GeneralLatest NewsMollywood

ഫോട്ടോ സെഷനുവേണ്ടി ദിലീപിനെയും മഞ്ജുവിനെയും ലോഹിസാര്‍ ചേര്‍ത്ത് നിര്‍ത്തുമ്ബോള്‍, ജീവിതത്തിലേക്കാണ് അവരെ അടുപ്പിച്ചു നിര്‍ത്തിയതെന്നു അന്ന് അവര്‍ക്ക് മനസിലായികാണില്ല!!

ഞാന്‍ കെ. മോഹനേട്ടന്റെ സഹായിയായിരുന്നപ്പോള്‍ ലോഹിസാറിന്റെ തിരക്കഥയില്‍ 10 സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. പല തിരക്കഥകളുടെയും അവസാന ഘട്ടത്തില്‍ ലോഹി സാറിനൊപ്പം ഞാനും ഉണ്ടാകുമായിരുന്നു.

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ലോഹിതദാസ് വിടവാങ്ങിയിട്ട് പതിനൊന്നു വര്‍ഷങ്ങള്‍. ഈ അവസരത്തില്‍ ലോഹിത ദാസിന്റെ മരണത്തില്‍ ഒരു മാസികയില്‍ എഴുതിയ ഒരു അനുശോചന കുറിപ്പ് വീണ്ടും പങ്കുവച്ചു സിദ്ധു പനക്കല്‍.

സിദ്ധുവിന്റെ വാക്കുകളിലൂടെ…

വര്‍ഷം മുന്‍പ് ലോഹി സാര്‍ മരിച്ചപ്പോള്‍ മാസികയില്‍ ഞാന്‍ എഴുതിയ ഒരു അനുശോചന കുറിപ്പ് ഇവിടെ പകര്‍ത്താം. എന്റെ ഫോണ്‍ അടിക്കുന്നു ഞാന്‍ ഫോണ്‍ എടുത്തു. മറുതലക്കല്‍ ലോഹിസാറാണ്‌. ‘സിദ്ധു നമ്മളൊരു സിനിമ ചെയ്യുന്നു. വെറുതെ ഒരു ഭാര്യയുടെ നിര്‍മാതാവ് സലാവുദീന് വേണ്ടിയാണ്. പൃഥ്വിരാരാജ് ആണ് നായകന്‍. ഞാന്‍ സിദ്ധുവിന്റെ പേര് പറഞ്ഞിട്ടുണ്ട് സലാവുദീന്‍ വിളിക്കും’. സന്തോഷം തോന്നി 9 വര്‍ഷത്തിന് ശേഷം ആണ് ഒരു സിനിമ ചെയ്യാന്‍ ലോഹിസാര്‍ എന്നെ വിളിക്കുന്നത്‌.

ഞാന്‍ കെ. മോഹനേട്ടന്റെ സഹായിയായിരുന്നപ്പോള്‍ ലോഹിസാറിന്റെ തിരക്കഥയില്‍ 10 സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. പല തിരക്കഥകളുടെയും അവസാന ഘട്ടത്തില്‍ ലോഹി സാറിനൊപ്പം ഞാനും ഉണ്ടാകുമായിരുന്നു. സാര്‍ പറയുന്ന കാര്യങ്ങള്‍ നിര്‍മാതാവിനെയും സംവിധായകനെയും കണ്‍ട്രോളറെയും അറിയിക്കാനാണ് എന്നെ അവിടെ നിര്‍ത്തുന്നത്. സെല്ഫോണില്ല ഷൊര്‍ണൂര്‍ ഗസ്റ്റ്ഹൗസില്‍ STD യും ഇല്ല.

എഴുത്തിന്റെ ഇടവേളകളില്‍ സാറിനോടൊപ്പം ഞാനും നടക്കാനിറങ്ങും. ഷൊര്‍ണൂരിലെയും ചെറുതുരുത്തിയിലെയും ഇടവഴികള്‍ പലതും താണ്ടി നടത്തം തുടരും. ചെറിയ ചായക്കടകളില്‍ കയറി ഭക്ഷണം കഴിക്കും. നല്ല രുചിയുള്ള നാടന്‍ ഭക്ഷണം കിട്ടുന്ന ചെറിയകടകള്‍ എവിടെയൊക്കെ ഉണ്ടെന്ന് അദ്ദേഹത്തിന് നല്ല തിട്ടമാണ്. പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതില്‍ അസാമാന്യ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. മഞ്ജുവാരിയര്‍, മീരാജാസ്മിന്‍, സംയുക്തവര്‍മ, ഭാമ,ധന്യ,ചിപ്പി, കാവേരി, മോഹന്‍രാജ്, കലാഭവന്‍ മണി, വിനുമോഹന്‍, ശ്രീഹരി ഇനിയും എത്രയോ പേര്‍ ,അദ്ദേഹത്തിന്റെ തിരക്കഥകളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തി. നായികാ പദവിയിലേക്കെത്തി.

പലര്‍ക്കും സിനിമയില്‍ വഴിത്തിരിവാകുന്ന വേഷങ്ങള്‍ നല്‍കി. കണ്ണൂര്‍ താഴെ ചൊവ്വയില്‍ നിന്ന് വന്നെത്തിയ മഞ്ജുവിനെയും ആലുവ ദേശത്തു നിന്ന് വന്ന ദിലീപിനെയും. ഡയറക്ടര്‍ സുന്ദര്‍ദാസിന്റെയും കിരീടം ഉണ്ണിയേട്ടന്റെയും സാന്നിധ്യത്തില്‍ സല്ലാപത്തിന്റെ ഫോട്ടോ സെഷനുവേണ്ടി ലോഹിസാര്‍ ചേര്‍ത്ത്നിര്‍ത്തുമ്ബോള്‍, ജീവിതത്തിലേക്കാണ് അവരെ അടുപ്പിച്ചു നിര്‍ത്തിയതെന്നു ദിലീപിനും മഞ്ജുവിനും അന്ന് മനസിലായികാണില്ല.

അദ്ദേഹം സംവിധാനം ചെയ്ത നാലു സിനിമകള്‍ ഞാന്‍ വര്‍ക്ക്‌ ചെയ്തു. അടുത്ത സിനിമക്ക് വിളിച്ചപ്പോള്‍ മറ്റു രണ്ട് പടങ്ങളുടെ തിരക്കിലായതിനാല്‍ എനിക്ക് പോകാനൊത്തില്ല. പിന്നീടദ്ദേഹം സിനിമ വര്‍ക്ക്‌ ചെയ്യുവാന്‍ എന്നെ വിളിച്ചിട്ടില്ല. ഇടക്ക് ഫോണ്‍ ചെയ്തു ഞാന്‍ ക്ഷേമാന്വേഷണം നടത്തും. നേരില്‍ കാണുമ്ബോള്‍ ഇപ്പോള്‍ സാറിന് നമ്മളെയൊന്നും വേണ്ടാതായി എന്ന് പരിഭവം പറയും. നമുക്ക് ഉടനെ ഒരു പടം ചെയ്യാം എന്ന് സാര്‍ സമാധാനിപ്പിക്കും.

9 വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം ചെയ്യാനിരുന്ന മൂന്ന് സിനിമകളുടെ ചുമതലയാണ് എന്നെ ഏല്പിച്ചത്. ഈ കാര്യങ്ങള്‍ക്കായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒരു മാസം മുന്‍പാണ് അവസാനമായി കണ്ടത്. സല്ലാപത്തിനു ശേഷം സുന്ദര്‍ദാസും ലോഹിസാറും ദിലീപും ഒന്നിക്കുന്ന സിനിമയുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ സുന്ദര്‍ദാസുമൊത്തു ലക്കിടിയിലെ അമരാവതിയിലെത്തി. പൂമുഖത്തെ ചാരുകസേരയില്‍ അദ്ദേഹമുണ്ട്. ഒരു പകല്‍ മുഴുവന്‍ അവിടെ ചിലവഴിച്ചു. വൈകീട്ടിറങ്ങുമ്ബോള്‍ പടിപ്പുരവരെ വന്ന് ചിരിച്ചുകൊണ്ട് ഞങ്ങളെ യാത്രയാക്കി. പടിപ്പുര കടന്നപ്പോള്‍ തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെ നില്പുണ്ട്. ഫോണില്‍ തുടര്‍ന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നു.

ജൂണ്‍ 28 ന് വൈകീട്ട് തൃശൂര്‍ ലുലു സെന്ററില്‍ ഷാജികൈലാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫങ്ഷന്‍. മുഖ്യ അതിഥി ലോഹിതദാസ്. സാറിന് വരാന്‍ വണ്ടി അയക്കണോ എന്നറിയാന്‍ 10. 30 ഓടെ ഞാന്‍ വിളിച്ചു. ഫോണില്‍ കിട്ടിയില്ല. നിമിഷങ്ങള്‍ക്കകം സുന്ദര്‍ദാസിന്റെ വിളിയെത്തി. ഭൂമികീഴ്മേല്‍ മറിയുന്നത് പോലെ സത്യമാവരുതേ എന്ന് പ്രാര്‍ത്ഥിച്ചു. പടത്തിന്റെ ഫങ്ഷന്‍ അദ്ദേഹത്തിന്റെ അനുശോചന യോഗമായി മാറി. നേരെ ലക്കിടിയിലേക്ക്. പൂമുഖത്തു ചാരുകസേരയില്ല. അമരാവതിയുടെ ഗൃഹനാഥന്‍ തെക്കോട്ട് തലവച്ചു ശാന്തനായി ഉറങ്ങുകയാണ്.

ആ ഉറക്കത്തിനു ഭംഗം സംഭവിക്കാതിരിക്കാനെന്നോണം സിന്ധു ചേച്ചിയും മക്കളും തേങ്ങലടക്കിപിടിച്ചു ഉണര്‍ന്നിരിക്കുന്നു. ഉറങ്ങട്ടെ ഏറെ ഇഷ്ടമുള്ള അമരാവതിയിലെ തന്റെ അവസാന രാത്രി അദ്ദേഹം സുഖമായി ഉറങ്ങട്ടെ. പിറ്റേന്ന് ആ ചിത കത്തിതീര്‍ന്നശേഷം അവിടെനിന്നിറങ്ങി. സുന്ദര്‍ദാസും കിരീടം ഉണ്ണിയേട്ടനും കൂടെ ഉണ്ടായിരുന്നു. പടിപ്പുര കടന്നപ്പോള്‍ പതുക്കെ തിരിഞ്ഞു നോക്കി. ഒരു വ്യാമോഹം… ഞങ്ങളെ യാത്രയാക്കാന്‍ ചിരിച്ചുകൊണ്ടദ്ദേഹം പടിപ്പുരയില്‍ നില്പുണ്ടോ..? ഒന്നും വ്യക്തമായില്ല കണ്ണില്‍ നീര്‍വന്ന് നിറഞ്ഞിരുന്നു. എന്റെ ഫോണില്‍ ലോഹിസാറിന്റെ നമ്ബര്‍ ഇപ്പോഴുമുണ്ട്. ഡയല്‍ ചെയ്താല്‍ ആ സത്യം അംഗീകരിക്കേണ്ടി വരും. ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ മറുതലക്കല്‍ അദ്ദേഹം ഉണ്ട്‌ എന്ന വിശ്വസത്തില്‍ ഒരു വിളി ഞാന്‍ ബാക്കി വയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button