരു സഞ്ചാരമായിരുന്നു കവിരാജിന്റെ ജീവിതം. മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായി കഴിയുന്ന താരത്തിന്റെ ജീവിത കഥ ഒരു സിനിമാക്കഥപോലെയാണ്. അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിലാണ് കവിരാജ് തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞത്.
ആലപ്പുഴയിൽ സ്റ്റീൽപാത്ര വിൽപന കടയായിരുന്നു കവിരാജിന്റെ പിതാവ് സുബ്രഹ്മണ്യൻ ആചാരി നടത്തിയിരുന്നത്. സ്വർണപ്പണിയും വ്യാപാരവുമൊക്കെയുണ്ടായിരുന്നെങ്കിലും അതെല്ലാം തകർന്ന്, 6 മക്കളെയും കൊണ്ട് ഒന്നുമില്ലായ്മയിലേക്ക് കൂപ്പുകുത്തിയ കുട്ടിക്കാലം. അച്ഛന്‍കാൻസർ ബാധിച്ചു മരിച്ചതോടെ കുടുംബം ദുരിതത്തിലായി. അതോടെ, 10–ാം ക്ലാസിൽ പഠിക്കുമ്പോള്‍ സ്വർണപ്പണി തുടങ്ങേണ്ടിവന്നു. പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാനാവാതെ വന്നതോടെയാണ് നാടുവിട്ട് കോടമ്പാക്കത്തേക്കു പോയി. അത് ജീവിതത്തെ മറ്റൊരു രീതിയല്‍ മാറ്റിമറിച്ചു.
അവിചാരിതമായി കണ്ടുമുട്ടിയ സുഹൃത്തിനൊപ്പം ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിൽ എത്തിപ്പെടുകയും നൃത്തം പഠിക്കുകയും ചെയ്തു. ഒപ്പം ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിച്ചു തുടങ്ങി. കിട്ടുന്ന തുക വീട്ടിലയക്കും. അതിനിടെ സഹോദരിയുടെ ഭർത്താവ് മരിച്ചതോടെ ആ കുടുംബത്തെയും ഒപ്പം കൂട്ടേണ്ടി വന്നു. നിറം ആണ് ശ്രദ്ധേയമായ ആദ്യ ചിത്രം. തുടർന്ന് കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം, കൊച്ചിരാജാവ് തുടങ്ങി ഒട്ടേറെ സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ കിട്ടി. സീരിയലിലും നായകനായും വില്ലനായും തിളങ്ങി. ഇതിനിടെ കൊല്ലം സ്വദേശിനി അനു ജീവിതത്തിലേക്കെത്തി.
എന്നാല്‍ അമ്മയുടെ മരണത്തോടെയാണ് ആത്മീയതയിലേക്കു കൂടുതൽ അടുത്തു. മന്ത്രങ്ങളും മറ്റും പഠിച്ചു തുടങ്ങി. മകൻ ജനിച്ചു കുറച്ചുനാളുകളേ ആയിരുന്നുള്ളൂ അപ്പോൾ. ആത്മീയതയിലേക്കു തിരിഞ്ഞതോടെ ഭാര്യയും വീട്ടുകാരും ആശങ്കയിലായി. അങ്ങനെ അനുവിനെ അവര്‍ കൊണ്ടുപോയതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു. ആ വേദനയില്‍ ഹിമാലയ യാത്ര തുടങ്ങിയത് ജീവിതത്തെ വീണ്ടും മാറ്റിമറിച്ചു. ബദരീനാഥ് ക്ഷേത്രത്തിൽ വച്ചാണ് പുതിയ ജന്മമെടുക്കുകയാണെന്ന തോന്നൽ ഉണ്ടായത്. തിരിച്ചെത്തിയ ഉടൻ ഭാര്യയെ വിളിച്ചു. പതിയെപ്പതിയെ ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. മള്ളിയൂർ ശങ്കരൻ നമ്പൂതിരി നൽകിയ ഭാഗവതം ഇന്നും അമൂല്യസമ്മാനമായി കാത്തു സൂക്ഷിക്കുന്നു. ആലപ്പുഴ മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപം വീടുപണിയുകയും കുടുംബത്തിനൊപ്പം സന്തോഷകരമായി കഴിയുന്നു.
Post Your Comments